Image

ഗവര്‍ണര്‍ക്ക് പോകാന്‍ പോലീസ് മേധാവിയുടെ പത്നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

Published on 20 November, 2019
ഗവര്‍ണര്‍ക്ക് പോകാന്‍ പോലീസ് മേധാവിയുടെ പത്നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസില്‍ ഗതാഗതകുരുക്കില്‍പ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ദ്ധരാത്രിവരെ നില്‍പ്പ് ശിക്ഷ നല്‍കിയ സംഭവത്തില്‍ പരിഹാസവുമായി അഭിഭാഷകനും രാഷ്‌ട്രീയ നിീക്ഷകനുമായ അഡ്വ. ജയശങ്കര്‍ രംഗത്ത്.


ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പൊലീസ് മേധാവിയുടെ പത്നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് അപമാനരമാണെന്നും ബെഹ്‌റയ്‌ക്ക് വേണമെങ്കില്‍ ഉദ്യോഗസ്ഥരെ കുറ്റപത്രം നല്‍കി പിരിച്ചുവിടാമായിരുന്നുവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.


ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

'സൗമ്യനും സ്‌നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്ര സാര്‍. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്ര സാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നില്‍പ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാര്‍ത്ത നുണയാകാനേ തരമുള്ളൂ.


പ്രോട്ടോക്കോള്‍ പ്രകാരം, ഗവര്‍ണറേക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആ്ര്രകിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.


ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്രയ്ക്ക് വേണമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാന്‍ പോലും കഴിയുമായിരുന്നു.


അദ്ദേഹം അതൊന്നും ചെയ്‌തില്ല. മറിച്ച്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങള്‍ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!'

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകാന്‍ 35മിനിറ്റ് റോഡ് അടച്ചിട്ട് പൊതുജനത്തെയടക്കം ബുദ്ധിമുട്ടിച്ച രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡി.ജി.പി ബെഹ്‌റയുടെ നില്‍പ്പുശിക്ഷ നല്‍കിയത്. ഡി.ജി.പിയുടെ ഭാര്യയും ട്രാഫിക് കുരുക്കില്‍ അകപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക