Image

പി. മോഹന്റെ ഇസ്ലാമിക തീവ്രവാദ പ്രയോഗം: തിരിച്ചടി പേടിച്ച് സിപിഎം

Published on 19 November, 2019
പി. മോഹന്റെ ഇസ്ലാമിക തീവ്രവാദ പ്രയോഗം: തിരിച്ചടി പേടിച്ച് സിപിഎം
തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹന്റെ പരാമര്‍ശം സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കി. സംസ്ഥാനത്ത് ഇസ്‌ലാമിക തീവ്രവാദം ഉണ്ടെന്ന ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും വാദങ്ങള്‍ക്കു ശക്തി പകരുന്ന വാക്കുകളാണു സിപിഎം നേതാവില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

മോഹനന്‍റെ പരാമര്‍ശത്തെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തതോടെ സിപിഎം ശരിക്കും പ്രതിരോധത്തിലാണ്. ജില്ലാ സെക്രട്ടറിയുടെ അപ്രതീക്ഷിതമായ പരാമര്‍ശം മലബാര്‍ മേഖലയിലെ മുസ്‌ലീം സമുദായങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്ന ഭയത്തിലാണു സിപിഎം നേതൃത്വം.

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തിരുത്തണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ നിര്‍ദേശം നല്‍കിയതിനു പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഇസ്‌ലാമിക തീവ്രവാദ പരാമര്‍ശം വന്നതു സിപിഎം സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മോഹനന്‍റെ പരാമര്‍ശത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയെങ്കിലും കേരളത്തിലെ നേതാക്കളാരും ഇതുസംബന്ധിച്ച് ഒരക്ഷരവും മിണ്ടിയിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ ആയതിനാല്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉഴലുകയാണ് സംസ്ഥാനത്തെ നേതാക്കള്‍. കടുത്ത അനുയായിയുടെ നാവില്‍നിന്നുവന്ന പിഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന കേസിലും യുഎപിഎ വിഷയത്തിലും കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിടുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇസ്‌ലാമിക തീവ്രവാദ പ്രയോഗം കടുത്ത രാഷ്ട്രീയ പരീക്ഷണം തന്നെയാകും.

വീണുകിട്ടിയ അവസരം ബിജെപി രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കുമെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കഠിന പ്രയത്‌നത്തിനിടയില്‍ ഇസ്‌ലാമിക തീവ്രവാദ പ്രയോഗം ഇരട്ട പ്രഹരമാകുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ സിപിഎം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക