Image

ആദ്യമവര്‍ രാജനെത്തേടി വന്നു, നിങ്ങള്‍ ഈച്ചരവാര്യരല്ലല്ലോ...(എസ് .സുദീപ്)

Published on 07 December, 2019
ആദ്യമവര്‍ രാജനെത്തേടി വന്നു, നിങ്ങള്‍ ഈച്ചരവാര്യരല്ലല്ലോ...(എസ് .സുദീപ്)
രാജന്റെ കാര്യത്തിലും നടന്നത് ഇതു തന്നെയാണ്. അവന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് അന്വേഷിക്കുക എന്ന പ്രക്രിയ പോലും നടന്നില്ല. പിടിച്ചുകൊണ്ടുപോവുക, മര്‍ദ്ദിക്കുക, കൊല്ലുക. ഇത്രയേ ഉണ്ടായുള്ളു.
(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍,
ഈച്ചരവാര്യര്‍)

ഓരോ പൊലീസ് അതിക്രമവും നടക്കുമ്പോള്‍ മാത്രമല്ല, ഓരോ സങ്കടക്കാലത്തും ഈച്ചരവാര്യരുടെ പുസ്തകമെടുത്ത് വീണ്ടും വീണ്ടും വായിക്കും. അല്പം വായിച്ചു കഴിയുമ്പോള്‍ത്തന്നെ കാഴ്ച മങ്ങും.

- കക്കയം ക്യാമ്പ് എന്നു പറയുമ്പോള്‍ തലമുറകള്‍ ലജ്ജിച്ചു തലതാഴ്ത്തുന്നതു ഞാന്‍ കാണുന്നു. ജനാധിപത്യ കേരളത്തിന്റെ കൊടിക്കൂറയില്‍ എക്കാലവും കണ്ണീരില്‍ വിരിഞ്ഞൊരു പൂവ് വിടര്‍ന്നു നില്‍ക്കുമെന്നും ഞാനുറച്ചു വിശ്വസിക്കുന്നു. പലരും പറഞ്ഞുവെങ്കിലും കക്കയം ക്യാമ്പിനെപ്പറ്റി എന്റെ മരണം വരെ എനിക്കു പറയാതിരിക്കാന്‍ വയ്യ. വാര്‍ദ്ധക്യത്തില്‍ സമ്മാനമായി കിട്ടുന്ന അബോധാവസ്ഥയിലും കക്കയം ക്യാമ്പിനെക്കുറിച്ചു തന്നെയാണു ഞാന്‍ പറയുക.

കക്കയം ഡാമില്‍ കെട്ടിത്താഴ്ത്തിയതാണോ പഞ്ചസാരയിട്ടു കത്തിച്ചതാണോ അതോ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്‌സ് ഫാമിലെ പന്നിക്കൂട്ടങ്ങള്‍ക്ക് നിങ്ങളുടെ മകനെ കൊത്തിയരിഞ്ഞിട്ടു നല്‍കിയതാണോ എന്നറിയാതെ മരണം വരെ ഒരേയൊരു മകനു വേണ്ടി നിങ്ങള്‍ക്കു കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ?

- (കക്കയം ക്യാമ്പിനു മുമ്പിലെ) ഏകാന്തമായ കാത്തിരിപ്പിനിടയില്‍ ഒരു കരച്ചില്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവുമുറിയുടെ സുഷിരങ്ങളില്‍ നിന്ന് മകന്റെ 'അച്ഛാ' എന്ന വിളി ഉയരുന്നുണ്ടെന്നു ഞാന്‍ സംശയിച്ചു. കുറേക്കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഒരിക്കല്‍കൂടി ക്യാമ്പിലേയ്ക്കു തിരിഞ്ഞുനോക്കി. ആ പൊലീസുകാരന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. പെട്ടെന്നയാള്‍ കുന്നിലെ പച്ചപ്പിലേയ്ക്കു കണ്ണു തിരിച്ചു.

പക്ഷേ ഈച്ചരവാര്യരുടെ കണ്ണുകള്‍ എന്നും വീടിന്റെ പടിവാതില്‍ക്കലേയ്ക്കു പിടഞ്ഞു നീണ്ടു.

- രാജന്‍ വരുമെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറു കരുതി വയ്ക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണികിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവന്‍ വരുമ്പോള്‍ അവനുവേണ്ടി ചോറ് കരുതിവച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല.

വാര്യരുടെ കാത്തിരിപ്പ് അവസാനിച്ചില്ല. ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളില്‍ പലരും പൊലീസിനെ കണ്ട് വാലാട്ടി.

- പട്ടികള്‍ അകാരണമായി കരയ്ക്കുകയും ഓളിയിടുകയും ചെയ്ത രാത്രികളില്‍ ഉമ്മറവാതില്‍ തുറന്ന് അച്ഛാ എന്ന വിളി ഉയരുന്നുണ്ടോ എന്ന് ഇരുട്ടിലേയ്ക്കു ചെവി കൂര്‍പ്പിച്ച് പലതവണ ഞാന്‍ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേയ്ക്കു വീണു. കുഞ്ഞിമോനേ എന്ന കരച്ചില്‍ എന്റെ നെഞ്ചിലെ ഗദ്ഗദത്തില്‍ കുഴഞ്ഞു. എന്റെ കണ്ണില്‍ നിന്നു കണ്ണീരടരുന്നതും എനിക്കു തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ, രാധ ഇതൊന്നും അറിഞ്ഞുകൂടാ...

കുറ്റം ആരോപിക്കാനും ശിക്ഷ വിധിക്കാനും പൊലീസ് മാത്രം മതിയെങ്കില്‍ കോടതി യെന്തിനാണ്? പക്ഷേ രാജന്റെ മരണമറിയാതെ കടന്നു പോയ രാധ വാരസ്യാര്‍ അങ്ങനെയല്ല ചോദിച്ചത്.

- 'ഞാനൊരു കാര്യം ഏല്പിച്ചാല്‍ ചെയ്യുമോ?'
ചെയ്യാം, ഞാന്‍ മറുപടി നല്‍കി.
അപ്പോള്‍ ചില്ലറത്തുട്ടുകളടങ്ങിയ അവളുടെ സമ്പാദ്യമായ ഒരു കടലാസുമൊതി അവളെന്റെ കൈകളില്‍ വച്ചു.
'ഇതു മോനു നല്‍കണം. നിങ്ങളെ മാത്രമേ എനിക്കു വിശ്വാസമുള്ളു.'
പിന്നെ അവരൊന്നും സംസാരിച്ചില്ല.
മരണത്തിന്റെ തണുപ്പ് അവളെ തൊട്ടു കഴിഞ്ഞിരുന്നു. പിറ്റേന്നു പുലര്‍ച്ചെ ചാരുകസേരയിലിരുന്ന് ഞാനൊന്നു മയങ്ങി. എന്റെ ദുര്‍ബലമായ കൈകളില്‍ രാജന്റെ അമ്മ ഏല്പിച്ച ചില്ലറത്തുട്ടുകളുടെ ഭാരം അപ്പോഴുമുണ്ടായിരുന്നു.

അതിലുമെത്രയോ ഇരട്ടി ഭാരമായിരിക്കണം മരണം വരെ വാര്യര്‍ക്കുണ്ടായിരുന്നിരിക്കുക. രാവിലെ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന നിങ്ങളുടെ മകനെ നക്‌സലൈറ്റെന്നോ മാവോയിസ്റ്റെന്നോ പറഞ്ഞ് പൊലീസ് വെടിവച്ചു കൊല്ലുന്നതോടെ, ഞാനങ്ങനെയായിരുന്നില്ല എന്നു പറയുവാനും തെളിയിക്കുവാനുമായി ഉണ്ടാകേണ്ട ആ മകന്‍ എന്നേയ്ക്കുമായി ഇല്ലാതാകുന്ന ഒരച്ഛന്‍ നിങ്ങളല്ല, വാര്യരാണ്.

- എന്റെ മകനെക്കുറിച്ചു പറയുമ്പോള്‍ എന്റെ വാക്കുകള്‍ വൈകാരികമായ ഒരു വന്‍കാറ്റില്‍പ്പെട്ട് ഇടറിയേക്കാം. എന്റെ കൈകളില്‍ തൂങ്ങി, പിച്ചവച്ച, അച്ഛാ എന്നിടവിട്ടു കൊഞ്ചിയ പിഞ്ചു കുഞ്ഞായിരുന്നു രാജന്‍ എനിക്കെന്നും.

രാജനെ ആരും കേട്ടില്ല. ഇരുഭാഗവും കേള്‍ക്കാത്തതൊന്നുമേ നീതിയല്ല. അനീതിയാണ്. വാര്യരുടെ നേര്‍ത്ത കരച്ചില്‍ നിങ്ങള്‍ കേട്ടിരുന്നോ?

- എന്നെ സംബന്ധിച്ചിടത്തോളം ശരീരത്തില്‍ സൂചി കുത്തിയിറങ്ങുന്നതു പോലുള്ള ഒരുതരം വേദന ഞാനെപ്പോഴും അനുഭവിച്ചിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഞാനവനെ ഓര്‍ക്കും. അപ്പോള്‍ ചോറിറങ്ങില്ല. ഉറങ്ങാന്‍ കിടന്നാല്‍ അവന്റെ ഓര്‍മ്മകള്‍ എന്നെ വലയം ചെയ്യും. കഠിനമായ ചൂടിനാല്‍ കമ്പനം ചെയ്യുന്ന ഒരു കനംകുറഞ്ഞ ലോഹച്ചീളു പോലെ എന്റെ ആത്മാവ് എപ്പോഴും പിടഞ്ഞു.

ഒരാള്‍ കൊലപാതകിയോ മാവോയിസ്റ്റോ ആണെന്നു തീരുമാനിക്കാനും ശിക്ഷ നടപ്പാക്കാനുമുള്ള അധികാരം പൊലീസിനും സമൂഹത്തിനും നല്‍കുന്ന അവസ്ഥ. വാര്യരും അതനുഭവിച്ചു.

- പുറത്തിറങ്ങിയാല്‍ ആളുകള്‍ എന്നെക്കാണുമ്പോള്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങും. അവരുടെ ദൃഷ്ടിയില്‍ ഞാനൊരു നക്‌സലൈറ്റിന്റെ അച്ഛനായിരുന്നു.

സിസ്റ്റം കൊത്തിയരിഞ്ഞ ഒരു മകന്‍ എന്തായിരിക്കും യാത്രയാകും മുമ്പ് ചിന്തിച്ചിരിക്കുക?

- കക്കയം ക്യാമ്പു നടന്നു കാണുന്നതിനിടയില്‍ വൈകാരികമായ എന്തോ ഒന്ന് എന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ജയറാം പടിക്കല്‍ ഇരുന്നിരുന്ന മുറിയില്‍ കസേരയിട്ട് അദ്ദേഹം അവിടെത്തന്നെ ഇരിക്കുന്നുണ്ടെന്നു ഞാന്‍ സങ്കല്പിച്ചു. മുന കൂര്‍പ്പിച്ച ഒരു പെന്‍സില്‍ അദ്ദേഹം കയ്യിലിട്ടു ചുഴറ്റുന്നുണ്ട്.
ഈ മുറിയില്‍ വച്ചാണ് എന്റെ മകന്‍ ഭൂമിയോടു വിടപറഞ്ഞത്. ഏറെ മര്‍ദ്ദനമേറ്റു തളര്‍ന്നു പോയ ആ കുരുന്നു ശരീരം ഈ മുറിയില്‍ വച്ച് അവസാനമായി പിടഞ്ഞു. മരണത്തിന്റെ നിമിഷങ്ങളില്‍ അവനെന്താണ് ഓര്‍മ്മിച്ചിരിക്കുക? ഒരുപക്ഷേ ശപിച്ചിരിക്കണം, ഭൂമിയിലെ എല്ലാ പച്ചപ്പുകളേയും.

ഞാനൊന്നും ചെയ്തിട്ടില്ലെന്ന് ഒരിക്കലെങ്കിലും പറയാന്‍ നമ്മളവനെ ബാക്കി വച്ചില്ല. ആത്മാവില്ലാത്ത വ്യവസ്ഥിതി.

- എവിടെയോവച്ച് ആത്മാവുണ്ടെന്നു ഞാന്‍ വിശ്വസിച്ചു പോകുന്നു. ഏതു കൊടുങ്കാടിന്റെ നിഗൂഢതയിലാണ് ഒരാത്മാവ് പിടഞ്ഞുകൊണ്ടു നിലവിളിക്കുന്നത്? ആത്മാവിനു വഴിയറിയുന്ന കാഴ്ചയുണ്ടെങ്കില്‍ അവനിവിടെവരാം. കുഞ്ഞിമോനേ, നീയെന്താണു വരാത്തത്?

ഒന്നു കാതോര്‍ക്കുക. ഒന്നും പറയാന്‍ ബാക്കിയാവാതെ പോയ ഒരുപാട് ആത്മാക്കളുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?
രാജന്റെ?
ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാറിന്റെ?

പ്രതികളെയൊക്കെ വെടിവച്ചു കൊല്ലാനാണെങ്കില്‍, കേന്ദ്രത്തിലും കേരളത്തിലും ഭരണപക്ഷത്തും പ്രതിപക്ഷത്തും ആരും ബാക്കിയുണ്ടാവില്ല. കുറ്റാരോപിതരില്‍ 'ഗ്വാഗ്വായ്' എന്നു വിളിച്ച പലരുമുണ്ടെന്ന് ഓര്‍ക്കുക.

നമ്പീ, നീ ഞങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയവന്‍. അങ്ങയെ പാക് ചാരനെന്നു പറഞ്ഞ് പൊലീസ് വെടിവച്ചു കൊന്നെങ്കില്‍, രാജ്യദ്രോഹിയെ വെടിവച്ചു കൊന്നെന്നു കൊട്ടിഘോഷിച്ച് ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ആ അവസരം. പൊലീസ് ഭാഷ്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങലാണല്ലോ ഞങ്ങള്‍ക്കു ശീലം.

ആദ്യമവര്‍ രാജനെത്തേടി വന്നു,
നിങ്ങള്‍ ഈച്ചരവാര്യരല്ലല്ലോ...
പിന്നെയവര്‍ ഉദയകുമാറിനെത്തേടി വന്നു,
നിങ്ങള്‍ തങ്കമ്മയല്ലല്ലോ...

രാത്രി ഏറെയായിരിക്കുന്നു.
മകന്‍ തിരിച്ചു വന്നില്ലെന്നോ?
നാലിലൊന്ന് നിങ്ങളുടെ മകനാകാതിരിക്കട്ടെ എന്നു ഞാനാശിക്കുന്നു.

ഇനിയത് നിങ്ങളുടെ മകനാണെങ്കില്‍, നിങ്ങള്‍ എന്നെത്തേടിയെത്തും മുമ്പേ, അവരെന്നെത്തേടിയെത്തിയിരിക്കും.
ഞങ്ങളാരും ബാക്കിയുണ്ടായെന്നു വരില്ല.

Join WhatsApp News
Kuriyan, New York 2019-12-07 19:33:43
ഇതെന്തെര് പറേണ് . ഇവനൊന്നും 'അമ്മ 
പെങ്ങന്മാരില്ലേടെ...രാജനെ താരതമ്യം 
ചെയ്യല്ലേ ചേട്ടാ... ബലാൽസംഗം ചെയ്തു 
ഇരയെ തീ കൊളുത്തി കൊന്നവർ 
നിഷ്ക്കളങ്കരാണോ. എങ്ങനെ ഇങ്ങനെ 
എഴുതാൻ പറ്റുന്നെടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക