Image

അഭിപ്രായം പറയുന്നവരെ വര്‍ഗ്ഗ വഞ്ചകരെന്ന്‌ വിളിക്കരുത്‌: വി.എസ്‌

Published on 12 May, 2012
അഭിപ്രായം പറയുന്നവരെ വര്‍ഗ്ഗ വഞ്ചകരെന്ന്‌ വിളിക്കരുത്‌: വി.എസ്‌
തിരുവനന്തപുരം: പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ വര്‍ഗ്ഗ വഞ്ചകരെന്ന്‌ വിളിക്കാതെ സഹപ്രവര്‍ത്തകരുടെ വിമര്‍ശനം ഉള്‍ക്കൊണ്‌ട്‌ തിരുത്തല്‍ വരുത്തി ഒരുമിച്ചുകൊണ്‌ടുപോകേണ്‌ട ഉത്തരവാദിത്വമാണ്‌ പാര്‍ട്ടി നേതൃത്വത്തിനുളളതെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസും ലീഗും പോലുള്ള പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്‌തമായി നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്‌ സിപിഎമ്മിന്‌ സംഘടനാപരമായ രീതിയുണ്‌ട്‌. അത്‌ വേണ്‌ട രീതിയില്‍ മനസിലാക്കാതെയാണ്‌ ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം. ലീഗും കോണ്‍ഗ്രസും പോലെ ഹൈക്കമാന്‍ഡ്‌ തീരുമാനിക്കുകയും ബാക്കിയുള്ളവര്‍ അനുസരിക്കുകയുമല്ല. സെക്രട്ടറി പറഞ്ഞാല്‍ അതാണ്‌ അവസാനം എന്ന ധാരണ വെച്ചുകൊണ്‌ടാണ്‌ ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം. അത്‌ താന്‍ അംഗീകരിക്കുന്നില്ലെന്നും വി.എസ്‌ പറഞ്ഞു.

ഓരോ വിഷയത്തെക്കുറിച്ചും പഠിച്ച ശേഷമാണ്‌ നിലപാട്‌ സ്വീകരിക്കുന്നത്‌. താന്‍ പറയാനുള്ളത്‌ പറയും. അച്ചടക്ക നടപടിയുണ്‌ടാകില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ നടപടിയുണ്‌ടാകുമ്പോള്‍ അപ്പോള്‍ കാണാമെന്നായിരുന്നു വി.എസിന്റെ പ്രതികരണം. ചര്‍ച്ചകളും മറ്റും നടത്തിയ ശേഷമാണല്ലോ അച്ചടക്കം ലംഘിച്ചത്‌ ആരെന്ന്‌ തീരുമാനിക്കുകയെന്നും വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക