Image

ഓട്ടം മരണ റിസ്ക് 27 ശതമാനം കുറയ്ക്കുമെന്ന്

Published on 29 November, 2019
 ഓട്ടം മരണ റിസ്ക് 27 ശതമാനം കുറയ്ക്കുമെന്ന്
രാവിലെ ചുമ്മാ മടിപിടിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന നേരം ചാടിയെഴുന്നേറ്റ് രണ്ടു റൗണ്ട് ഓടിവന്നുകൂടെ? ഡോക്ടര്‍മാര്‍ ചോദിക്കുന്നത് വെറുതെയാണെന്നാണോ കരുതിയത്. എങ്കില്‍ തെറ്റി. ഓട്ടം അത്ര നിസ്സാരമാണെന്നു ചിന്തിക്കണ്ട. പുതിയ പഠനം അവകാശപ്പെടുന്നത് ഓട്ടത്തിന് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കിക്കാന്‍ കഴിയുമെന്നു മാത്രമല്ല മരണ റിസ്ക് 27 ശതമാനം കുറയ്ക്കാനും സാധിക്കുമെന്നാണ്. ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു എയ്‌റോബിക് വ്യായാമമാണ് ഓട്ടം.

നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഓട്ടം കൊണ്ട് സാധിക്കുമത്രേ. ഇവര്‍ക്ക് ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ കൃത്യതയും വേഗതയും ഉറപ്പുവരുത്താന്‍ സാധിക്കും. ഓട്ടം ശീലമാക്കിയവര്‍ക്ക് ദിവസം മുഴുവന്‍ ആക്ടീവ് ആയിരിക്കാന്‍ കഴിയും.പ്രായമേറുന്ന പ്രക്രിയയെ സാവധാനത്തിലാക്കാനും ഓട്ടം സഹായിക്കും. എപ്പോഴും ഉറക്കംതൂങ്ങി ജീവിതം നയിക്കുന്നവരേക്കാള്‍ വൈകിയാണ് ഓട്ടക്കാര്‍ക്ക് പ്രായക്കൂടുതലിന്റെ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുകയുള്ളൂ.

മെല്‍ബണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഓട്ടവും ശാരീരികാവസ്ഥയും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടത്തിയത്. 30നും 35നും ഇടയില്‍ പ്രായമുള്ള രണ്ടര ലക്ഷം പേരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരെ തുടര്‍ച്ചയായി നിരീക്ഷിച്ചും ആരോഗ്യസ്ഥിതി വിലയിരുത്തിയുമായിരുന്നു ഗവേഷണം. ഓട്ടം പതിവാക്കിയവരെന്നും അല്ലാത്തവരെന്നും രണ്ടായി തിരിച്ചു നടത്തിയ പഠനത്തില്‍ ഇവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യവും മരണസമയത്തെ വയസ്സും കൃത്യമായി രേഖപ്പെടുത്തി.

ഓട്ടം പതിവാക്കിയവര്‍ക്ക് കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം കൈവരിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി. മരണകാരണമായ രോഗങ്ങളുടെ ആക്രമണവും ഇവരില്‍ താരതമ്യേന കുറവായിരുന്നത്രേ. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ അരമണിക്കൂറെങ്കിലും ഓടാന്‍ തുടങ്ങിക്കോളൂ. കൂടുതല്‍ കാലം ആയുസ്സോടെ ഇരിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക