Image

കാലാപാനി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കത്തിലെ 'കറുത്ത വെള്ളം' (ശ്രീനി)

Published on 20 November, 2019
കാലാപാനി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കത്തിലെ 'കറുത്ത വെള്ളം' (ശ്രീനി)
"കാലാപാനി' എന്ന് കേള്‍ക്കുമ്പോള്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1996-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രത്തെക്കുറിച്ചാണ് ഓര്‍മ വരുന്നത്. പ്രഭു, അംരീഷ് പുരി, ശ്രീനിവാസന്‍, തബു, നെടുമുടി വേണു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് സിനിമയാണിത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ "കാലാപാനി' എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തില്‍ ആവിഷ്കരിച്ചത്. ഇവിടെ മറ്റൊരു കാലാപാനിയാണ് ഇപ്പോള്‍ ഗൗരവമര്‍ഹിക്കുന്ന ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഇന്ത്യ-നേപ്പാള്‍-ടിബറ്റ് അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശമാണ് കാലാപാനി. കാലാപാനി ഇന്ത്യയുടെ ഭാഗമായിട്ടാണ് കരുതുന്നത്. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരിക്കുകയാണിപ്പോള്‍ നേപ്പാള്‍. കൈലാസ-മാനസസരോവര്‍ റോഡില്‍ സമുദ്ര നിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലുള്ള 35 ചതുരശ്ര കിലേമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണിത്. ഉത്തരാഖണ്ഡിലെ പിതോര്‍ഗഢ് ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാലത് തങ്ങളുടെ ദര്‍ചുല ജില്ലയുടെ ഭാഗമാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയുടെ അവകാശവാദം. ആദ്യമായിട്ടാണ് കാലാപാനി പ്രദേശത്തിന് അവകാശവാദം നേപ്പാള്‍ പരസ്യമായി ഉന്നയിക്കുന്നത്.

തര്‍ക്കത്തിന്റെ പിന്നാമ്പുറം ഇതാണ്...1814-'16ലെ ആംഗ്ലോ-നേപ്പാള്‍ യുദ്ധം   നിര്‍ത്തിയ ശേഷം 1816-ല്‍ നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും ഒപ്പിട്ട സിഗൗലി ഉടമ്പടിയില്‍ നേപ്പാളും ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി മഹാകാളി നദിയെ കല്പിച്ചിട്ടുണ്ട്. എന്നാല്‍, കൈവഴികളെക്കുറിച്ചോ നദിയുടെ ഉറവിടത്തെക്കുറിച്ചോ സന്ധിയില്‍ പരാമര്‍ശമില്ല. 1870-കളിലെ ബ്രിട്ടീഷ് സര്‍വേ രേഖകളിലും 1879-ലെ ഭൂപടത്തിലും കിഴക്കന്‍ തീരത്തെയും കാലാപാനിയെയും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാപാനി പിതോര്‍ഗഢ് ജില്ലയുടെ ഭാഗമായിരുന്നുവെന്ന് തെളിയിക്കുന്ന, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള 1830-കളിലെ ഭരണ, നികുതി രേഖകളും ഇന്ത്യ ഹാജരാക്കിയിട്ടുണ്ട്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ 1981-ല്‍ ഇരുരാജ്യങ്ങളും സംയുക്ത സാങ്കേതിക തല അതിര്‍ത്തി സമിതി രൂപവത്കരിച്ചെങ്കിലും അതിനും പ്രശ്‌നപരിഹാരം കണ്ടെത്താനായില്ല. നിലവില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ പരിഗണനയിലാണ് വിഷയം. ചര്‍ച്ചകള്‍ ഇപ്പോഴും എങ്ങുമെത്താതെ തുടരുന്നു. 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിനു ശേഷം കാലാപാനിയെ നിയന്ത്രിക്കുന്നത് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിപ്പോലീസാണ്.

ഏതായാലും ഇന്ത്യയും നേപ്പാളും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാവുന്ന പ്രശ്‌നമായി മാറുകയാണ് കാലാപാനി അതിര്‍ത്തി തര്‍ക്കം. ജമ്മുകശ്മിര്‍ വിഭജനത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരേ കഴിഞ്ഞ ദിവസം നേപ്പാള്‍ വിമര്‍ശിച്ചിരുന്നു. ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പിതോര്‍ഗഢ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാളിന്റെ അധീനതയിലാണുള്ളത്. ഈ അവകാശ വാദമുയര്‍ത്തിയിരിക്കുകയാണ് നേപ്പാള്‍. ഈ പ്രദേശത്തുകൂടി ഒഴുകുന്ന "മഹാകാളി' നദിയാണ് തര്‍ക്കത്തിന്റെ പ്രധാന കാരണം. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികള്‍ വന്നുചേരുന്നത് കാലാപാനിയിലാണ്. എന്നാല്‍, ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ നേപ്പാളിന്റെ അവകാശവാദങ്ങളും ആരോപണങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞു. നവംബര്‍ 15ന് പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടത്തില്‍ കാലാപനി പ്രദേശത്തെ തെറ്റായി ഉള്‍പ്പെടുത്തിയെന്ന നേപ്പാളിന്റെ ആരോപണമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ രാഷ്ട്രീയ ഭൂപടമാണ് ഇന്ത്യ പുറത്തിറക്കിയത്. അതനുസരിച്ച് കാലങ്ങളായി കാഠ്മണ്ഡു അവകാശപ്പെടുകയും തര്‍ക്കത്തില്‍ ഇരിക്കുകയും ചെയ്യുന്ന കാലാപാനിയുടെയും ലിപു ലേഖിന്റെയും ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലാണ്. ഭൂപടം പുറത്തിറക്കിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം നേപ്പാള്‍ സര്‍ക്കാര്‍ നിശബ്ദതരായിരുന്നെങ്കിലും പിന്നീട് വിദേശ കാര്യ മന്ത്രാലയം തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തി.

കലാപാനി നേപ്പാളിന്റെ ഭാഗമാണെന്നത് വ്യക്തമാണെന്ന ഔപചാരിക പ്രസ്താവനയാണ് നേപ്പാള്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിയത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. മാത്രവുമല്ല ചരിത്രപരമായ രേഖകളുടെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കണമെന്ന നിലപാടാണ് നേപ്പാള്‍ സര്‍ക്കാരിനുള്ളത്.

എന്നാല്‍ നേപ്പാളിന്റെ പരാതി തള്ളുകയും പുതിയ ഭൂപടം ശരിയാണെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയുമാണ് ഇന്ത്യ. പുതിയ ഭൂപടം ഇന്ത്യയുടെ പരമാധികാര പ്രദേശത്തെ കൃത്യമായി ചിത്രീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പുതിയ ഭൂപടത്തില്‍ ഒരു തരത്തിലും നേപ്പാളുമായുള്ള അതിര്‍ത്തി പരിഷ്കരിച്ചിട്ടില്ല. നേപ്പാളുമായുള്ള അതിര്‍ത്തി നിര്‍വഹണം നിലവിലെ സംവിധാനത്തില്‍ തുടരുകയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിലൂന്നിയുള്ള സംവാദങ്ങളിലൂടെ പ്രശ്‌ന പരിഹാരം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, കാലാപാനി, ലിപു ലേഖ്, ലിംഫുയാധാര എന്നീ പ്രദേശങ്ങള്‍ നേപ്പാളില്‍ ഉള്‍പ്പെടുന്ന ഹിമാലയന്‍ പ്രദേശങ്ങളുടെ ഭാഗമാണെന്നും സര്‍വേ വകുപ്പ് പുറത്തിറക്കിയ ഭൂപടത്തില്‍ ഇത്തരത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും നേപ്പാള്‍ പറയുന്നു. ഇത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു രാഷ്ട്രീയ പ്രശ്‌നമായി തുടരുകയാണ്. ഈ വിഷയത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില "നിക്ഷിപ്ത തത്പരകക്ഷികള്‍' ശ്രമിക്കുകയാണെന്ന് പ്രത്യേകം ഒരു രാജ്യത്തെയോ വ്യക്തിയെയോ പരാമര്‍ശിക്കാതെ വിദേശ കാര്യ വക്താവ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് ഇരുവരും ജാഗ്രത പാലിക്കണമെന്നും രവീഷ് കുമാര്‍ സൂചിപ്പിച്ചു.

കാലാപാനിയുടെ കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേപ്പാളിലെ ഭരണപക്ഷം, പ്രതിപക്ഷം, പ്രമുഖ പൗരന്മാര്‍ എന്നിവര്‍ക്കിടയില്‍ ഇതിനോടകം തന്നെ ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയായി കഴിഞ്ഞു. പ്രസ്തുത വിഷയത്തില്‍ രാഷ്ട്രീയ ശക്തികള്‍ക്കിടയില്‍ ഐക്യം തേടുന്നതിന് പ്രധാനമന്ത്രി ഒലി വിശേഷിപ്പിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ ""ഏകപക്ഷീയമായ നടപടി''ക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതായി നേപ്പാളിലെ കോണ്‍ഗ്രസ് നേതാവ് ഗഗന്‍ താപ്പ വിദേശകാര്യ മന്ത്രി ഗ്യാവാലിയോട് ട്വിറ്ററിലൂടെ പറഞ്ഞു.

ഇതിനിടെ ഈ വിഷയത്തില്‍ ചില ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. "ഗോ ബാക്ക് ഇന്ത്യ', "ബാക്ക് ഓഫ് ഇന്ത്യ' എന്നിങ്ങനെ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമേന്തി തെരുവുകളില്‍ ആളുകള്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നം ഇന്ത്യ തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിയന്ത്രണാതീതമായ മറ്റൊരു സാഹചര്യത്തിലേക്ക് നയിക്കും. 2015-ലെ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഒരു ഏറ്റുമുട്ടലിലേക്ക് ഇത് എത്തിച്ചേക്കാം. ഓര്‍ക്കുക, 2015-ലെ ഇന്ത്യന്‍ ഉപരോധം നേപ്പാള്‍ ജനതയുടെ ഒരു തലമുറയെ തന്നെയാണ് അന്യവല്‍ക്കരിച്ചിത്. അതിപ്പോഴും ചൂടുള്ള ഓര്‍മയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക