Image

പ്രവാസികളില്‍ പ്രമേഹ രോഗവും സങ്കീര്‍ണതകളും; സെമിനാര്‍

Published on 20 November, 2019
പ്രവാസികളില്‍ പ്രമേഹ രോഗവും സങ്കീര്‍ണതകളും; സെമിനാര്‍


കുവൈത്ത് സിറ്റി: പ്രവാസികളില്‍ പ്രമേഹ രോഗവും അതിന്റെ സങ്കീര്‍ണതകളും അതുമായി ബന്ധപ്പെട്ടുള്ള മരണനിരക്കും വളരെ കൂടുതലായി വരുന്നതായി പ്രശസ്ത പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ.ബിജി ബഷീര്‍. കുവൈത്ത് കെ.എം.സി.സി. മെഡിക്കല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ ഹാളില്‍ ലോക പ്രമേഹ ദിനാചരണ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍ ഷഹീദ് പാട്ടില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ കാണുന്ന പ്രമേഹ നിരക്കിനേക്കാല്‍ ഏകദേശം മൂന്നു മടങ്ങാണ് കുവൈത്ത് പ്രവാസികളില്‍ പ്രമേഹത്തിന്റെ തോതെന്ന് അദ്ദേഹം പറഞ്ഞു. രോഗനിര്‍ണയത്തിലും തുടര്‍ ചികിത്സാ രംഗത്തുമുള്ള അശ്രദ്ധയാണ് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുന്നത്. കൃത്യമായ തുടര്‍ ചികിത്സകളും ചിട്ടയായ ജീവിത രീതികള്‍ കൊണ്ടും ഒരു പരിധി വരെ അത്തരം സങ്കീര്‍ണതകള്‍ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് പ്രവാസ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മരണ നിരക്കുകളില്‍, പ്രത്യേകിച്ചും മസ്തിഷ്‌ക  ഹൃദയ ആഘാതങ്ങളില്‍, പ്രമേഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് ഡോ.അമീര്‍ അഹമ്മദും ക്ലാസ് എടുത്തു. ആരോഗ്യപരമായ ഭക്ഷണ രീതികളെ കുറിച്ച് ഡോ.പാറക്കല്‍ സേവിയര്‍ സിറില്‍, പാദ സംരക്ഷണത്തെ കുറിച്ച് പ്രമുഖ പോടിയാട്രിസ്റ്റ് ഡോ. ഗോപകുമാറും, മാനസിക സമ്മര്‍ദങ്ങള്‍ നിറഞ്ഞതും വ്യായാമ ശീലങ്ങള്‍ ഇല്ലാത്തതുമായ ജീവിത ശൈലിയുടെ പ്രശ്‌നങ്ങള്‍ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അബ്ദുല്‍ ഹമീദ് കൊടൂവള്ളിയും സംസാരിച്ചു. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ സദസില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി. മെഡിക്കല്‍ വിംഗ് വൈസ് ചെയര്‍മാന്‍ നിഹാസ് വാണിമേല്‍ മോഡറേറ്ററായിരുന്നു. കെ.എം.സി.സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുഷ്താഖ്, ട്രഷറര്‍ എം.ആര്‍.നാസര്‍, അബ്ദുല്‍ സത്താര്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ വിംഗ് നേതാക്കളായ അനസ് തയ്യില്‍, ഷറഫുദ്ദീന്‍, മൊയ്തീന്‍ ബയാര്‍, ഷാനിദ് കൊയിലാണ്ടി, ഫൈസല്‍, അഷ്‌റഫ് മണ്ണാര്‍ക്കാട്, ഫാസില്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ എകോപിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക