Image

സിറോ മലബാര്‍ സഭാ വിശ്വാസികളുടെ വിവരങ്ങള്‍ ഡിജിറ്റലാക്കുന്നു; എല്ലാ വിവരങ്ങളും ആപ്പില്‍

Published on 18 November, 2019
 സിറോ മലബാര്‍ സഭാ വിശ്വാസികളുടെ വിവരങ്ങള്‍ ഡിജിറ്റലാക്കുന്നു; എല്ലാ വിവരങ്ങളും ആപ്പില്‍

കൊച്ചി: വിശ്വാസികളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി സിറോ മലബാര്‍ സഭ. സഭയുടെ കീഴിലുള്ള 3500 ഓളം ഇടവകകളെ ഉള്‍പ്പെടുത്തി ഒരു ആപ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനകം 700ലധികം ഇടവകകളില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഇതിനു പുറമേ വിശ്വാസികള്‍ക്ക് മുഴുവന്‍ 'ആധാര്‍' മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പറും നല്‍കും. ഒരു ദേശീയ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്.

ഓരോ ആപ്പിന്റെയും അഡ്മിന്‍ അധികാരം വികാരിമാരുടെ ഓഫീസിനായിരിക്കും. ഇടവകാംഗങ്ങള്‍ക്ക് മതപരവും വിശ്വാസപരവും പള്ളി ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയുമെന്നാണ് സഭ അവകാശപ്പെടുന്നത്. ആപ്പ് വഴിയായിരിക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നത്. 

വിശ്വാസികള്‍ ഓരോ ദിവസം വായിക്കേണ്ട വചനഭാഗങ്ങളും ആരാധന ക്രമത്തിലെ കലണ്ടറും ആപ്പിലുണ്ടാകും. കര്‍ദിനാളിന്റെയും ബിഷപുമാരുടെയും വചനസന്ദേശങ്ങള്‍ വീട്ടിലിരുന്ന് ആപ്പ് വഴി കാണാന്‍ കഴിയും. വിവാഹ സര്‍ട്ടിഫിക്കറ്റ്, പാരിഷ് ഹാള്‍ ബുക്കിംഗ് തുടങ്ങി ഏതുകാര്യത്തിനും ഇടവകാംഗത്തിന് വികാരി അച്ചനോട് ആപ്പിലൂടെ ആവശ്യപ്പെടാമെന്ന് സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രക്കാവിലിനെ ഉദ്ധരിച്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

സഭയ്ക്കു കീഴിലുളള വ്യത്യസ്ത സന്യാസ സഭകള്‍ക്കും രൂപതകള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ടായിരിക്കും.  ഒടിപി വെരിഫിക്കേഷന്‍ വഴി മാത്രമേ ഇവയില്‍ അംഗമാകാന്‍ കഴിയൂ. ഇടവകയിലെ ഓരോ അംഗത്തിന്റെയും വിവരങ്ങള്‍ ഈ ആപ്പിലുണ്ടായിരിക്കും. വിവിധ അറിയിപ്പുകളും ഇതുവഴി നല്‍കാനാവും. ഏതെങ്കിലും അംഗം മരിച്ചാല്‍ അടിയന്തര സന്ദേശമയക്കാന്‍ ആപ്പിലൂടെ വികാരിക്ക് കഴിയുമെന്നും ഫാ.ജോബി പറയുന്നു. 
ശനിയാഴ്ച സഭയുടെ യുട്യൂബ് ചാനല്‍ വഴി ഈ ആപ്പിനെ കുറിച്ച് വികാരിമാര്‍ക്ക് സഭ ട്യൂട്ടോറിയല്‍ വീഡിയോ നല്‍കിയിരുന്നു. ഭാവിയില്‍ ഓരോ കുടുംബത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന 'ആത്മസ്ഥിതി രജിസ്റ്റര്‍' ഡിജിറ്റലാക്കാനും ആലോചനയുണ്ട്. ഓരോ അംഗത്തിനും ഒരു ഏകീകൃത ഐഡി ഉണ്ടാകും. ഇടവക മാറുന്ന സമയത്ത് ഈവ്യക്തിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന ഈ യുസര്‍ ഐഡിയും പുതിയ ഇടവകയിലേക്ക് മാറ്റപ്പെടുമെന്ന് ഫാ.ജോബി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക