Image

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റുകളും സ്വന്തമാക്കി ബിജെപി

Published on 09 December, 2019
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റുകളും സ്വന്തമാക്കി ബിജെപി

ബംഗളൂരു: കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേയ്‌ക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റുകളും സ്വന്തമാക്കി ബിജെപി.

ഇതോടെ തന്‍റെ കസേരയുടെ ഭാവി ഉറപ്പിച്ചിരിക്കുകയാണ്‌ മുഖ്യമന്ത്രി ബി.എസ്‌.യെദ്ദ്യൂരപ്പ. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും സിറ്റിംഗ്‌ സീറ്റുകള്‍ പിടിച്ചെടുത്ത്‌ വിജയിക്കാന്‍ കഴിഞ്ഞത്‌ ബിജെപിയെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്‌.

വിമതരെ പാഠം പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന്‌ കനത്ത പ്രഹരമാണ്‌ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്‌. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകര്‍ന്നടിഞ്ഞു.

ഒരിടത്ത്‌ ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത്‌ കുമാര്‍ ബച്ചെഗൗഡയാണ്‌ ജയിച്ചത്‌. ശിവാജി നഗറിലും ഹുനസുരുവിലുമാണ്‌ കോണ്‍ഗ്രസിന്‌ ജയിക്കാനായത്‌. ശിവാജി നഗര്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ്‌ സീറ്റും ഹുനസുരു ജെഡിഎസിന്‍റെ സിറ്റിംഗ്‌ സീറ്റുമായിരുന്നു.

ഭരണം തുടരാന്‍ വെറും ആറു സീറ്റുകള്‍ മാത്രം വേണ്ടിയിരുന്ന യെദ്ദ്യൂരപ്പ സര്‍ക്കാറിന്‌ പന്ത്രണ്ട്‌ സീറ്റുകളാണ്‌ ലഭിച്ചത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത്‌ പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി പിടച്ചുകയറിയിട്ടുണ്ട്‌.

വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ്‌ താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്ദ്യൂരപ്പയ്‌ക്ക്‌ അനുഗ്രഹമായിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതോടെ ബിജെപിയ്‌ക്ക്‌ ഇപ്പോള്‍ 118 പേരുടെ അംഗബലമായി. നേരത്തെ 106 ആയിരുന്നു. ജയിച്ച 12 പേരെയും കാബിനറ്റ്‌ മന്ത്രിമാരാക്കാനാണ്‌ തീരുമാനമെന്നാണ്‌ സൂചന.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച്‌ മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ്‌ എച്ച്‌.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞതും വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നതും.

17 എംഎല്‍എമാരെയാണ്‌ അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ മാത്രമാണ്‌ നടന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക