Image

ഫൊക്കാനാ എല്ലാ പ്രവാസി സംഘടനകള്‍ക്കും മാതൃക: കുമ്മനം രാജശേഖരന്‍

അനില്‍ പെണ്ണുക്കര Published on 23 November, 2019
ഫൊക്കാനാ എല്ലാ പ്രവാസി സംഘടനകള്‍ക്കും മാതൃക: കുമ്മനം രാജശേഖരന്‍
ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്ന് മുന്‍ മിസോറാം ഗവര്‍ണറും, മുന്‍ ബി. ജെ .പി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് തന്നെ ക്ഷണിക്കുവാനെത്തിയ ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി. നായരോടാണ് കുമ്മനം രാജശേഖരന്‍  ആശംസകള്‍ അറിയിച്ചത്.

" ഫൊക്കാനാ എല്ലാ പ്രവാസി സംഘടനകള്‍ക്കും മാതൃകയാണ്.അനുകരണീയമായ മാതൃക. ഏതൊരു മലയാളിയും കേരളം വിട്ടു പോകുമ്പോള്‍ അവനെ കേരളത്തിന്റെ സംസ്കൃതിയുമായി ബന്ധിപ്പിക്കുന്നത് അവന്റെ സാംസ്കാരിക സ്വത്വബോധമാണ്. അത് ഉണ്ടാക്കിയെടുക്കുവാന്‍ പ്രവാസികളെ സഹായിക്കുന്നത് സ്വന്തം ഭാഷയും,സംസ്കാരവുമാണ്. നമ്മുടെ ഭാഷയുടെയും, സംസ്കാരത്തിന്റേയും ഒത്തുചേരലാണ് ഓരോ മലയാളി സംഘടനകളേയും ധന്യമാക്കുന്ന ഘടകം. അത്തരം സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയാവട്ടെ കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി അതിന്റെ തനിമ ചോര്‍ന്നു പോകാതെ സാംസ്കാരിക നഭോമണ്ഡലത്തില്‍ സൂര്യ തേജസ്സോടെ വിരാജിക്കുന്നു."

ഫൊക്കാനയുടെ നിരവധി സമ്മേളനങ്ങളിലും ,ഒത്തുചേരലിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ജാതി മത വര്‍ഗ്ഗ വിത്യാസമില്ലാതെ കേരളമെന്ന ഒരു വികാരം വളര്‍ത്തിയെടുക്കുന്ന സാംസ്കാരിക പ്രസ്ഥാനം കൂടിയാണ് ഫൊക്കാന .അമേരിക്കന്‍ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് മാത്രമല്ല ,മറിച്ച് കേരളത്തിലെ തങ്ങളുടെ സഹജീവികളുടെ ജീവിത ദുരന്തങ്ങള്‍ക്ക് സഹായവുമായി കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി പ്രവര്‍ത്തിക്കുവാനും ഫൊക്കാനയ്ക്ക് സാധിക്കുന്നു.

മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഫൊക്കാന ഭവനം പ്രോജക്ടു തന്നെ അതിനുദാഹരണം. കിടപ്പാടം ഇല്ലാത്തവന്റെ അവസ്ഥ അതിദയനീയമാണ്. അവിടെയാണ് ഫൊക്കാനാ സഹായ ഹസ്തവുമായി എത്തുന്നത്.കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഫൊക്കാന ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് സഹായവുമായി ഓടിയെത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് നാടുവിട്ടാലും പിറന്ന നാടിനേടുള്ള പ്രതിബദ്ധതയും കടപ്പാടും ഒരു മലയാളിക്കും നഷ്ടമാകുന്നില്ല എന്നതാണ്.ഫൊക്കാനാ പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണ് ,പകരം വയ്ക്കാനാവാത്ത മാതൃക.അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ ന്യൂജേഴ്‌സി അന്തര്‍ദേശീയ കണ്‍വന്‍ഷനിലേക്ക് അതിഥിയായി കുമ്മനം രാജശേഖരനെ ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി. നായര്‍ ക്ഷണിച്ചു.

ഫൊക്കാനായുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്മനം രാജശേഖരനെ പോലെയുള്ള രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്നും മാധവന്‍ ബി നായര്‍ അറിയിച്ചു.



ഫൊക്കാനാ എല്ലാ പ്രവാസി സംഘടനകള്‍ക്കും മാതൃക: കുമ്മനം രാജശേഖരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക