Image

പിന്‍സീറ്റ്‌ ഹെല്‍മറ്റ്‌; രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിര്‍ബന്ധമാക്കും

Published on 18 November, 2019
പിന്‍സീറ്റ്‌ ഹെല്‍മറ്റ്‌; രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിര്‍ബന്ധമാക്കും
തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉടന്‍ ഉത്തരവു പുറപ്പെടുവിക്കും. 

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ലഭിച്ച സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവു പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്‌. ഇന്നു തന്നെ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാണ്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.

എന്നാല്‍ ഇന്നു തന്നെ ഉത്തവ്‌ പുറപ്പെടുവിക്കാന്‍ ഇടയില്ലെന്നാണ്‌ സൂചന. ഉത്തരവ്‌ പുറപ്പെടുവിച്ചാലും ഏതാനും ദിവസത്തെ ഇടവേള നല്‍കിയേക്കും. രണ്ടാഴ്‌ചയെങ്കിലും ബോധവല്‍ക്കരണത്തിനായി സമയം നീക്കി വയ്‌ക്കും. ഡിസംബര്‍ ആദ്യവാരം വരെ ഇതു നീളും. അതിനു ശേഷം മാത്രമായിരിക്കും പിഴ ചുമത്തുക.

പിന്‍സീറ്റുകാര്‍ക്ക്‌ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച ഉത്തരവ്‌ നീണ്ടു പോയാല്‍ ഹൈക്കോടതി വീണ്ടും ഇടപെടുമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പുണ്ട്‌.

 അങ്ങനെ വന്നാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ ഇത്രത്തോളം ഹെല്‍മെറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയില്ല എന്ന മറുപടി കോടതിയെ ബോധിപ്പിക്കണമെന്ന നിയമോപദേശമാണ്‌ സര്‍ക്കാരിന്‌ ലഭിച്ചിരിക്കുന്നത്‌. ഒപ്പം നിലവാരമുള്ള ഹെല്‍മെറ്റ്‌ വാങ്ങാനുള്ള യാത്രക്കാരുടെ സാമ്‌ബത്തിക ഒരുക്കത്തിനുള്ള ചുരുങ്ങിയ സമയം അനുവദിക്കണമെന്നും വാദിക്കും.

എന്തായാലും വരുന്ന രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സംസ്ഥാനത്ത്‌ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കേണ്ടി വരും. അതിനു ശേഷം അഞ്ഞൂറു രൂപ പിഴ ഈടാക്കും. പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കിലും വാഹനം ഓടിക്കുന്നവരാണ്‌ പിഴ നല്‍കേണ്ടത്‌. സംസ്ഥാനത്ത്‌ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞ 'ലിഫ്‌റ്റഡി' ഇതോടെ കടുത്ത പ്രതിസന്ധിയിലാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക