Image

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ഗവായി! മുന്‍ സുപ്രീം കോടതി വിധി നിലനില്‍ക്കുന്നു

Published on 20 November, 2019
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ഗവായി! മുന്‍ സുപ്രീം കോടതി വിധി നിലനില്‍ക്കുന്നു

ദില്ലി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഗവായി. ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ഗവായിയുടെ പ്രതികരണം. എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിലനില്‍ക്കുന്നുണ്ട്. പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത് വരെ നേരത്തെയുളള വിധി നിലനില്‍ക്കുന്നുണ്ട് എന്നാണ് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


അതേസമയം ശബരിമലയില്‍ പ്രത്യേക നിയമം വേണം എന്നും നിയമത്തിന്റെ കരട് ഒരു മാസത്തിനകം തയ്യാറാക്കണം എന്നുമാണ് ജസ്റ്റിസ് എന്‍വി രമണ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ശബരിമല വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.


2018 സെപ്റ്റംബര്‍ 28നാണ് ദീപക് മിശ്ര അംഗമായ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് വിധി പ്രഖ്യാപിച്ചത്. ഈ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുത്തിട്ടില്ല. ഭരണഘടനയും മതവുമായി ബന്ധപ്പെട്ട 7 വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഇവയില്‍ വ്യക്തത വന്നതിന് ശേഷമേ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണമോ എന്ന് സുപ്രീം കോടതി തീരുമാനിക്കുകയുളളൂ.


2018ലെ വിധി സ്‌റ്റേ ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വിധിയില്‍ അവ്യക്തത ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുനപരിശോധനാ ഹര്‍ജികളില്‍ തീരുമാനമാകുന്നത് വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. മണ്ഡല-മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിന് എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക