Image

ഫ്‌ളാറ്റ് പൊളിക്കല്‍: 76,000 ടണ്‍ അവശിഷ്ടം, ആശങ്കയോടെ ജനങ്ങള്‍

Published on 18 November, 2019
ഫ്‌ളാറ്റ് പൊളിക്കല്‍: 76,000 ടണ്‍ അവശിഷ്ടം, ആശങ്കയോടെ ജനങ്ങള്‍
കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 2–3% കെട്ടിട അവശിഷ്ടങ്ങളെങ്കിലും സമീപത്തെ ജലാശയങ്ങളില്‍ വീഴാന്‍ സാധ്യത. ജലാശയങ്ങളില്‍ വീഴുന്ന അവശിഷ്ടങ്ങള്‍ പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍ തന്നെ നീക്കം ചെയ്യും. കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ 76,000 ടണ്‍ അവശിഷ്ടം ഉണ്ടാകുമെന്നാണു നഗരസഭ വ്യക്തമാക്കിയിട്ടുള്ളത്.

ഇതിന്റെ 3% കണക്കാക്കിയാല്‍ പോലും കുറഞ്ഞത് 2280 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടം ജലാശയങ്ങളില്‍ വീഴാം. ഫ്‌ലാറ്റുകളില്‍ നിന്നു വളരെ കുറഞ്ഞ അകലം മാത്രമേ ജലാശയങ്ങള്‍ക്ക് ഉള്ളൂ എന്നതിനാല്‍ വീഴുന്ന അവശിഷ്ടങ്ങളുടെ അളവ് ഇതിലും കൂടാനാണു സാധ്യത. അവശിഷ്ടം നീക്കം ചെയ്യാനുള്ള കരാര്‍ നടപടി ഏറെ വൈകാതെ ആരംഭിക്കും. താല്‍പര്യപത്രം സമര്‍പ്പിച്ച 10 കമ്പനികളില്‍ എട്ടെണ്ണത്തിന്റേതാണു നഗരസഭയുടെ പരിഗണനയിലുള്ളത്.

ഈ കമ്പനികളുടെ യോഗ്യത വിലയിരുത്തിയ ശേഷമാകും അന്തിമ കരാര്‍ നല്‍കുക. പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ സമീപമുള്ള വീടുകള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ഫ്‌ലാറ്റുകളുടെ ചുമരുകള്‍ നീക്കം ചെയ്യുന്നതിനിടെ അവശിഷ്ടങ്ങള്‍ സമീപമുള്ള വീടുകളുടെ സമീപത്തേക്കു വീണിരുന്നു. തുടര്‍ന്നാണു സുരക്ഷ ഉറപ്പാക്കണമെന്നു സബ് കലക്ടര്‍ നിര്‍ദേശിച്ചത്.

ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങളില്‍ 2–3% ഭാഗം മാത്രമേ സമീപത്തെ ജലാശയങ്ങളില്‍ വീഴൂ. അവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ വീഴുന്നതു പരമാവധി കുറയ്ക്കുന്ന തരത്തിലാണു കെട്ടിടം പൊളിക്കുക. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ ഹാനികരമായ രാസപദാര്‍ഥങ്ങളില്ല. അതുകൊണ്ടു തന്നെ അവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ വീണതു മൂലം മലിനീകരണമുണ്ടാകില്ല. എസ്.ബി. സര്‍വാതെ, വിദഗ്ധ സമിതി അംഗം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക