Image

ഫാത്തിമയുടെ മരണം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ്

Published on 17 November, 2019
 ഫാത്തിമയുടെ മരണം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ്
തിരുവനന്തപുരം: ചെന്നൈയിലെ പൊലീസ് സ്‌റ്റേഷനില്‍ നടന്നതെല്ലാം ദുരൂഹമാണെന്നും ഒരു പരിഷ്കൃത സമൂഹത്തിലും ഇത്തരമൊരു പൊലീസ് ഉണ്ടാകരുതേ എന്നാണ് അഭ്യര്‍ഥനയെന്നും മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്.

സ്‌റ്റേഷനില്‍ നിന്നുണ്ടായത് വേദനജനകമായ അനുഭവങ്ങളാണ്. തമിഴ്‌നാട് പൊലീസില്‍ തൃപ്തിയില്ല. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് െ്രെകംബ്രാഞ്ചിന്‍െറ പ്രത്യേക വിങ്ങാണ്. അവരില്‍ പ്രതീക്ഷയുണ്ട്. അന്വേഷണസംഘം ഒരാഴ്ചക്കകം കുറ്റവാളികളെ കണ്ടെത്തുമെന്നാണ് പറഞ്ഞതെന്നും ലത്തീഫ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് അറിയാന്‍ കഴിഞ്ഞ ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് അന്വേഷിക്കുന്നത്. നേരില്‍ സംസാരിച്ചപ്പോഴാണ് ഒരാഴ്ച സമയം തരണമെന്നും അതിനകം കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞത്. മകളുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെയും കാമ്പസ് വിടാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിന് കാരണമായി പറഞ്ഞത് ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കണം എന്നതാണ്. മതിയായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്താല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളിയാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ലത്തീഫ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മകളുടെ മരണത്തിനുത്തരവാദി ഇപ്പോഴും കാമ്പസിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക