Image

"ലാലേട്ടന്‍ ഈ വിഷയത്തില്‍ ഞങ്ങളുടെ കൂടെ ഉണ്ട്", ഷെയന്‍ നിഗം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

Published on 01 December, 2019
"ലാലേട്ടന്‍ ഈ വിഷയത്തില്‍ ഞങ്ങളുടെ കൂടെ ഉണ്ട്", ഷെയന്‍ നിഗം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ഒടുവില്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതകരിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിച്ചുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. നിലവിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനും ഇതേ നിലപാട് തന്നെയാണെന്ന് അവര്‍ പറയുന്നു.

സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടന. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഈ വിഷയത്തിന് ഒരു പരിഹാരം കണ്ടെത്താനാണ് അമ്മയുടെ ശ്രമം. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്. മകന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മ്മാതാക്കള്‍ തീരുമാനം എടുത്തതെന്നും അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്നുമാണ് ആവശ്യം.

കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്നും ഏഴ് കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം അമ്മയിലുള്ള ഒരു അംഗത്തെ വിലക്കിയതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് താര സംഘടനയുടെ നിലപാട്. അതുപോലെ താരങ്ങളുടെ ലൊക്കേഷനിലെ പെരുമാറ്റ ചട്ടം നിര്‍ബന്ധിക്കാനും ലൊക്കേഷനുകളില്‍ ലഹരി മരുന്ന് ഉപയോഗം കണ്ടെത്താന്‍ പോലീസ് സഹായം ഉപയോഗിക്കുന്നതിനും അമ്മ പൂര്‍ണ്ണ പിന്തുണ നല്‍കും എന്നും അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക