Image

വന്‍ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി 14 ഹോള്‍ഡിംഗ്‌സ് യുകെയില്‍ ചരിത്രം രചിക്കുന്നു

Published on 07 December, 2019
വന്‍ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി 14 ഹോള്‍ഡിംഗ്‌സ് യുകെയില്‍ ചരിത്രം രചിക്കുന്നു
ലണ്ടന്‍: ചരിത്രപ്രസിദ്ധമായ സ്‌കോട്ട്‌ലാന്‍ഡ് യാഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന് യുകെയില്‍ 300 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപമായി. ചരിത്രമുറങ്ങുന്ന ഈ മന്ദിരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് നടത്തപ്പെട്ടു.

അത്യാധുനിക ശൈലിയില്‍ നവീകരിച്ച സ്‌കോട്ട്‌ലാന്‍ഡ് യാഡ് ഡിസംബര്‍ 9 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുക. 2015ല്‍ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വന്റി 14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത്. അതിനുശേഷം 512 കോടി രൂപ ചെലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ട്വന്റി 14 ഹോള്‍ഡിംഗ്‌സ് പൂര്‍ത്തിയാക്കിയത്. ഇതിനൊപ്പം എഡിന്‍ബര്‍ഗിലെ വാള്‍ഡ്‌റോഫ് അസ്‌റ്റോറിയ ദി കാലിഡോണിയന്‍ 2018 ലും ട്വന്റി 14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കി.

വെസ്റ്റ് മിനിസ്റ്ററില്‍ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്ട്‌ലാന്‍ഡ് യാഡ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടല്‍ ഹയാത്ത് ബ്രാന്‍ഡിന്േറതാണ്. 1910ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയല്‍ പോലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച ഹോട്ടല്‍ ചാള്‍സ് ഡിക്കിന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടിയിട്ടുണ്ട്. തുഡോര്‍ കാലഘട്ടത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് സന്ദര്‍ശിക്കുന്ന രാജാക്കന്‍മാരുടെ താമസകേന്ദ്രമായും യാഡ് പ്രവര്‍ത്തിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക