Image

'അവര്‍ മാവോയിസ്റ്റുകള്‍ തന്നെ', അലനേയും താഹയേയും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍!

Published on 07 December, 2019
'അവര്‍ മാവോയിസ്റ്റുകള്‍ തന്നെ', അലനേയും താഹയേയും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍!

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകരായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ പരിശോധന ആവശ്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


ജപ്പാന്‍, കൊറിയ വിദേശ യാത്രകളുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ യുഎപിഎ കേസ് സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് മുഖ്യമന്ത്രി മറുചോദ്യം ചോദിക്കുകയാണുണ്ടായത്.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം വിശദീകരിച്ച്‌ ചോദിച്ചതോടെയാണ് അലനേയും താഹയേയും തളളി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി അലനും താഹയ്ക്കും എതിരെ സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തളളിയിരുന്നു. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് തങ്ങളെ കളളക്കേസില്‍ കുടുക്കിയതാണ് എന്നാണ് അലനും താഹയും അവകാശപ്പെടുന്നത്. ജാമ്യത്തിന് വേണ്ടി ഇരുവരുടേയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക