Image

ഉള്ളി വില വര്‍ധന തന്നെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍

Published on 05 December, 2019
ഉള്ളി വില വര്‍ധന തന്നെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില വര്‍ദ്ധിക്കുന്നതില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ദ്ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഉള്ളിവില വര്‍ദ്ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്‍റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം.

"ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്‌നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തില്‍നിന്നാണ് എന്‍റെ വരവ്" പാര്‍ലമെന്‍റില്‍ മറുപടി നല്‍കുന്നതിനിടെ നിര്‍മല പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തെ ചിരിയോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സാഹിപ്പിക്കുയും ചെയ്തു. രാജ്യത്ത് ഉള്ളി വില വര്‍ദ്ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.

കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്‌റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി കൂടുതല്‍ ഉള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്‌ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

രാജ്യത്ത് ഉള്ളിവില ഉയരുകയാണ്. കിലോയ്ക്ക് 140 രൂപ എന്ന നിരക്കിലാണ് ഉള്ളിയുടെ ചില്ലറ വില്‍പ്പന. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വര്‍ദ്ധനയാണ് ഉള്ളിവിലയില്‍ ഉണ്ടായിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക