Image

വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പിണറായി

Published on 12 May, 2012
വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പിണറായി
കോഴിക്കോട്: വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു പിണറായി. സംഘടനയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. അത്തരം ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. അതുവരെ കേരളത്തിലെ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സഖാവും ഇക്കാര്യത്തില്‍ പ്രതികരിക്കരുതെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവും തുടര്‍ന്നുയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വടകരയില്‍ ചേര്‍ന്ന സിപിഎം യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പിണറായി. വി.എസിന്റെ പ്രസ്താവന അച്ചടക്ക ലംഘനമാണോയെന്ന ചോദ്യത്തിന് ഇത്രയും മാത്രമേ ഇപ്പോള്‍ പറയുന്നുള്ളുവെന്നായിരുന്നു പിണറായിയുടെ മറുപടി. പാര്‍ട്ടിക്കെതിരേ കടന്നാക്രമണത്തിന് തുടക്കം കുറിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം കടന്നാക്രമണത്തെ ചെറുക്കാന്‍ പാര്‍ട്ടിയും സഖാക്കളും ജാഗ്രതയോടെ രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളത്. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിപിഎം ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ പിണറായി യുഡിഎഫ് ഇതില്‍ ഇടപെടുന്നുണ്‌ടെന്നും കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാന്‍ പോകുകയാണ്. ആ പരാജയം ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടിയും എല്‍ഡിഎഫും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

കടുത്ത പരാമര്‍ശങ്ങളുമായി അച്യുതാനന്ദന്‍
തിരുവന്തപുരം: സി.പി.എം സംസ്ഥാന നേതൃത്വത്തിനും സെക്രട്ടറി പിണറായി വിജയനുമെതിരെ കടുത്ത പരാമര്‍ശങ്ങളുമായി മുതിര്‍ന്ന സി.പി.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയില്‍ 64ലെ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഉള്ളതെന്നും തെറ്റിനെതിരെ പ്രതികരിക്കുന്നവരെ പുറത്താക്കുകയല്ല ശരിയായ നടപടിയെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 64ല്‍ പിളര്‍ന്ന് പോയവരെ അന്നത്തെ സെക്രട്ടറി എസ്.എ ഡാങ്കെ വിളിച്ചതും വര്‍ഗവഞ്ചകര്‍ എന്നാണ്.
പക്ഷേ ആ വര്‍ഗവഞ്ചകരുടെ കൂടെയാണ് പിന്നീട് ജനങ്ങള്‍ അണിനിരന്നത്. ലീഗോ കോണ്‍ഗ്രസോ അല്ല കമ്യുണിസ്റ്റ് പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ വാക്ക് അവസാനവാക്കല്ല. ഇക്കാര്യത്തില്‍ വി.വി.ദക്ഷിണാമൂര്‍ത്തിക്ക് ധാരണാപിശക് ഉണ്ടെന്നാണ് തോന്നുന്നത്.
ഒഞ്ചിയം പ്രശ്നം കൈകാര്യം ചെയ്തപ്പോള്‍ ആ നാടിന്‍െറ സമര പാരമ്പര്യം ഓര്‍ക്കണമായിരുന്നു എന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക