Image

ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 21 November, 2019
ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)
ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനും വിശന്നു തിരിച്ചുപോകാതിരിക്കാന്‍ പദ്ധതിയുമായി ദേവസ്വംബോര്‍ഡ്. വിശക്കുന്ന ഏത് ഭക്തനും ഒരു നേരത്തെ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ നടത്തിവരുന്ന അന്നദാനം വഴിപാട് സമര്‍പ്പണമായി മാറ്റാനാണ് തീരുമാനമെന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ദിവസം 40000 പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ഭാരിച്ച സാമ്പത്തിക ചെലവാണ് ഇതിനു വേണ്ടിവരുന്നത്. ഇത് പരിഹരിക്കാനാണ് ശ്രമം.
 ഒരു ദിവസം അന്നദാനത്തിനു മാത്രം ആറുലക്ഷം രൂപ വേണം. ഈ പണം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമര്‍പ്പണമായി കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ ചെലവിലേക്കായി ആറ് ലക്ഷം രൂപ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കും അന്നത്തെ അന്നദാന വഴിപാട്. ഒരു നേരത്തേക്ക് രണ്ടുലക്ഷം രൂപ സമര്‍പ്പിക്കുന്നവരുടെ പേരിലായിരിക്കും ആ നേരത്തെ അന്നദാന വഴിപാട്. അവരവരുടെ കഴിവിന് അനുസരിച്ച് സംഭാവനകള്‍ രണ്ടുലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ നല്‍കാവുന്നതാണ്. ഓരോരുത്തരും താല്‍പ്പര്യപ്പെടുന്ന തീയതിയും സമയവും അനുസരിച്ച് അന്നദാന വഴിപാട് നടത്താന്‍ അവസരം നല്‍കും.  ഇതുമായി ബന്ധപ്പെട്ട് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യക്തികളില്‍  നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 ശബരിമലയില്‍ ഇപ്പോള്‍ നടത്തുന്ന അന്നദാനം ഇന്ത്യയിലെ ഇത്തരത്തിലുള്ള വലിയ സംരംഭങ്ങളില്‍ ഒന്നാണ്. സന്നിധാനത്തെ അന്നദാനശാലയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു നേരം 5000 പേര്‍ക്കു വരെ ഭക്ഷണം നല്‍കാനാകും. ഇപ്പോള്‍ പരമാവധി 2500 പേര്‍ക്കാണ് നല്‍കി വരുന്നത്. വളരെ വൃത്തിയോടെയും ഭംഗിയോടെയുമാണ് ഇത് നിര്‍വഹിച്ചുവരുന്നത്. 24 മണിക്കൂറും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും.  

അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ
 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

 ശബരിമല തീര്‍ഥാടകര്‍ക്ക്് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സന്നദ്ധ സംഘടനയായ അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ മണ്ഡലമകരവിളക്ക് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  260 വോളന്റിയര്‍മാരാണ് ആദ്യ ഘട്ടത്തില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ രംഗത്തുള്ളത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ വോളന്റിയര്‍മാരെത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പരമ്പരാഗത പാതയില്‍ ചുക്കുവെള്ള വിതരണത്തിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ദിവസവും പതിനായിരത്തില്‍ അധികം പേര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കും. ഇതിനു പുറമേ പമ്പ, കരിമല, എരുമേലി, വലിയാനവട്ടം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ 14 ഇടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജീകരിച്ചു. പ്രാഥമിക ശുശ്രൂഷക്കുള്ള സംവിധാനവും അവശരാകുന്നവരെ സ്ട്രക്ചറില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള വോളന്റിയര്‍മാരും ഇവിടെയുണ്ടാകും. പമ്പമുതല്‍ സന്നിധാനം വരെ എവിടെ വച്ചും അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം വോളന്റിയര്‍മാര്‍ ഓടിയെത്തും. സംഘത്തിന്റെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോലീസിന്റെ വയര്‍ലസ് പോയിന്റില്‍ നിന്നുള്ള അടിയന്തര ആവശ്യങ്ങളെക്കുറിച്ചുള്ള വിവരം ഇതിന് സഹായകമാകുന്നു.
സന്നിധാനത്ത് സംഘത്തിന്റേതായി ഒരു ആശുപത്രി പ്രവര്‍ക്കുന്നുണ്ട്. പമ്പയില്‍ ഒരു ആംബുലന്‍സും സജ്ജമാണ്. പുണ്യം പൂങ്കാവനം പദ്ധതിയില്‍ 50 വാളന്റിയര്‍മാര്‍ നിത്യവും ശുചീകരണ പ്രവര്‍ത്തനം നടത്തും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ 150 വാളന്റിയര്‍മാര്‍ സന്നിധാനം മുതല്‍ പമ്പ വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. മാസപൂജയ്ക്ക് നട അടച്ച ശേഷം സന്നിധാനം മുതല്‍ പമ്പ വരെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അയ്യപ്പസേവാ സംഘത്തിന്റെ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദേശീയ വൈസ് പ്രസിഡന്റ് പി. ബാലനാണ്.

ശബരിമല ക്രമീകരണങ്ങള്‍ തൃപ്തികരം:
ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍
========================================
ശബരിമലയില്‍ മണ്ഡലമകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വളരെ തൃപ്തികരണമാണെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തര്‍ക്ക് വളരെ സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുണ്ട്. അത് അവര്‍ക്ക് സന്തോഷവും സംതൃപ്തിയും പകരുന്നതാണ്. പുതിയ ഭണ്ഡാരം പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പരമാവധി വൃത്തിയുള്ളതായി. അന്നദാനം വളരെ കൃത്യതയോടെ നടക്കുന്നുണ്ട്. കൂടാതെ ഭക്തര്‍ക്ക് വിരിവയ്ക്കാനും യഥേഷ്ടം സൗകര്യം ഏര്‍പ്പെടുത്തിയതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ചുവെന്ന് പറയാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ പ്രചാരണം നടത്തിയാല്‍ മാത്രമെ ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കാനാകൂ. പാവപ്പെട്ടവര്‍ക്കിടയില്‍ ഇതു സംബന്ധിച്ച് അവബോധം കുറവാണ്. മാത്രമല്ല കടകളില്‍ നിന്ന് ഭൂരിഭാഗം സാധനങ്ങളും പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രചാരണത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പൂജാ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് ഒഴിവാക്കണം.
സോപാനത്ത് മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് പോലീസ് കര്‍ശനമായി വിലക്കണം.  ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് വരാന്‍ പാടില്ല. അവിടെ നടക്കുന്നത് ആരാധനയാണ് ടൂറിസമല്ല. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
വലിയ നടപ്പന്തലില്‍ സ്‌റ്റേജിനടുത്ത് തിരുമുറ്റത്തേക്ക് കയറുന്ന ഭാഗത്ത് ഭക്തര്‍ക്ക് ഭീഷണിയായിരുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ ഓംബുഡ്‌സ്മാന്റെ നിര്‍ദേശപ്രകാരം മുറിച്ചു മാറ്റി. പാണ്ടിത്താവളത്ത് നിരന്ന് കിടക്കുന്ന ആണിയുള്ള വാര്‍ക്കപ്പലകകളും അന്നദാന മണ്ഡപത്തില്‍ നിന്നും പുറത്തേക്ക് അയ്യപ്പന്‍മാര്‍ ഇറങ്ങുന്ന വഴിയില്‍ ഇളകി നില്‍ക്കുന്ന കമ്പി നീക്കം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ചെയര്‍മാന്‍  ജസ്റ്റിസ് സിരിജഗനും ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ എത്തിയിരുന്നു.

പുണ്യം പൂങ്കാവനം: പ്ലാസ്റ്റിക് ശബരിമലയിലേക്ക്
കൊണ്ടുവരാന്‍ പാടില്ല
==================================
പ്ലാസ്റ്റിക് ഒരു കാരണവശാലും ശബരിമലയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍  ജസ്റ്റിസ് സിരിജഗന് ഒപ്പം പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ശബരിമലയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള പരിശ്രമത്തില്‍ എല്ലാ ഭക്തരും പങ്കാളികളാകണം. കെട്ട് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് വരുന്നത്. കുങ്കുമം, മഞ്ഞള്‍പ്പൊടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കൊണ്ടുവരാതിരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണം. കടകളില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സാധനങ്ങള്‍ വാങ്ങില്ല എന്നു വരുമ്പോള്‍ അവര്‍ അതു സ്‌റ്റോക്ക് ചെയ്യില്ല. സാധനങ്ങള്‍ കടലാസില്‍ പൊതിയുന്നത് അനുയോജ്യമായിരിക്കും. കടലാസില്‍ പൊതിഞ്ഞാല്‍ പ്ലാസ്റ്റിക് ശബരിമലയില്‍ വരുന്നത് ഒഴിവാക്കാം. ശബരിമല വനപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോള്‍ സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈശ്വരനെ ഭജിക്കുന്ന എല്ലാവരും പ്രകൃതിയെയും ബഹുമാനിക്കണമെന്നും ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.
പുണ്യം പൂങ്കാവനം ശുചീകരണത്തിന്റെ ഭാഗമായി തിരുമുറ്റത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. വിശുദ്ധിസേന, അയ്യപ്പസേവാസംഘം എന്നിവയിലെയും എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, പോലീസ്, എക്‌സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)ശബരിമല; ഒരു ഭക്തനും വിശന്നു തിരിച്ചു പോകാതിരിക്കാന്‍ പദ്ധതി (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക