Image

മോഡറേഷന്‍ തട്ടിപ്പ് ; സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം

Published on 19 November, 2019
മോഡറേഷന്‍ തട്ടിപ്പ് ; സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ ക്രമക്കേടിന്റെ സാധ്യതയെക്കുറിച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന വിവരവും പുറത്ത് വന്നിരിക്കുകയാണ്.


2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.


സര്‍വറില്‍ കയറി മോഡറേഷന്‍ മാര്‍ക്ക് തിരുത്തിയത് സര്‍വ്വകലാശാല കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സര്‍വ്വകലാശാലയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ടാബിലേഷന്‍ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷാ കണ്‍ട്രോളറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് തിരിമറിക്ക് സഹായമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.


2018 ജൂലൈ 19ന് പരീക്ഷാ കണ്‍ട്രോളര്‍ അയച്ച സര്‍ക്കുലറില്‍ രഹസ്യസ്വഭാവത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ പാസ് വേഡുകള്‍ റദ്ദാക്കണമെന്ന നിര്‍ദ്ദേശവും കോടതി തള്ളി. അതിനര്‍ത്ഥം ക്രമക്കേടിനേക്കുറിച്ച്‌ നേരത്തെ തന്നെ അറിയാമായിരുന്ന സര്‍വകലാശാല നടപടിയെടുത്തില്ലെന്നാണ്. അവധി ദിവസം കമ്ബ്യൂട്ടര്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിന് ഡയറക്ടര്‍ക്ക് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക