Image

അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ ഗോവയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 16 November, 2019
അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ ഗോവയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇ ന്ത്യയുടെ 50-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ ഗോവയിലെ പനജിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 76 രാജ്യങ്ങളില്‍നിന്നായി 200-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 8000-ലധികം പേര്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 2004 മുതല്‍ മേളയുടെ സ്ഥിരം വേദിയാണ്‌ ഗോവ.

ബുധനാഴ്‌ച വൈകീട്ട്‌ ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ്‌ താരം അമിതാഭ്‌ ബച്ചന്‍ മേള ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ്‌ ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്‌. 

26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും. പ്രിയദര്‍ശനാണ്‌ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. അഭിഷേക്‌ ഷാ സംവിധാനംചെയ്‌ത ഗുജറാത്തി ചിത്രം 'ഹെല്ലറോ' ആണ്‌ ഫീച്ചര്‍ വിഭാഗം ഓപ്പണിങ്‌ സിനിമ. മലയാളത്തില്‍നിന്ന്‌ മനു അശോകന്റെ 'ഉയരെ', ടി.കെ. രാജീവ്‌ കുമാറിന്റെ 'കോളാമ്‌ബി' എന്നിവയുമുണ്ട്‌.

രാജേന്ദ്ര ജംഗ്‌ളി ആണ്‌ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നോവിന്‍ വാസുദേവിന്റെ 'ഇരവിലും പകലിലും ഒടിയന്‍' എന്നീ രണ്ട്‌ ചിത്രങ്ങള്‍ ഈ വിഭാഗത്തിലും ഇടം നേടി.

1000 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. നേരത്തേ ഓണ്‍ലൈനായി പണമടയ്‌ക്കാത്തവര്‍ക്ക്‌ മേളയുടെ ഓഫീസില്‍ ഡിജിറ്റല്‍ ആയി പണമടയ്‌ക്കാന്‍ സൗകര്യമുണ്ട്‌. പ്രതിനിധി പാസുകള്‍ തിങ്കളാഴ്‌ച മുതല്‍ പനജിയിലെ മേള ഓഫീസില്‍ വിതരണംചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക