Image

മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്രം; ആശങ്കയുണ്ടെന്ന് കേരളത്തിലെ എംപിമാര്‍; എതിര്‍ത്ത് തമിഴ്‌നാട്; ലോക്‌സഭയില്‍ ബഹളം

Published on 21 November, 2019
മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്രം; ആശങ്കയുണ്ടെന്ന് കേരളത്തിലെ എംപിമാര്‍; എതിര്‍ത്ത് തമിഴ്‌നാട്; ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളവും തമിഴ്‌നാടും സമവായത്തില്‍ എത്തണമെന്നും കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ലോക്‌സഭയില്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബഹളം വെച്ചതോടെ തമിഴ്‌നാടും കേരളത്തിനെതിരെ രംഗത്തെത്തി. ഇതോടെ പാര്‍ലമെന്റ് അല്‍പ്പസമയം ബഹളത്തില്‍ മുങ്ങി.


ഇടുക്കി എംപി ഡീന്‍ കുര്യക്കോസാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച വിഷയം ആശങ്കയുണ്ടെന്ന് ആദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത്. ഭൂചലനസാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക അറിയിക്കല്‍. എന്നാല്‍, ആശങ്കയുടെ കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ പ്രതികരണം.


എല്ലാ പഠനത്തിലും ഡാമിന് ഭൂചലന ഭീഷണി ഇല്ല എന്നാണ് വ്യക്തമാകുന്നതെന്ന് ജലശക്തി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും സമവായത്തിലെത്തിയാല്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്നു ഷെഖാവത്ത് അറിയിച്ചു.


എന്നാല്‍, പുതിയ ഡാം പണിയുന്നതിനുള്ള നിര്‍ദേശത്തോട് തമിഴ്‌നാട് യോജിക്കുന്നില്ലെന്നും മന്ത്രി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവരെ അറിയിച്ചു. പുതിയ ഡാമിന്റെ പഠനം തന്നെ ആവശ്യമില്ലായിരുന്നുവെന്നാണ് ഡിഎംകെ അംഗം എ രാജ പ്രതികരിച്ചത്. ഡാം സുരക്ഷിതമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരളത്തിലെ എംപിമാര്‍ എഴുന്നേറ്റതോടെയാണ് സഭ അല്‍പനേരം ബഹളത്തില്‍ മുങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക