Image

ത്രില്ലടിപ്പിക്കുന്ന കള്ളനും പോലീസും

Published on 18 November, 2019
ത്രില്ലടിപ്പിക്കുന്ന കള്ളനും പോലീസും

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്‌ എസ്‌.എല്‍.പുരം ജയസൂര്യ സംവിധാനം ചെയ്‌ത ജാക്ക്‌ ആന്‍ഡ്‌ ദാനിയേല്‍. ജനപ്രിയ നായകന്‍ ദിലീപിനൊപ്പം തമിഴിലെ ആക്ഷന്‍ കിങ്ങ്‌ അര്‍ജുന്‍ കൂടി എത്തുന്നു എന്നതാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പ്രമേയത്തിന്‌ എടുത്തു പറയത്തക്ക പുതുമയില്ലെങ്കിലും അവതരണത്തിലും കൈയ്യടക്കത്തിലും ഒരു മികച്ച സംവിധായകന്റെ പ്രതിഭ തെളിഞ്ഞു നില്‍ക്കുന്നുണ്ട്‌.

ആയിരക്കണത്തിന്‌ കോടി രൂപയുടെ കള്ളപ്പണം മാത്രം കൊള്ളയടിക്കുന്ന ജാക്ക്‌(ദിലീപ്‌) എന്ന തസ്‌ക്കരനെ പിടിക്കാന്‍ ദാനിയേല്‍ അലക്‌സാണ്ടര്‍(അര്‍ജുന്‍) എന്ന സിബിഐ ഓഫീസര്‍ എത്തുന്നതോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. കൊള്ള നടത്തുന്ന സ്ഥലങ്ങളിലൊന്നും ഒരു തുമ്പും അവശേഷിപ്പിക്കാതെയാണ്‌ അയാള്‍ പോകുന്നത്‌. എത്ര കോടി രൂപ കൊള്ളയടിച്ചു എന്നതിന്റെ കണക്ക്‌ ഒരു കടലാസുതുണ്ടില്‍ എഴുതി സ്ഥലത്ത്‌ വയ്‌ക്കും. അതു മാത്രമാണ്‌ അയാള്‍ അവശേഷിപ്പിക്കുന്ന തെളിവ്‌. അതു കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ജാക്ക്‌ ഒരു തീരാ തലവേദനയായി മാറുകയാണ്‌. അങ്ങനെ മുഖ്യമന്ത്രി തന്നെ നേരിട്ട്‌ ദാനിയേലിന്‌ ജാക്കിനെ പിടികൂടാന്‍ നിര്‍ദേശിക്കുന്നു.

ദാനിയേല്‍ അന്വേഷണത്തിന്‌ എത്തുന്നതോടെ കാര്യങ്ങള്‍ വേഗത്തിലാകുന്നു. അതുവരെ ഇരുട്ടില്‍ തപ്പിയ സംസ്ഥാന പൊലീസിന്റെ മുന്നില്‍ ദാനിയേല്‍ പിഴയ്‌ക്കാത്ത ചുവടുകളുമായി മുന്നേറുന്നു. അധികം വൈകാതെ തന്നെ ജാക്ക്‌ ആരാണെന്ന്‌ ദാനിയേല്‍ തിരിച്ചറിയുന്നുണ്ട്‌. പക്ഷേ അയാളെ കുടുക്കാനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ദാനിയേലിന്‌ കഴിയുന്നില്ല. ഓരോ തവണ വല മുറുക്കുമ്പോഴും അതില്‍ നിന്നെല്ലാം ജാക്ക്‌ വളരെ സമര്‍ത്ഥമായി ഊരിപ്പോവുകയാണ്‌. കഥ മുന്നേറുന്നതിനിടയില്‍ തന്നെ ജാക്ക്‌ ദാനിയേലിനെയും തിരിച്ചറിയുന്നുണ്ട്‌. കള്ളപ്പണവും രാഷ്‌ട്രീയനേതാക്കന്‍മാരുടെ ഇരട്ടത്താപ്പും അവിമതി നിറഞ്ഞ പിന്നാമ്പുറക്കഥകളുമെല്ലാം ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്‌.

അര്‍ജുന്റെയും ദിലീപിന്റെയും കിടയറ്റ പ്രകടനമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌ എന്നു പറയാം. ഗ്രമത്തില്‍ ചെറുകിട മോഷണവുമായി നടക്കുന്ന കള്ളനില്‍ നിന്നും ഹൈട്ടെക്‌ കള്ളനായുള്ള ദിലീപിന്റെ പ്രകടനം മികച്ചതായി. ജാക്ക്‌ എന്ന കഥാപാത്രമായി മാറാന്‍ ദിലീപിന്‌ വളരെ പ്രയാസമൊന്നും ഉണ്ടായില്ല. മാത്രവുമല്ല, അഭിനയത്തില്‍ മിമിക്രി കടന്നു വരാതെ മിതത്വം പാലിക്കാനും ദിലീപിന്‌ കഴിഞ്ഞു. ആക്ഷന്‍ കിങ്ങ്‌ അര്‍ജുന്റെ പ്രകടനം പ്രേക്ഷകര്‍ കൈയ്യടിച്ചു പോകും. അദ്ദേഹത്തിന്റെ മാസ്‌ എന്‍ട്രി സീനില്‍ തന്നെ തിയേറ്ററില്‍ അതിന്റെ പ്രതികരണം അറിയാന്‍ കഴിയുന്നുണ്ട്‌. നോട്ടത്തിലും സംസാരത്തിലും ഗെറ്റപ്പിലും ആക്ഷന്‍ രംഗങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ്‌ അര്‍ജുന്‍ പുറ്‌തതെടുത്തത്‌. ദാനിയേല്‍ എന്ന കഥാപാത്രത്തെ അദ്ദേഹം ഉജ്ജ്വലമാക്കിയിട്ടുണ്ട്‌. അതു പോലെ തന്നെ നായിക സുസ്‌മിത ഐ.പി.എസായി എത്തിയ അഞ്‌ജു കുര്യനും
തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.

സംസ്ഥാന പോലീസ്‌ ഉദ്യോഗസ്ഥരായി വരുന്ന സൈജു കുറുപ്പ്‌, അശോകന്‍, നടനും നിര്‍മ്മാതാവും കൂടിയായ സുരേഷ്‌ കുമാര്‍, ജനാര്‍ദ്ദനന്‍,ഇന്നസെന്റ്‌, സാദിഖ്‌, ദേവന്‍,സുരേഷ്‌ കൃഷ്‌ണ, ലക്ഷ്‌മി ഗോപാല സ്വാമി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി. ചിത്രത്തിലെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച പീറ്റര്‍ ഹെയ്‌നും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്‌.

മികച്ച സാങ്കേതികത അവകാശപ്പെടാനും ചിത്രത്തിന്‌ സാധിക്കും വിധത്തിലണ്‌ ജാക്ക്‌ ആന്‍ഡ്‌ ദാനിയേലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്‌. തമിഴിലും ബോളിവുഡിലും ക്യാമറ

ചലിപ്പിച്ച ഛായാഗ്രാഹകന്‍ ശിവകുമാര്‍ വിജയന്‍ മലയാളത്തില്‍ ആദ്യം ചിത്രീകരിക്കുന്ന സിനിമകൂടിയാണ്‌ ജാക്ക്‌ ആന്‍ഡ്‌ ദാനിയേല്‍. പ്രേക്ഷകനെ എന്നും ചിരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കള്ളനും പോലീസും കഥ പുതിയ കാലത്തിന്റെ അനിവാര്യതയ്‌ക്കനുസരിച്ച്‌ അവതരിപ്പിച്ചതാണ്‌ ഈ ചിത്രവും. ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണിതെന്ന്‌ നിസംശയം പറയാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക