Image

തെലങ്കാന പൊലീസിന് കയ്യടിക്കുന്നവര്‍ ഇത് കൂടി വായിക്കണം

Published on 07 December, 2019
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവര്‍ ഇത് കൂടി  വായിക്കണം

തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല. ബാക്കിയുള്ളവരോടാണ്.

എന്തിനാണ് നമ്മുടെ സുഹൃത്തുക്കള്‍ തെലങ്കാന പൊലീസിന് കൈയടിക്കുന്നത് എന്നറിയേണ്ടേ? അവര്‍ ഒരൊന്നൊന്നര പൊലീസാണ്.

ഇതുവരെ കിട്ടുന്ന വിവരങ്ങള്‍ വച്ച് സംഭവങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

ആറു മണിയ്ക്ക് ടോള്‍ പ്ലാസയ്ക്കു സമീപം സ്‌കൂട്ടര്‍ വച്ചിട്ട് പോയ ഡോക്ടര്‍ ഒന്‍പതുമണിയ്ക്ക് തിരിച്ചു വരുന്നു. ടയര്‍ പഞ്ചറായതു കാണുന്നു; ലോറിയിലെ ആളുകളെ കാണുന്ന ഡോക്ടര്‍ ഭയപ്പെടുന്നു;

9.22 നു സഹോദരിയെ വിളിക്കുന്നു. ആളുകളുടെ പെരുമാറ്റം പേടിയുണ്ടാക്കുന്നു; തന്നോടുസംസാരിച്ചുകൊണ്ടിരിക്കണം എന്ന് പറയുന്നു.

9.44 നു സഹോദരി തിരിച്ചു വിളിക്കുന്നു. ഫോണ്‍ ഓഫ്. സഹോദരിയുടെ മൊഴിപ്രകാരം അവരുംസഹപ്രവര്‍ത്തകരും അര മണിക്കൂറിനകം ടോള്‍ പ്ലാസയിലെത്തുന്നു. എന്നുവച്ചാല്‍ 10.14
ആളെ കാണാത്തതുകൊണ്ട് പത്തുമിനിറ്റ് അകലെയുള്ള വിമാനത്താവള പോലീസ് സ്റ്റേഷനില്‍ എത്തുന്നു. സമയം ഏകദേശം 10.30

ടോള്‍ പ്ലാസ തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും ഷംഷാബാദ് സ്റ്റേഷന്‍ പരിധിയിലാണെന്നും അവര്‍ പറയുന്നു. അവര്‍ അങ്ങോട്ട് പോകുന്നു. അതും പത്തുമിനിറ്റ് ദൂരം.

അവിടെയും അധികാര പരിധിയിന്മേലുള്ള തര്‍ക്കം തുടരുന്നു. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കാം എന്ന് പോലീസ് പറയുന്നു. പലതരം തര്‍ക്കങ്ങള്‍ക്കുശേഷം, പോലീസ് റെക്കോര്ഡുപ്രകാരം തന്നെ പിറ്റേദിവസം വെളുപ്പിന് 3.10-നു മാന്‍ മിസ്സിംഗ് പരാതി രജിസ്റ്റര്‍ ചെയ്യുന്നു, അന്വേഷണം തുടങ്ങുന്നു; ഏഴുമണിയോടെ കത്തിയ ദേഹം കണ്ടു എന്ന റിപ്പോര്‍ട്ട് കിട്ടുന്നു, അത് പെണ്കുട്ടിയുടേത് എന്നുറപ്പിക്കുന്നു.
---
ഇനി എന്താണ് അപ്പോള്‍ സംഭവിച്ചത്?

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പെണ്‍കുട്ടി കൊല്ലപ്പെടുന്നത് ബലാല്‌സംഗത്തിനിടയിലല്ല. അതിനുശേഷം ബോധം വന്നപ്പോള്‍ അവള്‍ നിലവിളിച്ചു അപ്പോഴാണ് അവളെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്

പ്രതികള്‍ക്കെതിരെയുള്ള പോലീസിന്റെ ഏറ്റവും വലിയ തെളിവ് പ്രതികള്‍ പല പെട്രോള്‍ പമ്പുകളില്‍നിന്നും പെട്രോള്‍ വാങ്ങി എന്നതാണ്.

അതിനര്‍ത്ഥം, പെണ്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍, ക്രിമിനലുകള്‍ അവളെ കൊല്ലാന്‍ പെട്രോള്‍ തപ്പി നടന്നപ്പോള്‍, അവളുടെ ജീവനുവേണ്ടി സഹോദരി കെഞ്ചിക്കൊണ്ടിരുന്നപ്പോള്‍ പോലീസുകാര്‍ അധികാര പരിധി തപ്പിക്കളിക്കുകയിരുന്നു; അവളുടെ സഹോദരിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയായിരുന്നു; അവള്‍ ആര്‍ക്കെങ്കിലും ഒപ്പം ഓടിപ്പോയെന്നു തീര്‍പ്പാക്കുകയായിരുന്നു.

ഈ സംഭവത്തിനുശേഷം കൃത്യവിലോപം കാണിച്ചതിന് മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം പരാതി കിട്ടിയാല്‍ അധികാര പരിധി നോക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നു സൈബറാബാദ് പോലീസ് കംമീഷണര്‍ നിര്‍ദ്ദേഹം കൊടുത്തിട്ടുണ്ട്. ഏതു കംമീഷണര്‍? ഇന്ന് വെടിവെച്ചുകൊന്നതിനു നമ്മുടെ സുഹൃത്തുക്കള്‍ ആഘോഷിക്കുന്ന അതെ കമ്മീഷണര്‍.

ഇപ്പോള്‍ മനസിലായില്ലേ ആര്ക്കാണ് ഇവര്‍ കൈയടിക്കുന്നതെന്നു?

തന്റെസഹോദരിയെ കാണാനില്ലെന്ന് പറഞ്ഞു ഒരു പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തികഴിഞ്ഞിട്ടു അഞ്ചുമണിക്കൂറോളം ഒന്നും ചെയ്യാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അവളെ ക്രിമിനലുകള്‍ക്കും ക്രൂരവും ദയനീയവുമായ മരണത്തിനു വിട്ടുകൊടുത്ത പോലീസിനാണ് നമ്മുടെ സുഹൃത്തുക്കള്‍ കൈയടിക്കുന്നത്.

കൈയില്‍ കിട്ടിയ പ്രതികള്‍ക്കെതിരെ പ്രൊഫഷണല്‍ മികവുപയോഗിച്ച് കേസ് അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത പോലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകള്‍ക്കാണ് അവര്‍ക്കു പോന്നവര്‍ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്.

രാവിലെ മൂന്നുമണിക്ക് സ്ഥലത്തുകൊണ്ടുപോയ പ്രതികള്‍ക്ക് തട്ടിപ്പറിക്കാന്‍ പാകത്തില്‍ മാത്രം തോക്കു പിടിക്കാന്‍ അറിയാമെന്നു നമ്മളെ വിശ്വിപ്പിക്കാന്‍ മാത്രം ദയനീയമായ കഥയുണ്ടാക്കുന്ന ചകിരിത്തലകള്‍ക്കാണ് കൈയടി.

ഈ കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിത്തുടങ്ങുകയും താനൊക്കെ എന്തിനാണ് തൊപ്പിയും കുപ്പായവും വടിയും വാഹനവുമായി നടക്കുന്നത് എന്ന് ഒരുവിധം ബുദ്ധിയുള്ള മനുഷ്യര്‍ താമസിയാതെ ചോദിക്കുകയും ചെയ്യുമെന്ന് അവര്‍ക്കറിയാം. ആ ചോദ്യം ഒഴിവാക്കാന്‍ കണ്ടുപിടിച്ച എളുപ്പവഴിയാണ് ഈ കൊലപാതകങ്ങള്‍ എന്നറിയാന്‍ അരിയാഹാരം കഴിക്കണം എന്നുപോലും നിര്ബന്ധമില്ല.

ഒരു ക്രൈം തടയാന്‍ പറ്റാതിരുന്ന, നടന്നുകഴിഞ്ഞപ്പോള്‍ അതിലെ പ്രതികളെ നിയമത്തിനകത്തുനിന്നു കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണല്‍ മികവോ നിയമത്തോടുള്ള കൂറോ ഇല്ലാത്ത കൂറ പൊലീസിന് പിന്നെ എളുപ്പവഴി അവരെ തട്ടിക്കളയുകയാണ്. അത്രയും ബുദ്ധി അവര്‍ക്കുണ്ടെന്നു സമ്മതിക്കാന്‍ ഞാന്‍ തയ്യാറാണ്; അവര്‍ക്കു കൈയടിക്കുന്നവര്ക്ക് അതുണ്ടെന്നു കൊന്നാലും സമ്മതിക്കില്ലെങ്കിലും.
----
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരിലധികവും 'നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാര്‍...' ആണ് പോലും.

സാധാരണക്കാരെ, നീതിന്യായവ്യവസ്ഥയില്‍ നിങ്ങള്ക്ക് ശരിക്കും വിശ്വാസം നഷ്ടപ്പെട്ടോ? അപ്പോള്‍ നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ നിങ്ങള്‍ പ്രൈവറ്റ് സെക്യൂരിറ്റിയെ ആണോ വിളിക്കുക? നിങ്ങളുടെ മകളും ഭാര്യയും സിനിമ കാണാന്‍ പോകുമ്പോള്‍ ആരെ വിശ്വസിച്ചാണ് നിങ്ങള്‍ വീട്ടില്‍ ഇരിക്കുക, വഴിയിലുള്ള പോലീസുകാരനെയോ അതോ നിങ്ങള്‍ കാവല്‍ ഏല്പിച്ചുവിട്ട പ്രൈവറ്റ് സെക്യൂരിറ്റിയെയോ? നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് നിങ്ങള്‍ പറയുന്നത്. അപ്പോള്‍ നിങ്ങള്‍ വോട്ടു ചെയ്യുന്നത് നിര്‍ത്തിയോ? നിങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നത് ബാങ്ക് തന്നില്ലെങ്കില്‍ ഗുണ്ടയെ വിട്ടു വാങ്ങാം എന്ന ധാരണയിലാണോ? നിങ്ങളുടെ മകളെ ദൂരേയ്ക്ക് ബസില്‍കയറ്റിവിടുന്നത് സെക്യൂരിറ്റി ഗാര്‍ഡിനൊപ്പമാണോ? നിങ്ങളാരോടാണ് നുണ പറയുന്നത്?

സാധാരണക്കാരെ, നിങ്ങള്‍ക്കൊരാവശ്യം വന്നാല്‍ നിങ്ങളെ സഹായിക്കാന്‍ ഈ നീതിനായവ്യവസ്ഥയെ കാണൂ. അസാധാരണക്കാരനു അതിന്റെ ആവശ്യമില്ല. അവന്‍ കാശുകൊടുത്തുനീതിവാങ്ങിക്കൊള്ളും, പ്രൈവറ്റ് സെക്യൂരിറ്റി കാവലുള്ള അവന്റെ വീട്ടില്‍ ഒരു കള്ളനും കയറില്ല; വലിയ കാറില്‍ ഡ്രൈവറോടും ചിലപ്പോള്‍ പ്രൈവറ്റ് സെക്യൂരിറ്റിയോടും കൂടി പോകുന്ന അവന്റെ ഭാര്യയെയോ മകളെയോ ഒരുത്തനും നോക്കില്ല; നോക്കുന്നിടത്തല്ല അവരുടെ ഷോപ്പിംഗ്, സിനിമയും.

ഈ നീതിന്യായവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടത് എന്ന ഒരു വാദവും എനിക്കില്ല. ഒരു പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതി കിട്ടിയാല്‍ അതിനു പിറകെ പോകാന്‍ കഴിയാത്തതും, ബലാല്‍സംഗം തടയാന്‍ കഴിയാത്തതും, ബലാല്‍സംഗിയെയും കൊലപാതകിയേയും പിടിക്കാനും തക്ക സമയത്തു ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയാത്തതും ഇതിന്റെ പോരായ്മയാണ്. ആ പോരായ്മയുടെ അറ്റമാണ് കൈയില്‍ കിട്ടിയവനെ വെടിവെച്ചുകൊല്ലുന്നത് എന്നുമാത്രമേ എനിക്ക് വാദമുള്ളൂ.

അതുകൊണ്ടു സിസ്റ്റത്തില്‍ വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ സിസ്റ്റം നന്നാകണം എന്നാണ് ആവശ്യപ്പെടേണ്ടത്; സിസ്റ്റം കൊണ്ടുനടക്കുന്നവരെയാണ് വിചാരണ ചെയ്യേണ്ടത്; അല്ലാതെ സിസ്റ്റത്തിനപ്പുറത്തേക്കു നോക്കുകയല്ല വേണ്ടത്. സിസ്റ്റത്തെ വിലയ്ക്ക് വാങ്ങാന്‍ പറ്റുന്നവരോട്, സിസ്റ്റം പൊളിഞ്ഞാല്‍ വേറെയുണ്ടാക്കാന്‍ പാങ്ങുള്ളവരോട്, സിസ്റ്റം പുല്ലായവരോട് ഞാന്‍ ഇത് പറയില്ല. വിജയ് മല്യ മുതല്‍ കൈലാസ സ്വാമി മുതല്‍ ശ്രീറാം വെങ്കിട്ടരാമന്‍ വരെയുള്ളവര്‍ക്കു ഇത് ബാധകമല്ല. ഇത് അവെരെപ്പോലെയുള്ളവര്‍ക്കു ആഘോഷ നിമിഷമാണ്. സാധാരണക്കാരന് സിസ്റ്റത്തില്‍ വിശ്വാസം നഷ്ടപ്പെടുകയും അവരതിനെ വെറുത്തുതുടങ്ങുകയും ചെയ്യുന്നത് അവരുടെ വലിയ വിജയത്തിന്റെ തുടക്കമാണ്; കാരണം എന്നെങ്കിലും അവരെ പൂട്ടാന്‍ ആകുന്നത് ഇപ്പോള്‍ സാധാരണക്കാരന് വിശ്വാസമില്ല എന്നുപറഞ്ഞു പുച്ചിക്കുന്ന ഈ നീതിന്യായവ്യവസ്ഥയ്ക്കാണ്; അത് നന്നാകുന്ന കാലത്തു.. അങ്ങിനെയൊരവസ്ഥ വരില്ലെങ്കില്‍ പിന്നെ അവര്‍ക്കു അര്‍മാദിക്കാന്‍ വേറെ കാരണം വേണ്ടല്ലോ.

അതുകൊണ്ടു നമ്മള്‍ നില്‍ക്കേണ്ടത് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറയുന്ന നുണയന്മാരോ മരത്തലയന്മാരോ ആയ മനുഷ്യര്‍ക്കൊപ്പമല്ല; നീതി നടത്തിത്തരാന്‍ നിങ്ങള്‍ക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെണ്കുട്ടികള്‍ക്കൊപ്പമാണ്; ആശാറാം ബാപ്പുവിനെയും രാം റഹീം സിങ്ങിനെയും അഴിയെണ്ണിച്ച മാതാപിതാക്കളുടെ ഇച്ഛാശക്തിയ്ക്ക് പിറകിലാണ്, വികാസ് യാദവിനെയും വിശാല്‍ യാദവിനെയും ജീവിതത്തിന്റെ നല്ലകാലത്തു ഇനിയൊരിക്കല്‍ ആകാശം കാണാന്‍ സാധിക്കാത്തവിധം തടവറയില്‍ ബന്ധിച്ച നിര്ഭാഗ്യവതിയായ ഒരമ്മയ്ക്കൊപ്പമാണ്. മറ്റൊരാള്‍ക്ക് ഇങ്ങിനെയൊരനുഭവം വരരുത് എന്ന നിര്‍ബന്ധത്തില്‍ പോരാടാനിറങ്ങിയ ഒരായിരം സാധാരണക്കാര്‍ക്കൊപ്പമാണ്.

അതാണ് നമുക്കുവേണ്ടിയും നമ്മുടെ മക്കള്‍ക്കുവേണ്ടിയും നമ്മള്‍ക്കു ചെയ്യാനാവുന്നത്.

കാരണം നമുക്ക് ഈ നീതിന്യായവ്യവസ്ഥയല്ലാതെ ആശ്രയിക്കാന്‍ മറ്റൊന്നില്ല, നന്നാക്കാനും.
Join WhatsApp News
VJ Kumr 2019-12-07 09:56:24
You wants the Police to keep silence and allow the
criminals attack with fire arms on to Police???
You must think that Police also have home, family
and "human beings" too. So protect the life of Police
is the duty/responsibility of the Police too.
Dileep case 2019-12-07 12:12:48
നടൻ ദിലീപിനെതിരെയുള്ള കേസ് മറക്കരുത് . ദിലീപിന് വേണ്ടി നടിയെ ഉപദ്രവിച്ചു എന്നാണു കേസ്.
josecheripuram 2019-12-07 19:27:42
Is there any value of poor human beings life in India?
sujith 2019-12-07 19:56:04
ഊമക്കത്തു പോലെയുള്ള ഈ ലേഖനത്തിനു മറുപടി അർഹിക്കുന്നില്ല. എങ്കിലും പോലീസിനെ വാരാൻ കണക്കുകൾ ഉദ്ധരിച്ചു വേറിട്ട ബുദ്ധിജീവി ചമയുന്ന നിങ്ങൾ ഓർക്കുക നീതിന്യായ വ്യവസ്ഥയിൽ ജനത്തിനു വിശ്വാസം തീർത്തും ഇല്ലാ എന്നുള്ളതു കൊണ്ടാണ് പോലീസ് നടപടിയെ അംഗീകരിക്കുന്നത്. തുടർന്ന് വായിക്കുക താഴെ കൊടുത്തിരിക്കുന്ന ലിങ്ക്.
രാജ്യത്ത് ദിവസം ശരാശരി 90 പീഡനങ്ങൾ; ശിക്ഷ ലഭിക്കുന്നത് 16 ശതമാനത്തിന് മാത്രം.
sujith 2019-12-07 20:21:48
ഊമക്കത്തു പോലെയുള്ള ഈ ലേഖനത്തിനു മറുപടി അർഹിക്കുന്നില്ല. എങ്കിലും പോലീസിനെ വാരാൻ കണക്കുകൾ ഉദ്ധരിച്ചു വേറിട്ട ബുദ്ധിജീവി ചമയുന്ന നിങ്ങൾ ഓർക്കുക നീതിന്യായ വ്യവസ്ഥയിൽ ജനത്തിനു വിശ്വാസം തീർത്തും ഇല്ലാ എന്നുള്ളതു കൊണ്ടാണ് പോലീസ് നടപടിയെ അംഗീകരിക്കുന്നത്. തുടർന്ന് വായിക്കുക താഴെ കൊടുത്തിരിക്കുന്ന ലിങ്ക്.
രാജ്യത്ത് ദിവസം ശരാശരി 90 പീഡനങ്ങൾ; ശിക്ഷ ലഭിക്കുന്നത് 16 ശതമാനത്തിന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക