Image

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ

Published on 09 December, 2019
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച 12 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 11 പേര്‍ക്കും താന്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. റാണിബെന്നൂരില്‍ നിന്ന് വിജയിച്ച അരുണ്‍ കുമാര്‍ ഒഴികേയുള്ള 11 പേര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. 11 പേര്‍ക്കും നേരത്തെ തന്നെ മന്ത്രിസ്ഥാനം വാഗ്ദാനം നല്കിയിട്ടുള്ളതാണെന്നും യെഡിയൂരപ്പ പറഞ്ഞു.


എന്നാല്‍ അരുണ്‍ കുമാറിന് മന്ത്രിസ്ഥാനം ഉള്‍പ്പടേയുള്ള വാഗ്ദാനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളില്‍ താന്‍ ദില്ലിയിലേക്ക് പോയി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 ല്‍ 12 മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ ഞങ്ങളെ അനുഗ്രഹിച്ചു. കോണ്‍ഗ്രസിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചിരിക്കുകയായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 15 ല്‍ 14 ഇടത്തും പാര്‍ട്ടിമാറിയെത്തിയ മുന്‍ എംഎല്‍എമാരെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇതില്‍ വിജയിച്ച 11 പേര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കുമെന്ന് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്.


എ എച്ച്‌ വിശ്വനാഥും എംടിബി നാഗരാജുമാണ് കൂറുമാറിയെത്തി സ്ഥാനാര്‍ത്ഥികളായവരില്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ എംടിബി നാഗരാജിനെ ഹൊസെകോട്ടയില്‍ ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് പരാജയപ്പെടുത്തിയത്. ഹുനസൂരിലെ ജെഡിഎസിന്‍റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസാണ് എഎച്ച്‌ വിശ്വനാഥിനെ പരജയപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക