Image

ആര്‍ബിഐ വായ്‌പാനയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ മാറ്റമില്ല

Published on 05 December, 2019
ആര്‍ബിഐ വായ്‌പാനയം  പ്രഖ്യാപിച്ചു:  റിപ്പോ നിരക്കില്‍ മാറ്റമില്ല
പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റമില്ലെന്നാണ്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഈ വര്‍ഷത്തെ അഞ്ചാമത്തെ വായ്‌പാനയ അവലോകനത്തില്‍ പ്രഖ്യാപിച്ച 5.15 ശതമാനം തന്നെയാണ്‌ ഇത്തവണത്തെയും റിപ്പോ നിരക്ക്‌.

രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച ആറ്‌ വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയപ്പോള്‍ റിസര്‍വ്‌ ബാങ്കിന്റെ ആറ്‌ അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക്‌ വീണ്ടും കുറയ്‌ക്കുമെന്നായിരുന്നു സാമ്‌ബത്തിക വിദഗ്‌ധരുടെ പ്രതീക്ഷ.

ഈ വര്‍ഷം ജനുവരി മുതല്‍ അഞ്ച്‌ തവണ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചിരുന്നു. സാമ്‌ബത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നിരക്ക്‌ കുറയ്‌ക്കല്‍. എന്നാല്‍ ഇത്തവണ വായ്‌പാ നയ കമ്മിറ്റിയിലെ ആറ്‌ അംഗങ്ങളും വായ്‌പ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ വോട്ട്‌ ചെയ്‌തു. കൂടാതെ റിസര്‍വ്‌ ബാങ്ക്‌ രാജ്യത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന്‌ അഞ്ച്‌ ശതമാനമായും കുറച്ചു.

രണ്ടാം പാദ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും ആഭ്യന്തരവും ബാഹ്യവുമായ ഡിമാന്‍ഡ്‌ ഇടിവ്‌ ദുര്‍ബലമായി തന്നെയാണ്‌ തുടരുന്നതെന്നും വായ്‌പാനയ പ്രഖ്യാപനത്തിന്‌ ശേഷം പുറത്തിറക്കിയ പ്രസ്‌താവനയില്‍ റിസര്‍വ്‌ ബാങ്ക്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക