Image

ജിന്‍സ്മോന്‍ പി. സക്കറിയ ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

Published on 04 December, 2019
ജിന്‍സ്മോന്‍ പി. സക്കറിയ ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജിന്‍സ്‌മോന്‍ പി. സക്കറിയയെ തിരഞ്ഞെടുത്തു. ഡിസംബര്‍ 1നു ന്യൂയോര്‍ക്കിലെ ഫ്ളോറര്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളുടെ യോഗത്തില്‍ ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യകാത്തലിക് അസോസിയേഷന്‍ സിറോ മലബാര്‍സഭ, സിറോ മലങ്കര, ക്നാനായ, ലാറ്റിന്‍ കാത്തലിക് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളുന്ന അംബ്രല്ല ഓര്‍ഗനൈസേഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തലിക് അസോസിയേഷന്‍ അമേരിക്കയിലെ ആദ്യകാല ക്രിസ്തൃന്‍ കുടിയേറ്റ സമൂഹത്തിന് ആത്മീയ നേതൃത്വം നല്‍കുന്നതില്‍ വളരയേറെ പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് സഭകളുടെ പ്രവര്‍ത്തനം വളരെ ശക്തമാകുകയും എല്ലാ സഭകള്‍ക്കും രൂപതകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറഞ്ഞു. പിന്നീട്, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കത്തോലിക്ക സഭയുടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു അല്‍മായ സംഘടയുടെ ആവശ്യകഥ തിരിച്ചറിഞ്ഞ ഒരു പുതിയ നേതൃത്വം വളര്‍ന്നുവരികയും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. അതിന് നേതൃത്വം നല്‍കാന്‍ 2014 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിന്‍സ്മോന്‍ പി. സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു. 2017 ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബറായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മാധ്യമപ്രവര്‍ത്തകനായും മാധ്യമസംരംഭകനായും തിളങ്ങിനില്‍ക്കുന്ന ജിന്‍സ്മോന്‍ അമേരിക്കയിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനുമാണ്. 19 വര്‍ഷമായി ഇവിടെ മാധ്യമരംഗത്ത് സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന് അമേരിക്കയിലെ വിവിധസംഘടനകളെ നയിച്ചതിന്റെ പാരമ്പര്യവുമുണ്ട്. 

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) സ്ഥാപകനും 2014 മുതല്‍ 2016 വരെ ചെയര്‍മാനുമായിരുന്നു ജിന്‍സ്മോന്‍. കൂടാതെ ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി, അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍, അമേരിക്കയിലെ പ്രമുഖമലയാളം മാസികയായ അക്ഷരത്തിന്റെയും ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഈറയുടെയും പബ്ലീഷര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവുംവലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മീഡിയ കണ്‍സള്‍ട്ടന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മികവിനും സംഘാടന നേതൃശേഷിക്കുമുള്ള അംഗീകാരമായി റോട്ടറി ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് അച്ചീവ്മെന്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിലെ പത്രമുത്തശ്ശിയായ ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷനുവേണ്ടിയും ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്മോന്‍ പി. സക്കറിയ യൂറോപിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്തോ അമേരിക്കന്‍ ലോയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ മലയാളി ചെംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിന്‍സ് മോന്‍. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. സിജി അഗസ്റ്റ്യനാണ് ഭാര്യ. മക്കള്‍: ആന്‍ഡ്രൂ, ബ്രിയോണ, ഈഥന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക