Image

ടി.പിയെ കൊലപ്പെടുത്തിയത് മൂന്നംഗസംഘമെന്ന് ദൃക്‌സാക്ഷി

Published on 11 May, 2012
ടി.പിയെ കൊലപ്പെടുത്തിയത് മൂന്നംഗസംഘമെന്ന് ദൃക്‌സാക്ഷി
വടകര: റവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി വാഹനത്തില്‍ നിന്നും ഇറങ്ങിയത് മൂന്നു പേരാണെന്നു ദൃക്‌സാക്ഷി. ഒരാളുടെ കൈവശം വാള്‍, ഉയരം കൂടിയ ഒരാളുടെ കൈയില്‍ ഇരുമ്പുവടിയോ പട്ടികയോ,  തൊട്ടു പിന്നിലെ ആളുടെ കൈവശം വ്യക്തമാവാത്ത എന്തോ ആയുധ തുടങ്ങിയവ കണ്ടതായി കൊലപാതകത്തിനു ദൃക്‌സാക്ഷിയായ പി. രാമചന്ദ്രന്‍ പറഞ്ഞു.

ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ബോംബെറിഞ്ഞു. കെഎല്‍ 11 എവൈ 97 എന്ന നമ്പറിലുള്ള വാഹനത്തിലാണ് അക്രമികള്‍ വന്നത്. എന്നാലിത് വ്യാജമാണെന്നു പിന്നീടു തെളിഞ്ഞു. അക്രമികള്‍ വന്ന വാഹനം ചന്ദ്രശേഖരന്റെ ബൈക്കിനെ ഇടിച്ചിട്ടു. ആക്രമണം മൂന്നു മിനിറ്റില്‍ പൂര്‍ത്തിയായെന്നും പി.രാമചന്ദ്രന്‍ പറഞ്ഞു. 

സംഭവം നടന്നതിന്റെ തൊട്ടടുത്ത് ബ്രദേഴ്‌സ് ക്ലബിന്റെ വാര്‍ഷികത്തിനു അലങ്കരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം. വള്ളിക്കാട്ടു നിന്നു ഓര്‍ക്കാട്ടേരിക്കുള്ള വഴിയില്‍ വലതുവശം ചേര്‍ന്നു പോയ സില്‍വര്‍ നിറത്തിലുള്ള ഇന്നോവ കാര്‍ മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിടുന്ന ശബ്ദമാണ് ആദ്യം കേട്ടത്. വലതുവശം ചേര്‍ന്നു പോയതുകൊണ്ടാണ് കാര്‍ ശ്രദ്ധിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തുകയാണെന്നു മനസ്സിലായത്. പേടിച്ചുപോയ ഞങ്ങള്‍ ആദ്യം തിരിച്ചോടി. എന്നാല്‍ പിന്നീട് മറ്റുള്ളവരെയും കൂട്ടി രക്ഷിക്കാന്‍ എത്തിയപ്പോള്‍ ബോംബ് എറിഞ്ഞു. ഒന്നു രണ്ടു സെക്കന്‍ഡ് നേരത്തേക്ക് കണ്ണു കാണാന്‍ കഴിയാതായി. അപ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി പോയിരുന്നു. മുഖത്തു വെട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാലും പരിചയമുള്ള ആളാണെന്നു തോന്നിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ ആണെന്നു സംശയം തോന്നിയിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും മനസ്സിലായി. പൊലീസ് വന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. വീട്ടിലെത്തി ടിവി നോക്കിയപ്പോഴാണ് മരിച്ചത് ചന്ദ്രശേഖരനാണെന്നു സ്ഥിരീകരിച്ചത് -   രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍ സീറ്റില്‍ നിന്നു ഇറങ്ങിയ ആളാണ് കൊടുംവാള്‍ ഉപയോഗിച്ചു വെട്ടിയത്. ഇടതുഭാഗത്തു നിന്ന് ഇറങ്ങിയ ആളിന്റെ കൈയില്‍ പട്ടിക പോലുള്ള എന്തോ ആയുധമായിരുന്നു ഉണ്ടായിരുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു. ഇരുമ്പു വടിയാണോ ഇതെന്നു സംശയിക്കുന്നതായും രാമചന്ദ്രന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക