Image

ബിഷപ്പ് ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം, വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണം: സി.ലിസി വടക്കേല്‍

Published on 02 December, 2019
 ബിഷപ്പ് ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം, വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണം: സി.ലിസി വടക്കേല്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിചാരണ നടപടി ആരംഭിച്ചിരിക്കേ മുഖ്യസാക്ഷിയെ സ്വാധീനിക്കാനും മൊഴിമാറ്റിക്കാനും സമ്മര്‍ദ്ദം. കേസിലെ മുഖ്യസാക്ഷിയും എഫ്.സി.സി സന്യാസ സഭാഗവുമായ സിസ്റ്റര്‍ ലിസി വടക്കേല്‍ ആണ് മൊഴിമാറ്റിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന്ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഒരു വാര്‍ത്താ ചാനലിലൂടെയാണ് സിസ്റ്ററിന്റെ വെളിപ്പെടുത്തല്‍.

താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നടുവിലാണ്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. താന്‍ ഉറച്ച ബോധ്യത്തോടെയാണ് മൊഴി നല്‍കിയത്. തനിക്ക് ഒരു മാനസിക പ്രശ്‌നവുമില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും സ്വാധീനത്തിന്റെയും സമ്മര്‍ദ്ദത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍  എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും തന്നെപോലെയുള്ളവരെ ഈ സമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷിക്കണമെന്നും കന്യാസ്ത്രീ പറയുന്നു. 

ബിഷപ്പിനെതിരെ താന്‍ നല്‍കിയ മൊഴി ഉറച്ചബോധ്യത്തിലാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഇവാഞ്ചലൈസേഷന്‍ സമൂഹത്തിലെ സഹോദരിമാരും മറ്റ് സഹോദരന്മാരും പരിചയക്കാരും വഴി തന്നെ ഫോണില്‍ വിളിച്ചും നേരില്‍ കാണുമ്പോഴും ഒക്കെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ വളരെയേറെ ഒറ്റപ്പെടല്‍ നേരിടുന്നു. അടുത്തകാലത്ത് തന്നെ കാണാന്‍ വന്ന ഒരു സ്ത്രീ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം നടത്തി. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഓര്‍ക്കാതെ ബിഷപ്പിനെതിരെ മൊഴി നല്‍കിയതാണെന്ന് കോടതിയില്‍ തിരുത്തിപറയണമെന്ന് ആവശ്യപ്പെട്ടു. 'തലയ്ക്കിട്ട് കുത്തിയാല്‍ കുലത്തിനാണ് കേട്' എന്ന് ഓര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ബിഷപ്പിനെതിരായ മൊഴി പിന്‍വലിക്കണം. അല്ലെങ്കില്‍ സഭ തകരും എന്നൊക്കെയാണ് അവര്‍ പറയുന്നത്. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ശിക്ഷിക്കപ്പെടണം. ആ കന്യാസ്ത്രീക്ക് നീതി കിട്ടണം. നീതിപൂര്‍വ്വമായ വിചാരണ നടന്നാല്‍ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. പണവും സ്വാധീനവും പ്രതാപവുംകൊണ്ട് മൊഴിമാറ്റിയാല്‍ ബിഷപ്പ് ശിക്ഷിക്കപ്പെടുമോ എന്നതില്‍ സംശയമുണ്ടെന്നും സി.ലിസി വടക്കേല്‍ കൂട്ടിച്ചേര്‍ത്തു. 

പരാതിക്കാരി കഴിഞ്ഞാല്‍ അടുത്ത പ്രധാന സാക്ഷികളില്‍ ഒരാളാണ് സി.ലിസി വടക്കേല്‍. തന്റെ സുവിശേഷ പ്രഘോഷത്തിന്റെ ഭാഗമായി നടത്തിയ കൗണ്‍സിലിംഗിലാണ് പരാതിക്കാരി സി.ലിസി വടക്കേലിനോട് പീഡനവിവരം തുറന്നുപറഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക