Image

കര്‍ണാടക: യെദ്യൂരപ്പയെ പിന്തുണച്ച് ഏഴ് മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി

Published on 12 May, 2012
കര്‍ണാടക: യെദ്യൂരപ്പയെ പിന്തുണച്ച് ഏഴ് മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന തൊട്ടടുത്ത ദിവസം തന്നെ കര്‍ണാടക മന്ത്രിസഭയില്‍ പുതിയ പ്രതിസന്ധി. യെദ്യൂരപ്പയെ പിന്തുണയ്ക്കുന്ന ഏഴ് മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി. ആറ് എം.എല്‍.എമാരും രാജി സന്നദ്ധത അറിയിച്ച് യെദ്യൂരപ്പയെ കണ്ടു. ശനിയാഴ്ച്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. 

മന്ത്രിമാരായ ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നിവരാണ് തിങ്കളാഴ്ച്ച രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. അനധികൃത ഖനന ഇടപാടില്‍ യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് യെദ്യൂരപ്പ പക്ഷത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മന്ത്രിസഭയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ട് യെദ്യൂരപ്പ പക്ഷം രാജി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. 

മാത്രമല്ല സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദ്യൂരപ്പയെ അനുകൂലിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിക്കുന്നു. ഖനനക്കേസിന് പുറമേ ഭൂമി കുംഭകോണവും യെദ്യൂരപ്പയ്‌ക്കെതിരായി നിലവിലുണ്ട്. രാജിഭീഷണി മുഴക്കുന്നതിന് മുമ്പായി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക