Image

രണ്ടാമൂഴം; സംവിധായകന്‍ ശ്രീകുമാറിനെതിരെ എംടി സുപ്രീം കോടതിയില്‍

Published on 02 December, 2019
രണ്ടാമൂഴം; സംവിധായകന്‍ ശ്രീകുമാറിനെതിരെ എംടി സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാറിനെതിരെ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാറിനെ തടയണമെന്നാണ് എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമെന്നാണ് ശ്രീകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ തന്റെ ഭാഗം കൂടി കേട്ടുവേണം തീരുമാനമെന്നാണ് എംടി തടസ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
2014ല്‍ ആയിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എംടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്. 

ശ്രീകുമാറിനെതിരെ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമൂഴം സിനിമയാക്കുന്നത് മുന്‍സിഫ് കോടതി വിലക്കിയതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ ശ്രീകുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക