Image

സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണ്‍ മലയാളികള്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2011
സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണ്‍ മലയാളികള്‍ സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന പ്രവാസി ന്യൂസ്‌ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സണ്ണി കുലത്താക്കലിനും പത്‌നി എലിസബത്ത്‌ കുലത്താക്കലിനും ഷുഗര്‍ലാന്റിലുള്ള കഫേ ഇന്ത്യാ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ സ്വീകരണം നല്‍കി.

1978-ല്‍ ആദ്യമായി പ്രകാശിപിച്ച `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ'വിന്റെ മുപ്പത്തഞ്ചാമത്‌ പതിപ്പ്‌ ഈ അവസരത്തില്‍ സ്റ്റാഫോര്‍ഡ്‌ മേയര്‍ പ്രോടേം കെന്‍ മാത്യു പ്രകാശനം ചെയ്‌തു. മുന്നു പതിറ്റാണ്ടുകളായി പ്രസിദ്ധീകരിക്കുന്ന ഈ ഡയറക്‌ടറിയുടെ മാനേജിംഗ്‌ എഡിറ്റര്‍ സണ്ണിയും പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ഭാര്യ എലിസബത്തുമാണ്‌. 2011-ലെ പുതിയ പതിപ്പില്‍ ഗള്‍ഫിലെ 160-ല്‍പ്പരം മഹദ്‌ വ്യക്തികളെ ഇന്റര്‍വ്യൂ ചെയ്‌ത്‌ 750-ല്‍പ്പരം പേജുകളില്‍ തയാറാക്കിയ ഈ ഡയറക്‌ടറിയില്‍ വ്യത്യസ്‌ത മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ എണ്ണവും നിരവധിയാണ്‌.

മാരാമണ്ണിലെ ഒരു വൈദീക കുടുംബത്തിലാണ്‌ ജനനം. ചെറുപ്പംമുതലേ തന്റെ ആഗ്രഹം ഒരു ജേര്‍ണലിസ്റ്റാകണമെന്നായിരുന്നു. ധനതത്വശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്‌. പഠനകാലത്തുതന്നെ മാധ്യമങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്നു. ഭേദപ്പെട്ട നല്ല ജോലികള്‍ വര്‍ഷങ്ങളോളം ചെയ്‌തെങ്കിലും തന്റെ ഉള്‍വിളി ജേര്‍ണലിസവും, പ്രസിദ്ധീകരണ മേഖലയുമായിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസത്തിന്റെ ഉദാഹരണങ്ങളായി എടുത്തുപറയത്തക്ക രണ്ടു ഗ്രന്ഥങ്ങളാണ്‌ `മയക്കുമരുന്നുകളുടെ ലോകവും', `വേശ്യകളുടെ ലോകവും.' നിരവധി പ്രശംസകള്‍ ഇന്ത്യയിലും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്‌. തന്റെ ജീവിതാഭിലാഷമായ ജേര്‍ണലിസവും പ്രസിദ്ധീകരണവും സഫലമാക്കാന്‍ ബഹ്‌റിന്‍ എന്ന ഗള്‍ഫ്‌ രാജ്യം സഹായിച്ചു. അവിടുത്തെ തന്റെ സണ്‍ലിസ്‌ പബ്ലിക്കേഷന്‍ അതിന്‌ അവസരമൊരുക്കി. വളരെ ദുര്‍ഘടമായ കാലഘട്ടങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ സന്തുഷ്‌ടമായ കുടുംബ ജീവിതവും താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സംതൃപ്‌തിയും ഈ മാരാമണ്‍ കൃഷിക്കാരന്‍കൂടിയായ സണ്ണിയുടെ മുഖത്ത്‌ നിറഞ്ഞുനില്‍ക്കുന്ന പുഞ്ചിരി വ്യക്തമാക്കും.

പ്രവാസി ന്യൂസിനെ പ്രതിനിധീകരിച്ച്‌ എഡിറ്റര്‍ ജോര്‍ജ്‌ പുത്തന്‍കുരിശിന്റെ സ്വാഗതത്തോടെ ആരംഭിച്ച സ്വീകരണത്തില്‍ മാരാമണ്‍ സ്വദേശിയും സണ്ണിയുടെ കുടുംബ സുഹൃത്തുമായ റവ.ഫാ. എം.ടി. ഫിലിപ്പ്‌ തന്റെ സ്വതസിദ്ധമായ മനോഹരശൈലിയില്‍ ആശംസകളും നന്മകളും നേര്‍ന്നു.

മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ തയ്യില്‍, ഫൊക്കാന ട്രഷറര്‍ ഷാജി ജോണ്‍, വേള്‍ഡ്‌ മലയാളി ഹൂസ്റ്റണ്‍ റീജിയന്‍ പ്രസിഡന്റ്‌ എസ്‌.കെ. ചെറിയാന്‍, പത്തനംതിട്ട അസോസിയേഷന്‍ സെക്രട്ടറി ബ്ലെസന്‍ സാമുവേല്‍, സാഹിത്യകാരന്‍ ജോണ്‍ മാത്യു, സ്റ്റാഫോര്‍ഡ്‌ മേയര്‍ പ്രോ ടേം കെന്‍ മാത്യു, ഫോമാ പ്രതിനിധി ജോണ്‍ ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മറുപടി പ്രസംഗത്തില്‍ ഹൂസ്റ്റണ്‍ മലയാളികളോട്‌ ഹൃദയത്തിന്റെ ഭാഷയില്‍ സണ്ണി കുലത്താക്കല്‍ നന്ദിയും സ്‌നേഹവും കൃതജ്ഞതയും രേഖപ്പെടുത്തി. ഒപ്പം പ്രവാസി ന്യൂസിനും. ദീര്‍ഘകാല പ്രവര്‍ത്തനങ്ങളേയും സേവനങ്ങളേയും മാനിച്ച്‌ പ്രവാസി ന്യൂസ്‌ പബ്ലീഷര്‍ മാര്‍ഗരറ്റ്‌ ജോണ്‍, സണ്ണി കുലത്താക്കലിനെ ഫലകം നല്‍കി ആദരിച്ചു. ചാക്കോ കല്ലുകുഴി കൃതജ്ഞത അര്‍പ്പിച്ചു. ഫാന്‍സിമോള്‍ പള്ളാത്തുമഠം എം.സിയായിരുന്നു.
സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണ്‍ മലയാളികള്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക