Image

കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )

ബാബു ചെറിയാന്‍ Published on 18 November, 2019
കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )
കൂടത്തായ് കേസില്‍ ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ബാബു ചെറിയാന്‍ എഴുതുന്ന പരമ്പര

* നിര്‍ണായക കണ്ടെത്തലുമായി മെഡിക്കല്‍ ബോര്‍ഡ്
* അടുത്ത അറസ്റ്റ് ഉടനെ
* ആല്‍ഫൈന്റെ മൃതദേഹം രണ്ടുദിവസം വെന്റിലേറ്ററില്‍ കിടത്തി


കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി ആറുപേരെയും കൊലപ്പെടുത്തിയത് വിഷപ്രയോഗത്തിലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ ശാസ്ത്രീയ കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോളജി, ജനറല്‍ മെഡിസിന്‍, ടോക്‌സിക്കോളജി, ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സ്ഥിരീകരണം. വിഷബാധ കൈകാര്യം ചെയ്യുന്ന വിഭാഗമായ ടോക്‌സിക്കോളജിയിലെതടക്കം വകുപ്പുമേധാവികളാണ് യോഗത്തില്‍ പങ്കെടുത്തത്. മരിക്കുന്‌പോള്‍ ആറുപേരും പ്രകടിപ്പിച്ച ചേഷ്ടകള്‍, മരണവെപ്രാളം തുടങ്ങിയ ലക്ഷണങ്ങള്‍ വിഷബാധയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മരിച്ചവരുടെ മുന്‍ ചികിത്സാറിപ്പോര്‍ട്ടുകള്‍, കഴിച്ച മരുന്നുകള്‍, ആശുപത്രി രേഖകള്‍ തുടങ്ങി പോലീസിന്റെ കൈവശമുള്ള തെളിവുകളുടെയും മറ്റു സാഹചര്യതെളിവുകളുടെയും പിന്‍ബലത്തില്‍ ആറുമരണവും വിഷപ്രപയോഗം മൂലമാണെന്ന് അസന്നിഗ്ധമായി പറയാനാകുമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
സിലി, പിഞ്ചുകുഞ്ഞ് ആല്‍ഫൈന്‍ എന്നിവര്‍ മരിച്ചത് അപസ്മാര രോഗം മൂലമാണെന്ന ജോളിയുടെയും, രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റം ഷാജുവിന്റെയും, ഇയാളുടെ പിതാവ് സക്കറിയാസിന്റെയും മൊഴികള്‍ മെഡിക്കല്‍ ബോര്‍ഡ് തള്ളി. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ആല്‍ഫൈന്‍ മരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ മരിയ്ക്കുന്നതിനുമുന്‍പ് കുഞ്ഞ് കരഞ്ഞിരുന്നതായി ദൃക്‌സാക്ഷിമൊഴികളുണ്ട്. ഭക്ഷണം തൊണ്ടയില്‍കുടുങ്ങിയാല്‍ ശ്വാസതടസം ഉണ്ടാവുമെന്നതിനാല്‍ ആര്‍ക്കും കരയാനാവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. സയനൈഡ് ഉള്ളില്‍ചെന്ന് പതിനഞ്ചു മിനിട്ടിനകം കുഞ്ഞ് മരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെന്ന പേരില്‍ രണ്ടുദിവസം വെന്റിലേറ്ററില്‍ സൂക്ഷിച്ചത് കുഞ്ഞിന്റെ മൃതദേഹമായിരുന്നെന്നും ഡോക്ടര്‍മാര്‍ നീരീക്ഷിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണാവശിഷ്ടം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ചികിത്സാരേഖകളിലുണ്ട്. 2014 മേയ് ഒന്നിന് സയനൈഡ് ഉള്ളില്‍ ചെന്ന ആല്‍ഫൈന്‍ മൂന്നിന് വെന്റിലേറ്ററില്‍ മരിച്ചുവെന്ന ആശുപത്രി ഭാഷ്യം കളവാണെന്നും ടോക്‌സിക്കോളജി വിദഗ്ദര്‍ അന്വേഷണസംഘത്തോടു പറഞ്ഞു. മേയ് ഒന്നു മുതല്‍ മൂന്നുവരെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ സൂക്ഷിച്ചത് കുഞ്ഞിന്റെ മൃതദേഹമായിരുന്നു.
സിലിയ്ക്ക് അപസ്മാരം വര്‍ധിച്ച് മരിച്ചുവെന്ന മൊഴിയും അവിശ്വസനീയമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അപസ്മാരം ഉണ്ടായാല്‍ അഞ്ചോ പത്തോ മിനിട്ടിനകം രോഗി പൂര്‍വ്വസ്ഥിതി പ്രാപിക്കും. മാത്രമല്ല അപസ്മാരം ഉണ്ടായി മരിക്കുകയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. തുടര്‍ച്ചയായി അപസ്മാരം ഉണ്ടാവുന്നവര്‍ അതുമൂലം മരിയ്ക്കാം, അതും വെറും ഒരുശതമാനം മാത്രമെ ഉണ്ടാവൂവെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. സിലിയ്ക്ക് മുന്‍പ് രണ്ടുതവണ അപസ്മാര രോഗമെന്ന പേരില്‍ ചികിത്സനല്‍കിയപ്പോഴും വിഷം ഉള്ളില്‍ചെന്നിരുന്നു.അത് സയനൈഡ് ആവാനുള്ള സാധ്യതകൂടുതലാണെന്നും ചികിത്സാ രേഖകള്‍ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൂടുതല്‍ അളവില്‍ സയനൈഡ് നല്‍കിയതുമൂലമാണ് സിലിയും ആല്‍ഫൈനും മിനിട്ടുകള്‍ക്കുള്ളില്‍ മരിച്ചതെന്നും കൊല അത്യന്തം പൈശാചികമാണെന്നും ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തോടു പറഞ്ഞു.
ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുര്‍ബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ വായില്‍ സയനൈഡ് പുരട്ടിയെന്നാണ് പോലീസ് കണ്ടെത്തല്‍ . ഷാജുവിന്റെ മൂത്തമകന്‍ ഏബലിന്റെ ആദ്യകുര്‍ബാന 2014 മേയ് ഒന്നിനായിരുന്നു. കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം രാവിലെ 11നോടെ എല്ലാവരും ഷാജുവിന്റെ പുലിക്കയത്തെ പൊന്നാമറ്റത്തില്‍ വീട്ടിലെത്തി. പ്രാതലിന് അപ്പവും ബീഫ് കറിയും ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞായതിനാല്‍ ആല്‍ഫൈന് ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കിയാണ് നല്‍കിയത്. ഷാജുവിന്റെ സഹോദരി ഷീനയാണ് കുഞ്ഞിന് ഭക്ഷണം നല്‍കികൊണ്ടിരുന്നത്. ഓരോ തവണ ഭക്ഷണം വായില്‍ വാങ്ങി ആല്‍ഫൈന്‍ വീടിനുള്ളില്‍ ഓടിക്കളിക്കുന്‌പോഴാണ്, ഇവള്‍ക്ക് ഒന്നുംകൊടുത്തില്ലല്ലോ എന്നു പറഞ്ഞ് ഷാജുവിന്റെ പിതൃസഹോദരന്റെ ഭാര്യയായ ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിരലില്‍ പുരട്ടിയ സയനൈഡ് തന്ത്രപൂര്‍വം കുഞ്ഞിന്റെ വായില്‍ തോണ്ടിക്കൊടുക്കുകയായിരുന്നു. നിമിഷമാത്രയില്‍ ആല്‍ഫൈന്‍ ചുമച്ചുകൊണ്ട് കുഴഞ്ഞുവീണു. ഭക്ഷണം നെറുകയില്‍ കയറിയതാണെന്നു പറഞ്ഞ് കുഞ്ഞിനെ ഓമശേരി ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയടുത്തതും ജോളിതന്നെയാണെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് നിഗമനങ്ങളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ അടുത്ത അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

ജോളിയുടെ കൈയക്ഷരവും ഒപ്പും
ഫോറന്‍സിക് പരിശോധനയ്ക്ക്

* ബി കോം,എം കോം സര്‍ട്ടിഫിക്കറ്റ് സ്ത്രീയുടെത്, മാര്‍ക്ക്‌ലിസ്റ്റ് പുരുഷന്റേത്

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയക്ഷരത്തിന്റെയും ഒപ്പിന്റേയും സാമ്പിളുകള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കയക്കും. ഇന്നലെ കോടതി മുഖേന ശേഖരിച്ച പേജുകണക്കിന് കൈയക്ഷരവും ഒപ്പും ഫോറന്‍സിക് വകുപ്പിലെ ഡോക്യുമെന്റ് വിദഗ്ദര്‍ പരിശോധിക്കും'. ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയശേഷം, റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും അവകാശിയായ തന്റെ പേരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജോളി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. പോലീസ് പിടിച്ചെടുത്ത ഈ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഫോറന്‍സിക് പരിശോധന നടത്തന്നത്. അപേക്ഷയിലെ വാചകങ്ങളത്രയും ഇന്നലെ 26 തവണ എഴുതിക്കുകയും, 30 ഒപ്പ് ഇടുവിക്കുകയും ചെയ്തിരുന്നു. ഈ സാമ്പിളുകള്‍ വിശദമായി പരിശോധിച്ചാല്‍, പഴയ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടെതാണെന്ന് തെളിയിക്കാനാകും. കൈപ്പടയും ഒപ്പും മാറ്റിയെഴുതിയാല്‍പോലും ഘടന പരിശോധിച്ച് ഇവ ആരുടേതെന്ന് തെളിയിക്കാന്‍ ഡോക്യുമെന്റ് വിഭാഗത്തിലെ വിദഗ്ദര്‍ക്കാവും. ഇതിനു പുറമെ അപേക്ഷ തയാറാക്കിയ കാലഘട്ടത്തിലെ ജോളിയുടെ വേറെ കൈയക്ഷരവും ഒപ്പും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഇതിനിടെ ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റേതു മാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ 1995ലെ ബികോം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നന്പര്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ പരീക്ഷയെഴുതിയ എലിസബത്ത് ജോസഫിന്റേതാണ്. കേരള യൂനിവേഴ്‌സിറ്റിയുടെ 1997ലെ എം കോം ഒന്നാം വര്‍ഷ പരീക്ഷയിലെ രജിസ്റ്റര്‍ നന്പര്‍ കൊല്ലം ടികെഎം കോളജില്‍ പരീക്ഷയെഴുതിയ ജി. ഗോപകുമാറിന്റേതും, 1998ലെ എംകോം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നന്പര്‍ തിരുവനന്തപുരം വനിതാ കോളജില്‍ പരീക്ഷയെഴുതിയ എല്‍.എം. ശ്രീലേഖയുടേതുമാണ്. മൂന്നുപേരും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തവരായതിനാല്‍ പാരലല്‍ കോളജില്‍ പഠിച്ചവരാണെന്നു കരുതുന്നു. വേറൊരു സ്ത്രീയുടെയും, മാര്‍ക്ക്‌ലിസ്റ്റ് പുരുഷന്റേതുമാണ്. ഇവരുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പേര് മായ്ച്ച ശേഷം ജോളിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ .ഹരിദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കോട്ടയം, പാലാ , കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അന്നു പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ കോളജുകള്‍ കേന്ദ്രമാക്കിയാണ് അന്വേഷണം. വ്യാജ നെറ്റ് സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം സംബന്ധിച്ചും പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് മറ്റൊരാളുടെ;
യുനിവേഴ്‌സിറ്റിയ്ക്ക് പേരറിയാം, ആളെയറിയില്ല

* യഥാര്‍ത്ഥ ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തിയില്ല
* സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സഹായം ലഭിച്ചതായി സൂചന

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍. ജോളിയുടെ കൈവശമുണ്ടായിരുന്നത് കേരള യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ എംകോംസര്‍ട്ടിഫിക്കറ്റാണെന്ന് തെളിവുകള്‍ ലഭിച്ചെങ്കിലും തുടരന്വേഷണം നിലച്ചിരിക്കുകയാണ്. രണ്ടു ദിവസമായി കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേരള യൂണിവേഴ്സിറ്റിയില്‍ നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ വഴി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു. ഇപ്രകാരം ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ കേസിന്റെ
പ്രാധാന്യം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസിന്റെ നിര്‍ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് യൂണിവേഴ്സിറ്റിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നതിന് തെളിവ് ലഭിച്ചത്.
ജോളിയുടെ കൈവശമുണ്ടായിരുന്ന എംകോം സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചാണ് യൂണിവേഴ്സിറ്റി ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റിലെ പേര് മറ്റൊരു വ്യക്തിയുടേതാണ്. ഈ പേര് മാറ്റി അവിടെ ജോളിയുടെ പേര് എഴുതിചേര്‍ത്തതിന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും സര്‍വകലാശാലയില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. പേര് വിവരം മാത്രമായിരുന്നു രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ പേരിലുള്ള വ്യക്തി എവിടെയാണെന്നോ പഠിച്ചത് എവിടെയാണെന്നോ വിലാസം എന്തെന്നോ ഉള്ള വിവരങ്ങളൊന്നും സര്‍വകലാശാലയില്‍ രേഖപ്പെടുത്തിയിട്ടില്ല. ബിരുദാനന്തര ബിരുദം പോലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള യാതൊരും വിവരങ്ങളും കേരള സര്‍വകലാശാലയില്‍ ഇല്ലാത്തത് തുടരന്വേഷണത്തിന് തടസമായിരിക്കയാണ്. ഇതോടെ സര്‍ട്ടിഫിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയെന്നത് സങ്കീര്‍ണമായി. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ജോളിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ. ജോളിയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നതില്‍ ഇയാളുടെ പങ്കിനെ കുറിച്ചും ഇതുവഴി കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഈ അന്വേഷണമെല്ലാം അനിശ്ചിതത്വത്തിലായി. കട്ടപ്പനക്കാരിയായ ജോളിക്ക് എതുസാഹചര്യത്തിലാണ് കേരള സര്‍വകലാശാലയില്‍ പഠിക്കേണ്ടി വന്നതെന്ന ചോദ്യമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്.25 വര്‍ഷം മുന്പായതിനാല്‍ പഴയ രേഖകള്‍ ഇല്ലെന്നാണ് യുനിവേഴ്‌സിറ്റിയുടെ ഭാഷ്യം. അതേ സമയം എംകോം കോഴ്‌സ് പഠിപ്പിക്കുന്ന കോളജുകളിലും പാരലല്‍ കോളജുകളിലും അന്വേഷണം നടത്തിയാല്‍ സര്‍ട്ടിഫിക്കറ്റിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
photos
കൊല്ലപ്പെട്ടവർ- അന്നമ്മ, ടോം തോമസ്( ദന്പതികൾ), മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു, ഷാജുവിന്‍റെ മകൾ ആൽഫൈൻ, ഷാജുവിന്‍റെ ഭാര്യ സിലി
കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )കൂടത്തായ്: ആറു പേരും മരിച്ചത് വിഷ പ്രയോഗത്തില്‍; ആല്‍ഫൈനേയും സിലിയേയും പൈശാചികമായി കൊന്നു (ബാബു ചെറിയാന്‍ )
Join WhatsApp News
josecheripuram 2019-11-18 16:25:41
Is our Judicial&political&educational systems are so pathetic?
വിദ്യാധരൻ 2019-11-18 18:03:37
'കൂടത്തായി' നമ്മെ പേടിപ്പിച്ചുകൊണ്ട് 
കൂടെകൂടെ തലപൊക്കിടുന്നു 
ഈ-മലയാളിയിൽ വിപ്ലവം ഉണ്ടാക്കാൻ 
ഏടാകൂടം വീണ്ടും പൊന്തിടുന്നു.
ജോളീടെ വശ്യമാം പുഞ്ചിരികാണുമ്പോൾ 
ആട്ടിൻസൂപ്പിനായുള്ളം കൊതിച്ചിടുന്നു.    
ആട്ടിൻസൂപ്പ് വച്ചവൾ നീട്ടുന്ന നേരത്ത്
എങ്ങനെ തട്ടി കളഞ്ഞിടും നാം?
സങ്കല്പിക്കാനാവില്ല പാവം അവളതിൽ 
സയനൈഡ് കൂട്ടി കലർത്തുമെന്ന്.
അസൂയ മൂത്തിട്ട് അവളുടെ ശത്രുക്കൾ 
കള്ളക്കഥ ഉണ്ടാക്കി പറത്തതാവം 
നിഷ്കളങ്കമാം അവളുടെ മുഖത്തേക്ക് നോക്കീട്ട് 
എങ്ങനെ കൊലയാളിന്നവളെ വിളിച്ചിടും നാം ? 
എന്നാലുമവളെ  സൂക്ഷിച്ചു നോക്കിടിൽ കണ്ടിടാം 
താടകക്കുള്ളപോലുള്ള കോമ്പല്ലുകൾ . 
ചിരിച്ചോണ്ട് രക്തം വലിച്ചു കുടിക്കുന്ന 
കള്ളിയാങ്കാട്ടെ നീലിയാണോ ഇവൾ ? 
ഇങ്ങനെ ചിന്തിച്ചു ഇരിക്കുന്ന  നേരത്ത് 
ചാരത്ത് വന്നു ഭാര്യ ചിരിച്ചു പറഞ്ഞെന്നോട്
വന്നാട്ടെ ചേട്ടാ ആട്ടിൻ സൂപ്പ് റെഡി.
ഇപ്പോൾ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നു 
ഹോസ്പിറ്റലിൽ അത്യാഹിതവിഭാഗമതിൽ 
ഈ -മലയാളി നിങ്ങൾ ഇത്തരം വാർത്തകൾ 
മേലിൽ ഇടല്ലേ കാലു പിടിച്ചിടാം ഞാൻ !

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക