Image

ഗുരുദാസ്പുരില്‍ അകാലി ദള്‍ നേതാവിനെ വെടിവച്ച് കൊന്ന് കാലുകള്‍ വെട്ടിമാറ്റി കോഴിഫാം ഉടമയുടെ പ്രതികാരം

Published on 19 November, 2019
ഗുരുദാസ്പുരില്‍ അകാലി ദള്‍ നേതാവിനെ വെടിവച്ച് കൊന്ന് കാലുകള്‍ വെട്ടിമാറ്റി കോഴിഫാം ഉടമയുടെ പ്രതികാരം

ഗുരുദാസ്പുര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതിന് രാഷ്ട്രീയ നേതാവിന് വിലകൊടുക്കേണ്ടിവന്നത് സ്വന്തം ജീവന്‍. ഗുരുദാസ്പുര്‍ ശിരോമണി അകാലിദള്‍ വൈസ് പ്രസിഡന്റ് ദല്‍ബീര്‍ സിംഗ് (55)നാണ് ഈ ദുരന്തം. ദല്‍ബീറിനെ പൗള്‍ട്രി ഫാം ഉടമയും മക്കളും ഗുണ്ടകളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തി. ഇരുകാലുകളും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിമാറ്റിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബട്‌ലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ദില്‍വാനിലാണ് സംഭവം. രണ്ടു കക്ഷികള്‍ തമ്മില്‍ ഒരു തൊഴിലാളിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ദല്‍ബീര്‍ സിംഗ് തിങ്കളാഴ്ച രാവിലെ ഇടപെട്ടിരുന്നു. പ്രശ്‌നമെല്ലാം തീര്‍ന്നുവെങ്കിലും രാത്രിയോടെ ബല്‍വിന്ദര്‍ സിംഗ് (5), മക്കളായ മേജര്‍ സിംഗ് (25), മന്‍ദീപ് സിംഗ് (24) മറ്റ് ആറു പേരുമായി ദല്‍ബീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 

മേജറും മന്‍ദീപും ഒരു ഡസനിലേറെ തവണ ദല്‍ബീറിന്റെ നേര്‍ക്ക് നിറയൊഴിഞ്ഞു. ബല്‍വിന്ദര്‍ സിംഗാണ് ഇരുകാലുകളും വെട്ടിമാറ്റിയത്. മുന്‍ സര്‍പഞ്ച് കൂടിയായിരുന്നു ദല്‍ബീര്‍. കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി  അന്വേഷണം ആരംഭിച്ചതായും എസ്.എസ്.പി ഒപീന്ദര്‍ജീത്ത് സിംഗ് ഗുമ്മന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക