Image

ഈ കുഞ്ഞുങ്ങളെ കൈവിടരുത് (സന്ദീപ് ദാസ്)

Published on 22 November, 2019
ഈ കുഞ്ഞുങ്ങളെ കൈവിടരുത് (സന്ദീപ് ദാസ്)
ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്‍ എന്ന പെണ്‍കുട്ടി എന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഷഹ്ലയുടെ സഹപാഠികള്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോഴാണ് ചെറിയൊരു ആശ്വാസം കിട്ടിയത്.ആ കുരുന്നുകളോട് വല്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നി.എത്ര പക്വതയോടെയാണ് അവര്‍ പ്രതികരിച്ചത് ! എത്ര ധീരമായിട്ടാണ് അവര്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞത് !

ഷഹ്ലയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപാട് പേര്‍ ഏറ്റെടുക്കേണ്ടതായിവരും.പക്ഷേ ബത്തേരിയിലെ സ്കൂള്‍ അധികൃതര്‍ തന്നെയാണ് ഏറ്റവും വലിയ കുറ്റക്കാര്‍.പാമ്പുകടിയേറ്റ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയ അദ്ധ്യാപകരാണ് മുഖ്യപ്രതികള്‍.അവരെ പൊളിച്ചടുക്കിയത് ഷഹ്ലയുടെ കൂട്ടുകാരാണ്.

ആ ചുണക്കുട്ടികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു

''പാമ്പുകടിച്ചുവെന്ന് ഷഹ്ല കരഞ്ഞുപറഞ്ഞിട്ടും അവളെ ഉടന്‍ ആശുപത്രിയിലെത്തിച്ചില്ല.പെട്ടന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് അദ്ധ്യാപകര്‍ കള്ളം പറയുകയാണ്....''

''ഷഹ്ലയുടെ കാലില്‍ ആണി കുത്തിയതാണെന്ന് മാഷ് പറഞ്ഞു.ആണി തറച്ചതാണെങ്കില്‍ രണ്ട് പാട് ഉണ്ടാകുമോ? കല്ല് കുത്തിയതാണെങ്കിലും ആണി കുത്തിയതാണെങ്കിലും ഒന്ന് ആശുപത്രിയിലെത്തിക്കാമായിരുന്നില്ലേ? "

"ഇവിടെ എല്ലാ സാറുമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും കാറുണ്ട്.എന്നിട്ടും ഒരാള്‍ പോലും സഹായിച്ചില്ല...''

''ഷഹ്ലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ സജിന്‍ സര്‍ ഞങ്ങളെ വടിയെടുത്ത് ഓടിച്ചു.കുട്ടിയുടെ അച്ഛന്‍ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞു.സജിന്‍ സാറിനെതിരെ ആക്ഷന്‍ എടുക്കണം....''

കേവലം 1012 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ സംസാരത്തിന് എന്തൊരു വ്യക്തതയാണെന്ന് നോക്കൂ !കാടടച്ചുള്ള വെടിയല്ല.കുറിയ്ക്കുകൊള്ളുന്ന അഭിപ്രായശരങ്ങളാണ് ! അവരുടെ ശരീരഭാഷയില്‍ ആധികാരികത നിറഞ്ഞുനില്‍ക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സജിന്‍ എന്ന അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടികള്‍ കൃത്യമായി പറഞ്ഞുവെച്ചിരുന്നു.ഈ ലേഖകനും ആ പ്രായം കടന്നുവന്നതാണ്.ഇതിന്റെ പകുതി ധൈര്യം പോലും അക്കാലത്ത് എനിക്കില്ലായിരുന്നു.ണ്ടഅദ്ധ്യാപകരെ കാണുമ്പോഴേക്കും ഞാന്‍ ആലില പോലെ വിറയ്ക്കുമായിരുന്നു !

ഇതിനുപുറമെ ഒട്ടേറെ ലജ്ജിപ്പിക്കുന്ന വസ്തുതകള്‍ കുട്ടികള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ആ സ്കൂളിലെ ക്ലാസ്മുറികളില്‍ ചെരിപ്പിട്ട് കയറാന്‍ പാടില്ലെത്രേ! ഭക്ഷണം കഴിച്ചാല്‍ കൈകഴുകാന്‍ വെള്ളമില്ല.ടോയ്‌ലറ്റില്‍ ബക്കറ്റില്ല.ഹെഡ്മാസ്റ്റര്‍ പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇങ്ങനെ സത്യങ്ങള്‍ വിളിച്ചുപറയാന്‍ കുട്ടികള്‍ക്ക് പൊതുവെ സാധിക്കാറില്ല.ഒരു അദ്ധ്യാപകന്‍ വിചാരിച്ചാല്‍ വിദ്യാര്‍ത്ഥികളെ പരമാവധി ദ്രോഹിക്കാന്‍ കഴിയും.ഇന്റേണല്‍ മാര്‍ക്ക് പോലുള്ള സംഗതികള്‍ പല അദ്ധ്യാപകരും വ്യക്തിവിരോധം തീര്‍ക്കുന്നതിനുവേണ്ടി ഉപയോഗിക്കാറുണ്ട്.കുട്ടികളെ മാനസികമായി പീഡിപ്പിച്ചും ശാരീരികമായി ഉപദ്രവിച്ചും ആനന്ദം കണ്ടെത്തുന്ന അദ്ധ്യാപകരുണ്ട്.അതുകൊണ്ടാണ് ഇളംനാവുകള്‍ പലപ്പോഴും മൗനംപാലിക്കുന്നത്.നിലനില്പിനേക്കാള്‍ വലുതല്ലല്ലോ ഒന്നും !

അധികൃതരുടെ അനാസ്ഥയും മനുഷ്യത്വമില്ലായ്മയും മൂലം ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ വിദ്യാര്‍ത്ഥിനിയല്ല ഷഹ്ല.പക്ഷേ അത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹപാഠികള്‍ പേടിച്ച് മിണ്ടാതിരിക്കാറാണ് പതിവ്.ബത്തേരിയില്‍ അത് സംഭവിച്ചില്ല.

വിദ്യാലയങ്ങള്‍ക്ക് അനാവശ്യമായ ദിവ്യപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ആളുകളുണ്ട്.ചില അദ്ധ്യാപകര്‍ തങ്ങള്‍ക്ക് കൊമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.ബത്തേരിയിലുള്ളവര്‍ അത്തരക്കാരാണെന്ന് തോന്നുന്നു.പാദരക്ഷകള്‍ ക്ലാസിനു പുറത്തുവെയ്ക്കണം എന്ന നിയമമൊക്കെ സൂചിപ്പിക്കുന്നത് അതാണ്.ആ മുറ്റത്തുനിന്നുകൊണ്ടാണ് കുട്ടികള്‍ ഈ വിധം ശബ്ദമുയര്‍ത്തിയത്.അവരെ അഭിനന്ദിച്ചേ മതിയാകൂ.

കുറച്ചുദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ സംഭവം ഒന്ന് തണുക്കും.നമ്മളും മാദ്ധ്യമങ്ങളും മറ്റു വിഷയങ്ങളുടെ പുറകെ സഞ്ചരിക്കും.അത്തരമൊണ്ടരു സാഹചര്യം വരുമ്പോള്‍ ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്.അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത കൂടി നമുക്കുണ്ട്.കൂട്ടുകാരിയ്ക്കുവേണ്ടി ചങ്കുറപ്പോടെ നിലകൊണ്ടവരാണ് അവര്‍.ഷഹ്ലയ്ക്ക് നീതികിട്ടുന്നതിനുവേണ്ടി പൊരുതിയവരാണ് അവര്‍.കൈവിടരുത് അവരെ...

അദ്ധ്യാപനം എന്നത് വളരെയേറെ പ്രധാനപ്പെട്ട ഒരു പ്രൊഫഷനാണ്.ചില കടല്‍ക്കിഴവന്‍മാര്‍ ആ മേഖലയ്ക്ക് ബാദ്ധ്യതയായി നില്‍ക്കുന്നുണ്ട്.ഈ കുട്ടികളുടെ തലമുറ വളര്‍ന്നുവരികയാണ്.അതോണ്ടടെ മൂരാച്ചികള്‍ക്കെല്ലാം ചവറ്റുകൊട്ടയിലാവും സ്ഥാനം.ഇവരില്‍ എനിക്ക് പ്രതീക്ഷയുണ്ട്....ഈ നാടിന് പ്രതീക്ഷയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക