Image

മുന്‍ ജര്‍മന്‍ പ്രസിഡന്റിന്റെ മകന്‍ കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍

Published on 21 November, 2019
മുന്‍ ജര്‍മന്‍ പ്രസിഡന്റിന്റെ മകന്‍ കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍
ബര്‍ലിന്‍ : മുന്‍ ജര്‍മന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് വണ്‍ വൈസേക്കറുടെ മകനും ബര്‍ലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാര്‍ക്കിലെ ചീഫ് മെഡിക്കല്‍ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്‌സ് വണ്‍ വൈസേക്കര്‍ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ജര്‍മന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ് കസ്റ്റഡിലെടുത്തു.

പ്രഫസര്‍ ഫ്രിറ്റ്‌സ് നടത്തിയ പ്രഭാഷണത്തിനിടയിലാണ് മുന്‍നിരയിലിരുന്ന അക്രമി വേദിയിലെത്തി കുത്തി വീഴ്ത്തിയത്. പ്രഫസറെ രക്ഷിക്കാനായി ഓടിയെത്തിയ ഒരു പൊലീസുകാരനെയും ഇയാള്‍ ആക്രമിച്ചു. പൊലീസുകാരന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് സൂചന.

മരണമടഞ്ഞ ഫ്രിറ്റ്‌സിന്റെ പിതാവ് റിച്ചാര്‍ഡിനോടുളള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ മാനസിക രോഗിയാണെന്ന് ഇയാളെ പരിശോധിച്ച  ഡോക്ടര്‍മാര്‍ വിലയിരുത്തി. കോടതിയില്‍ ഹാജരാക്കിയ ഗ്രിഗൊറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മരണമടഞ്ഞ ഫ്രിറ്റ്‌സിന്റെ പിതാവ് റിച്ചാര്‍ഡ് 1984 മുതല്‍ 1994 വരെ ജര്‍മനിയുടെ ആറാമത്തെ പ്രസിഡന്റായിരുന്നു. സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ മാധ്യമങ്ങളെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക