Image

കരിഞ്ഞ് പോവുന്ന പെണ്‍ജീവിതങ്ങള്‍ (മിനി വിശ്വനാഥന്‍)

Published on 01 December, 2019
കരിഞ്ഞ് പോവുന്ന പെണ്‍ജീവിതങ്ങള്‍ (മിനി വിശ്വനാഥന്‍)
ഹൈദരബാദില്‍ കഴിഞ്ഞ ദിവസം തൊഴിലിടത്തേക്ക് പോവുകയായിരുന്ന ഒരു യുവ ലേഡിഡോക്ടര്‍ കരിഞ്ഞ് മരിച്ചിരിക്കുന്നു. ക്രൂരമായി പീഢിപ്പിച്ചതിനു ശേഷം കൊന്നുകളയുകയയായിരുന്നു അവളെ. തൊട്ടടുത്ത് നിന്ന് തന്നെ തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞു പോയ മറ്റൊരു സ്ത്രീ ശരീരവും കിട്ടിയിട്ടുണ്ടത്രെ.

പെരുമ്പാവൂരില്‍ മൃഗീയമായ രീതിയില്‍ ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നു. നിര്‍ഭയ കേസിന് തുല്യമായ രീതിയില്‍ പീഢിപ്പിച്ച് കൊന്നു കളഞ്ഞ ജിഷയുടെ നാട്ടില്‍ സമാനമായ മറ്റൊരു കൊലപാതകം. പെണ്‍കുട്ടികളെ കൊന്നുകളയുന്ന മനുഷ്യന്‍മാരുള്ള നാട്ടില്‍ കുട്ടികള്‍ക്കും രക്ഷയില്ലെന്നതിന്റെ തെളിവാണല്ലോ ജനങ്ങള്‍ മറന്നു തുടങ്ങിയ വാളയാര്‍ ഇരട്ട മരണം. കഴിഞ്ഞ ദിവസം കണ്ട മറ്റൊരു വാര്‍ത്ത മദ്ധ്യവയസ്‌കനാല്‍ പീഢിപ്പിക്കപ്പെട്ട മൂന്നാം ക്ലാസുകാരിയുടെതാണ്. ബാലപീഢനങ്ങളും, സ്ത്രീപീഢനങ്ങളും തുടര്‍ക്കഥകളാവുന്നു ഇപ്പോഴിപ്പോള്‍ ..

നിരാകരിക്കപ്പെട്ട പ്രണയം ഭ്രാന്താക്കിയവന്റെ കൈ കൊണ്ട് ജീവനറ്റ എത്രയേറെ പെണ്‍കുരുന്നുങ്ങള്‍ മറ്റൊരു ഭാഗത്ത്.

നമുക്കെന്ത് സംഭവിക്കുന്നു എന്ന് സ്വയം തിരിഞ്ഞു നോക്കേണ്ട സമയമായിരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തകള്‍ക്കും, ചര്‍ച്ചകള്‍ക്കും ശേഷം എല്ലാം മറന്നു പോവുന്നത് കൊണ്ടാണോ ,ഇതൊന്നും ഭൂരിപക്ഷ സംരക്ഷിത സമൂഹത്തിന് ബാധകമല്ല എന്നത് കൊണ്ടാണോ ഈ നിസ്സംഗതയും, നിശബ്ദതയും?

മദ്ധ്യവര്‍ഗ തൊഴിലാളി സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കേണി വരുന്ന മാനസിക, ശാരീരിക പീഢനങ്ങള്‍ നിസ്സാരവല്‍ക്കരിക്കാനാവുന്നതല്ല. ടെക്സ്റ്റയില്‍ സ്ത്രീതൊഴിലാളികള്‍ സമരം ചെയ്തത് ഇരിക്കാനുള്ള അവകാശത്തിനൊപ്പം മൂത്രമൊഴിക്കാനുള്ള അവകാശത്തിനും കൂടിയായിരുന്നു. സ്ത്രീകളില്‍ ആര്‍ത്തവ പരിശോധന നടത്തിയ ഒരു തൊഴിലിടത്തെക്കുറിച്ചുള്ള വാര്‍ത്തയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഒരു പത്രറിപ്പോര്‍ട്ടില്‍ കണ്ട ആയുര്‍വേദ ഹോസ്പിറ്റലുകളിലെ വനിതാ തെറാപ്പിസ്റ്റുകളുടെ തൊഴിലിടങ്ങളിലെ അമിത ജോലിയും സുരക്ഷിതമല്ലാത്ത അന്തരീക്ഷവും വാര്‍ത്തകളില്‍ നിറഞ്ഞില്ല. പലരും ആ വാര്‍ത്തയെ സംശയത്തോടെയാണ് സമീപിപ്പിച്ചത്.
നമുക്ക് ആഘോഷിക്കാന്‍ മരണങ്ങള്‍ വേണമെന്നായിരിക്കുന്നു. നീര്‍പ്പോളകളുടെ ആയുസ്സുള്ള ദുഃഖ പ്രകടനങ്ങളില്‍ പ്രതികരിച്ച് തൃപ്തരായി, മറ്റ് വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നവരായിരിക്കുന്നുവോ മലയാളി സമൂഹം?

പലരും വിദേശ രാജ്യങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കണ്ടു. മിക്ക രാജ്യങ്ങളിലും കര്‍ശനമായ നിയമങ്ങള്‍ക്കൊപ്പം കര്‍ശന ശിക്ഷാവിധികളുമാണ് ഇത്തരം കേസുകളില്‍ നേരിടേണ്ടി വരുന്നത്. അതിവേഗ കോടതികളില്‍ തീരുമാനമാവേണ്ട വിഷയങ്ങളാണവര്‍ക്കിത്. ഓരോ പൗരനും മനുഷ്യ ജീവനും പരിഗണിക്കപ്പെടുന്ന നാടുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിരിക്കും..

വാളയാര്‍ കേസില്‍ കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. ജനുവരി മാസം 13 ന് മൂത്ത കുട്ടിയും , മാര്‍ച്ച് 4 ന് ഇളയകുട്ടിയും അസ്വാഭാവികമായ രീതിയില്‍ മരണപ്പെടുകയായിരുന്നു. ലൈംഗിക പീഢനത്തിന്റെ സൂചനകള്‍ മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അതിക്രൂരമായ പീഢന വിവരങ്ങള്‍ രണ്ടാം കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സാഹചര്യ തെളിവുകളിലും ഉണ്ടായിട്ട് പോലും പ്രതികള്‍ കുറ്റവിമുക്തരായി പുറത്തിറങ്ങി. ജനക്കൂട്ടമുറവിളികളുടെ വ്യാപ്തി കൂടിയപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. CBl അന്വേഷണം പോലെ നീതിയുക്തമായ ഒരു പുനരന്വേഷണം നടന്നേക്കാം എന്ന പ്രതീക്ഷ മാത്രം ഇപ്പോഴും. കേസന്വേഷണത്തില്‍ അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാവാന്‍ മിനിമം കാലവധി ആറ് മാസമാണ്...

നീണ്ടു നീണ്ടു പോവുന്ന അന്വേഷണങ്ങള്‍ക്കൊടുവിലെവിടെയോ നീതി ലഭിക്കും എന്ന ശുഭപ്രതീക്ഷയില്‍ വീണ്ടും ജനങ്ങള്‍ നിശബ്ദരാവുന്നു. അടുത്ത പീഢനക്കേസ് പുറത്ത് വരുന്നത് വരെ.

അധികാരികള്‍ ഇതൊക്കെ കാണുമെന്നും, നീതിയുക്തമായ നടപടികള്‍ എടുക്കുമെന്നുമൊരു പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.
ജനാധിപത്യത്തിലും സര്‍ക്കാരിലും വിശ്വാസവുമുണ്ട്.

പക്ഷേ ഒരേയൊരപേക്ഷ മാത്രം. ഞങ്ങള്‍ക്കും ജീവിക്കണം.
ആയുസ്സൊടുക്കുന്നത് വരെയല്ല; ആയുസ്സ് ഒടുങ്ങുന്നത് വരെ.
കരിഞ്ഞ് പോവുന്ന പെണ്‍ജീവിതങ്ങള്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
Sudhir Panikkaveetil 2019-12-01 14:44:02


ശ്രീ അയ്യപ്പന്റെ  ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ 
കേരളത്തിൽ പുരുഷന്മാരും സ്ത്രീകളും 
റോഡിലിറങ്ങി, ഗുണ്ടകളെ ഏർപ്പാടാക്കി. സുപ്രീം 
കോടതി  വിധി വരെ അവഗണിച്ച് അത് മാറ്റിയെടുക്കാൻ 
ഇന്നും ശ്രമിക്കുന്നു. സുപ്രീം കോടതി 
ജനങ്ങളുടെ ഡിമാൻഡ് അംഗീകരിക്കുമായിരിക്കും.
ശ്രീ അയ്യപ്പനെ തനിയെ കാത്തുസൂക്ഷിക്കാൻ 
കഴിയാത്തത് ജനങ്ങൾ ഒറ്റകെട്ടായി നിന്ന് 
സംരക്ഷിക്കുന്നു. എന്നിട്ട് എന്തുകൊണ്ട് സ്ത്രീകളുടെ 
മാനം രക്ഷിക്കാൻ ആരും മുന്നോട്ട് വരുന്നില്ല.
കുറ്റവാളികളെ രക്ഷിക്കുക എന്ന് മതവും 
നിയമവും മുറവിളി കൂട്ടുമ്പോൾ എന്ത് നീതി.
കുറ്റവാളിയെ വെറുതെ വിട്ട് കുറ്റത്തെ  എതിർക്കുക.
നിർഭയ കൊലക്കേസിലെ ഒരു പ്രതിക്ക്  നിയമം 
പറയുന്ന പ്രായമുണ്ടായിരുന്നില്ല. പക്ഷെ 
ബലാൽസംഗം ചെയ്യാൻ കഴിവുണ്ടായിരുന്നു. 
അയാൾക്ക് പ്രായ ആനുകൂല്യം കിട്ടി 
ജയിലിൽ പോലും കിടക്കേണ്ടി വന്നില്ല. ദുർഗുണ 
പരിഹാര പാഠശാലയിൽ വെറും മൂന്നു വര്ഷം.
ഒരാൾ തൂങ്ങി മരിച്ചു മറ്റുള്ളവർ പി എസ സി 
ടെസ്റ്റിന് തയ്യാറാകുന്നു. ആ ചെറുപ്പക്കാരുടെ 
ഭാവി കളഞ്ഞു അവരെ തൂക്കിക്കൊല്ലരുതെന്നു 
വോട്ട് കിട്ടാൻ രാഷ്ട്രീയക്കാരൻ പറഞ്ഞാൽ അവനു  കയ്യടി കൊടുക്കുന്നു 
ജനം. ആർക്കും ഒരു നീതിയും കിട്ടുകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക