Image

മാര്‍ ക്രിസോസ്‌റ്റിത്തെപ്പറ്റിയുളള പുസ്‌തകം പ്രകാശനം ചെയ്‌തു

Published on 12 May, 2012
മാര്‍ ക്രിസോസ്‌റ്റിത്തെപ്പറ്റിയുളള പുസ്‌തകം പ്രകാശനം ചെയ്‌തു
തിരുവല്ല: ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ തൊണ്ണൂറ്‌ വയസ്സിനുശേഷമുള്ള പ്രസംഗങ്ങളെ ആസ്‌പദമാക്കി പത്രപ്രവര്‍ത്തകനായ അലക്‌സ്‌ തെക്കനാട്ടില്‍ രചിച്ച്‌ ക്രൈസ്‌തവ സാഹിത്യ സമിതി (സിഎസ്‌എസ്‌) പ്രസിദ്ധീകരിച്ച `നവതി പിന്നിട്ട നര്‍മങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം തിരുവല്ലയില്‍ ചലച്ചിത്ര നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു.

മാര്‍ ക്രിസോസ്‌റ്റത്തിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ച്‌ തിരുവല്ലാ പൗരാവലി സംഘടിപ്പിച്ച ജന്മദിന സമ്മേളനത്തിലാണ്‌ പ്രകാശനം നടന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌, സിഎസ്‌ഐ ബിഷപ്‌ ഡോ. തോമസ്‌ സാമുവല്‍, കുര്യാക്കോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ (ക്‌നാനായ സഭ), കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌, ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ആന്റോ ആന്റണി എംപി, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ ക്രിസോസ്‌റ്റത്തിന്റെ പ്രസംഗങ്ങളിലെ ഫലിതങ്ങളും ആശയങ്ങളും രേഖാ ചിത്രങ്ങളുടെയും കാരിക്കേച്ചറുകളുടെയും സഹായത്തോടെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഗ്രന്ഥകാരന്‍ തന്നെയാണ്‌ ഇവ വരച്ചിരിക്കുന്നത്‌. മാര്‍ ക്രിസോസ്‌റ്റത്തെക്കുറിച്ച്‌ അലക്‌സ്‌ മുന്‍പ്‌ തയാറാക്കിയ `മാര്‍ ക്രിസോസ്‌റ്റത്തോടൊപ്പം നൂറ്‌ വേദികള്‍ എന്ന ഗ്രന്ഥം ഒന്‍പതു പതിപ്പുകളായി 12000 (പന്തീരായിരം) കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്‌.

അലക്‌സ്‌ തെക്കനാട്ടിലിന്റെ അഞ്ചാമത്തെ പുസ്‌തകമാണ്‌ `നവതി പിന്നിട്ട നര്‍മങ്ങള്‍. പുസ്‌തകം തിരുവല്ല സിഎസ്‌എസ്‌ ബുക്ക്‌ഷോപ്പില്‍ ലഭിക്കും. കല്ലൂപ്പാറ പുതുശേരി കൈതയില്‍ തെക്കനാട്ടില്‍ പരേതനായ ടി.എ. ചാക്കോയുടെ മകനാണ്‌ അലക്‌സ്‌.
മാര്‍ ക്രിസോസ്‌റ്റിത്തെപ്പറ്റിയുളള പുസ്‌തകം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക