Image

ഗണേഷുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന്‌ ഒരവസരം കൂടി: ബാലകൃഷ്‌ണപിള്ള

Published on 13 May, 2012
ഗണേഷുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന്‌ ഒരവസരം കൂടി: ബാലകൃഷ്‌ണപിള്ള
തിരുവനന്തപുരം: മന്ത്രി ഗണേഷുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന്‌ ഒരവസരം കൂടി നല്‍കുമെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള പറഞ്ഞു. പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ കഴിയുമെന്ന്‌ ഇപ്പോഴും വിശ്വസിക്കുന്നതായും അദ്ദേഹം കേരള കോണ്‍ഗ്രസ്‌- ബിയുടെ സെക്രട്ടറിയേറ്റ്‌ യോഗത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഗണേഷിനെതിരേ കടുത്ത നടപടിയിലേക്ക്‌ നീങ്ങും. എംഎല്‍എമാരുടെ എണ്ണം കുറവായതുകൊണ്‌ടാകാം ഗണേഷിനെതിരെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്‌ടി മടിക്കുന്നതെന്ന്‌ ബാലകൃഷ്‌ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ ബിയിലെ അഴിമതിക്കാര്‍ ആരെന്ന്‌ ഗണേഷ്‌ വ്യക്തമാക്കണം. രണ്‌ട്‌ ദിവസത്തിനകം തിരുവനന്തപുരത്ത്‌ ചര്‍ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്‌ടിയും ചെന്നിത്തലയും പി.പി. തങ്കച്ചനും ചേര്‍ന്ന്‌ വനംവകുപ്പ്‌ ഗണേഷിന്‌ മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും ബാലകൃഷ്‌ണപിള്ള ആരോപിച്ചു. നെയ്യാറ്റിന്‍കരയില്‍ തനിക്കൊപ്പം പ്രചാരണത്തിന്‌ ഗണേഷ്‌ ഉണ്ടാകില്ല. പാര്‍ട്ടി ജയിപ്പിച്ച മന്ത്രി പാര്‍ട്ടിക്ക്‌ വിധേയനാകണമെന്നും ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക