Image

വേലിയിറക്കങ്ങള്‍ (സീന ജോസഫ്)

സീന ജോസഫ് Published on 09 December, 2019
വേലിയിറക്കങ്ങള്‍ (സീന ജോസഫ്)
കടല്‍ പിന്‍വാങ്ങി, നിലാവലിഞ്ഞില്ലാതായ്
തിരകള്‍ തലതല്ലിപ്പിണങ്ങിത്തിരിച്ചു പോയ്
തീരം വെറുതെ മിഴിനീട്ടി അരുതെന്നു കെഞ്ചി
തിരികെ നോക്കാതെ കടലിറങ്ങവേ,
നെഞ്ചില്‍ നിറയെ തിണര്‍ത്ത പാടുകള്‍
തിരകോറിയിട്ട മോഹനൊമ്പരങ്ങള്‍...

ധ്യാനനിരതം നനവുണങ്ങാതെ
സാക്ഷിനിന്നു സമുദ്രശിലകള്‍
ഇനിവരില്ലെന്നാരോ പറഞ്ഞെന്ന്
ഇളം കാറ്റ് തേങ്ങിപ്പറഞ്ഞുവോ..?

തിരയുപേക്ഷിച്ച നക്ഷത്ര മീനുകള്‍ 
ശംഖുകള്‍, കക്കകള്‍, മുത്തൊഴിഞ്ഞ ചിപ്പികള്‍,
കടലുരച്ചുമിനുക്കിയ സ്ഫടികച്ചിന്തുകള്‍,
നോവിന്റെ നഖമിറക്കും ചെറു ഞണ്ടുകള്‍,
ആരോ വലിച്ചെറിഞ്ഞൊരു കുപ്പിയില്‍
കാലം മറന്നു പോയൊരു മൗനസന്ദേശം...

ഓര്‍മ്മത്തുണ്ടുകള്‍ വാരി നെഞ്ചോടു ചേര്‍ത്ത്
കാത്തിരിക്കും കാലമുള്ളിടത്തോളമെന്നു തീരം..
കടലതു കേട്ടുകാണണം, ഓളങ്ങള്‍ തുള്ളിത്തുടിച്ചു,
കരിനീല വാരിപ്പുതച്ചു, തിരിഞ്ഞു നോക്കിയില്ലയെങ്കിലും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക