Image

മോഡറേഷന്‍ വിവാദം: 390 വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് റദ്ദാക്കും

Published on 22 November, 2019
മോഡറേഷന്‍ വിവാദം: 390 വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് റദ്ദാക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാല മോഡറേഷന്‍ വിവാദം സോഫ്റ്റ്‌വേര്‍ തകരാറുമൂലമെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. വെളളിയാഴ്ച നടന്ന സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു. 727 വിദ്യാര്‍ഥികളുടെ ഫലത്തിലാണ് അപാകം കണ്ടെത്തിയത്. ഇതില്‍ 390 വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ഈ മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ വിനോദ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്തു. ബോധപൂര്‍വമായ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും സര്‍വകലാശാല അറിയിച്ചു.

2016 മാര്‍ച്ചിലാണ് മോഡറേഷന്‍ സോഫ്റ്റ്‌വേറില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ പ്രോവൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണവും ഡോക്ടര്‍ ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി അന്വേഷണവും നടന്നു. മോഡറേഷന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വേര്‍ പ്രോഗ്രാം കോഡിലെ അപാകമാണ് സംഭവത്തിനു കാരണമെന്നാണ് രണ്ട് റിപ്പോര്‍ട്ടിലെയും കണ്ടെത്തല്‍. സര്‍വകലാശാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ 12 പരീക്ഷകളുടെ മോഡറേഷന്‍ അപ്‌ലോഡ് ചെയ്തപ്പോഴാണ് അപാകമുണ്ടായത്. 11 പരീക്ഷകളില്‍ മാര്‍ക്ക് കൂടുകയും ഒരെണ്ണത്തില്‍ കുറയുകയുമായിരുന്നു. ഇത് 727 വിദ്യാര്‍ഥികളുടെ ഫലത്തില്‍ വ്യത്യാസമുണ്ടാക്കി.

ഇതുവരെയുള്ള അന്വേഷണത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ബോധപൂര്‍വം കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടില്ലെങ്കിലും പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് തീരുമാനം.

സോഫ്റ്റ്‌വേര്‍ അപാകം പരിഹരിക്കാന്‍ പലഘട്ടങ്ങളില്‍ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാസ്‌വേര്‍ഡ് നിയന്ത്രണത്തില്‍ ഗുരുതര വീഴ്ചസംഭവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക