Image

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം എന്ന് അവസാനിപ്പിക്കുമെന്ന് സിബിഐ അറിയിക്കണമെന്ന് സുപ്രിംകോടതി

Published on 09 December, 2019
 നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം എന്ന് അവസാനിപ്പിക്കുമെന്ന് സിബിഐ അറിയിക്കണമെന്ന് സുപ്രിംകോടതി

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ അന്വേഷണം എന്ന് അവസാനിക്കുമെന്ന് അറിയിക്കാന്‍ സിബിഐയ്ക്ക് സുപ്രിംകോടതി നിര്‍ദേശം. എസ്‌ഐ കെ എ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിലും അടുത്ത തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്നും സുപ്രികോടതി പറഞ്ഞു.


നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ മുഖ്യപ്രതി എസ് ഐ കെ എ സാബുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്. കേസ് അന്വേഷണം എന്ന് അവസാനിക്കുമെന്ന് കോടതി സിബിഐയോട് ആരാഞ്ഞു.

കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കുമെന്ന് അടുത്ത തിങ്കളാഴ്ച അറിയിക്കണം. സാബുവിന്റെ ജാമ്യത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.


അതേസമയം, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതിപക്ഷം രംഗത്തെത്തി. റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക