Image

മഞ്ജു വാര്യരുടെ പരാതി: വി എ ശ്രീകുമാര്‍ അറസ്റ്റില്‍!

Published on 06 December, 2019
മഞ്ജു വാര്യരുടെ പരാതി: വി എ ശ്രീകുമാര്‍ അറസ്റ്റില്‍!

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ നടപടിയുമായി പോലീസ്.

തൃശ്ശൂര്‍ ക്ലബില്‍ വച്ച്‌ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷ൦ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയതു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു.

മഞ്ജുവിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് സ്വീകരിച്ചിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും കാണിച്ചാണ് മഞ്ജു പരാതി നല്‍കിയത്.


തുടര്‍ന്ന്, തൃശൂരിലെ പൊലീസ് കേന്ദ്രത്തില്‍ വച്ച്‌ തൃശൂര്‍ സി ബ്രാഞ്ച് എസിപി സിഡി ശ്രീനിവാസന്‍ മഞ്ജുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും മഞ്ജു പറഞ്ഞിരുന്നു. തന്‍റെ ലെറ്റര്‍ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്.

ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറയുന്നു.


ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്ബനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.

2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്‍റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പരാതിയില്‍ മ‌ഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, താന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണെന്നും. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെക്കുറിച്ച്‌ മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ് ഈ അറിഞ്ഞതെന്നും പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക