Image

മലര്‍വാടി ജി.സി.സി മെഗാ ക്വിസ്‌ ഗ്രാന്‍റ്‌ ഫിനാലെ: ദുബൈ, അബൂദബി, കുവൈത്ത്‌ ടീമുകള്‍ ജേതാക്കള്‍

Published on 12 May, 2012
മലര്‍വാടി ജി.സി.സി മെഗാ ക്വിസ്‌ ഗ്രാന്‍റ്‌ ഫിനാലെ: ദുബൈ, അബൂദബി, കുവൈത്ത്‌ ടീമുകള്‍ ജേതാക്കള്‍
മനാമ: വിജ്ഞാനത്തിന്‍െറയും വിനോദത്തിന്‍െറയും വിസ്‌മയ പ്രപഞ്ചം തീര്‍ത്ത മലര്‍വാടി ജി.സി.സി മെഗാ ക്വിസിന്‌ പ്രൗഢോജ്വല പരിസമാപ്‌തി. ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടന്ന ആവേശകരമായ ഗ്രാന്‍റ്‌ ഫിനാലെയില്‍ കിഡ്‌സ്‌ വിഭാഗത്തില്‍ ദുബൈയിലെ രാഹുല്‍രാജ്‌, സൂര്യ കൃഷ്‌ണ ടീം 180 പോയിന്‍റുകളോടെ ജേതാക്കളായി. സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ അബൂദബിയുടെ ദേവിക രമേശ്‌, റാസി അബൂബക്കര്‍ ടീം 325 പോയിന്‍റ്‌ നേടി ഒന്നാം സ്ഥാനത്ത്‌ എത്തി. ജൂനിയര്‍ വിഭാഗത്തില്‍ കുവൈത്തിലെ മുഹമ്മദ്‌ ബാസില്‍ ഹബീബ്‌, മുഹ്‌സിന്‍ മുസ്‌തഫ ടീം 140 പോയിന്‍റുകളോടെ ജേതാക്കളായി. ഡോ. ജി.എസ്‌. പ്രദീപായിരുന്നു ആറ്‌ മണിക്കൂറോളം നീണ്ട ഗ്രാന്‍റ്‌ ഫിനാലെയുടെ അവതാരകന്‍.

മത്സരത്തിന്‍െറ നാല്‌ റൗണ്ടുകളിലും ആവേശം അലതല്ലിയ കിഡ്‌സ്‌ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന്‌ അര്‍ഹരായ നാല്‌ റീജിയനുകളില്‍നിന്ന്‌ ജേതാക്കളെ തെരഞ്ഞെടുക്കാന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. ഖത്തര്‍, ജിദ്ദ, കുവൈത്ത്‌, മസ്‌കത്ത്‌ ടീമുകള്‍ക്കാണ്‌ 160 പോയിന്‍റ്‌ വീതം ലഭിച്ചത്‌. ടൈബ്രേക്കറില്‍ നിരഞ്‌ജന പ്രമോദ്‌ നായര്‍, നജീഹ ചെങ്ങലത്ത്‌ എന്നിവരടങ്ങിയ മസ്‌കത്ത്‌ ടീം രണ്ടാം സ്ഥാനം നേടിയപ്പോള്‍ ജിദ്ദയുടെ ഹാല ആയിഷയും നിമ നാസറും മൂന്നാം സ്ഥാനം നേടി.
സബ്‌ജൂനിയര്‍ വിഭാഗത്തില്‍ 295 പോയിന്‍േറാടെ ഖത്തറിലെ അനന്യ, ഫാത്തിമ ശായിഫ ഷാഹുല്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 195 പോയിന്‍റ്‌ നേടിയ ബഹ്‌റൈന്‍െറ ഹൃദയ്‌ പ്രദീപ്‌, സോന ഉണ്ണികൃഷ്‌ണന്‍ ടീമിനാണ്‌ മൂന്നാം സ്ഥാനം.

ജൂനിയര്‍ വിഭാഗത്തില്‍ ആതിഥേയരായ ബഹ്‌റൈന്‍െറ റിത്തു ആന്‍ റോയ്‌, അഭി പുഷ്‌പരാജ്‌ ടീം 130 പോയിന്‍റുകളോടെ രണ്ടാംസ്ഥാനത്ത്‌ എത്തിയപ്പോള്‍ മസ്‌ക്കറ്റിലെ അമല്‍ മാത്യൂ, ഹരികൃഷ്‌ണന്‍ ലാല്‍ പിള്ള ടീം 120 പോയിന്‍റ്‌ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്ക്‌ ആര്‍.പി. ഗ്രൂപ്പ്‌ വൈസ്‌ പ്രസിഡന്‍റ്‌ ഗണേശ്‌ രവിപിള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ചടങ്ങില്‍ ജി.സി.സി മെഗാ ക്വിസ്‌ ചീഫ്‌ പാട്രണ്‍ കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി പ്രോഫസര്‍ ശൈഖ്‌ അബ്ദുല്‍ റഹ്മാന്‍ അല്‍ അത്താവി, കേരളീയ സമാജം പ്രസിഡന്‍റ്‌ പി.വി. രാധാകൃഷ്‌ണ പിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഇബ്‌നുല്‍ ഹൈതം ഇസ്ലാമിക്‌ സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ ശകീല്‍ അഹ്മദ്‌ ആസ്‌മി, ആര്‍.പി ഗ്രൂപ്പ്‌ ബിസിനസ്‌ മാനേജര്‍ ചന്ദന്‍ ഷേണായ്‌, ജോണ്‍ ഐപ്പ്‌ എന്നിവര്‍ സംസാരിച്ചു. കെ.ഐ.ജി ബഹ്‌റൈന്‍ പ്രസിഡന്‍റ്‌ സഈദ്‌ റമദാന്‍ നദ്വി സ്വാഗതവും ജനറല്‍ സെക്രട്ടറി സി. ഖാലിദ്‌ നന്ദിയും പറഞ്ഞു. ജി.സി.സി കോഓര്‍ഡിനേറ്റര്‍ അക്‌ബര്‍ വാണിയമ്പലം, ശമീം ബക്കര്‍, കെ.സി.എം. അബ്ദുല്ല, ഇ.കെ. സലിം, അഹമ്മദ്‌ റഫീഖ്‌, ജമാല്‍ നദ്വി, സുബൈര്‍, അബ്ബാസ്‌, സിറാജ്‌ പള്ളിക്കര, കെ.ടി. സലീം, ബദ്‌റുദ്ദീന്‍, കമാല്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബഹ്‌റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്‌ എന്നീ ആറ്‌ രാഷ്ട്രങ്ങളിലെ 60 കുട്ടികളാണ്‌ ഫൈനലില്‍ മാറ്റുരച്ചത്‌. കുവൈത്ത്‌, ദോഹ, അബൂദബി, മസ്‌കറ്റ്‌, സലാല, ദമാം, റിയാദ്‌, ജിദ്ദ, മനാമ എന്നീ റീജിയനുകളുടെ പ്രതിനിധികളാണ്‌ ഇവര്‍. അരലക്ഷം മലയാളി കുട്ടികളെ കോര്‍ത്തിണക്കി 10 മേഖലകളിലെ 100 കേന്ദ്രങ്ങളില്‍ നടന്ന രണ്ടാംഘട്ട മത്സരങ്ങളില്‍നിന്ന്‌ കിഡ്‌സ്‌, സബ്‌ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഓരോ മേഖലയില്‍നിന്നും വിജയികളായ രണ്ട്‌ പേരടങ്ങുന്ന 10 വീതം ടീമുകളാണുണ്ടായത്‌. ഒന്നാം സ്ഥാനക്കാര്‍ക്ക്‌ ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക്‌ മുക്കാല്‍ ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക്‌ അരലക്ഷം രൂപയും മെമന്‍േറാകളുമാണ്‌ സമ്മാനിച്ചത്‌. പരിസ്ഥിതി, ആനുകാലികം, ശാസ്‌ത്രം, ഐ.ടി, യുക്തിചിന്ത, കല, കായികം, സാഹിത്യം, സംസ്‌കാരം എന്നിവയായിരുന്നു ഫൈനല്‍ മത്സരത്തിന്‍െറ ചോദ്യമേഖലകള്‍.

അവതാരകന്‍ ക്വിസ്‌ കുലപതി ഡോ. ജി.എസ്‌. പ്രദീപ്‌ തൊടുത്തുവിട്ട ചോദ്യ ശരങ്ങള്‍ക്ക്‌ കുരുന്നുകളില്‍നിന്ന്‌ ശരവേഗത്തില്‍ ഉത്തരങ്ങള്‍ ഒഴുകി. കിഡ്‌സ്‌, സബ്‌ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ വിവിധ റൗണ്ടുകളിലായാണ്‌ ക്വിസ്‌ ചിട്ടപ്പെടുത്തിയത്‌.

ഡോ. ജി.എസ്‌. പ്രദീപിന്‍െറ ജിജ്ഞാസ നിറഞ്ഞ ചോദ്യങ്ങളും വിവരണങ്ങളും സദസ്സിനെ ആറ്‌ മണിക്കൂറോളം വൈജ്ഞാനിക ലോകത്ത്‌ പിടിച്ചിരുത്തി. ഇടവേളകളുടെ വിരസതയകറ്റാന്‍ കലാ പ്രകടനങ്ങളും അരങ്ങേറി.
മലര്‍വാടി ജി.സി.സി മെഗാ ക്വിസ്‌ ഗ്രാന്‍റ്‌ ഫിനാലെ: ദുബൈ, അബൂദബി, കുവൈത്ത്‌ ടീമുകള്‍ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക