Image

വിളിക്കാതിരുന്നത് (നവീന സുഭാഷ്)

നവീന സുഭാഷ് Published on 15 November, 2019
വിളിക്കാതിരുന്നത് (നവീന സുഭാഷ്)
എനിക്കറിയാം നീ ഗാഢമായ്
ഉറങ്ങുകയായിരുന്നു എന്ന്...
ഇടയ്‌ക്കൊന്നു വന്ന് ചുരുള്‍മുടികളെ
 തലോടുകയല്ലാതെ,,,
ചന്ദനക്കുറി ഗന്ധത്തില്‍ മതിമറന്നതല്ലാതെ,,,
അറ്റുതുടങ്ങിയ കല്ലുമാലയില്‍
എത്ര മഴവില്ലുകളാണെന്ന് വിസ്മയിക്കുകയല്ലാതെ,,,
ഒരിക്കല്‍പ്പോലും ചേര്‍ന്നിരുന്നിട്ടില്ല...
സന്ധ്യമയങ്ങുന്ന ചുണ്ടുകളിലേക്ക്
മുഖമമര്‍ത്തിയിട്ടില്ല...

പറയാന്‍ വന്ന വാക്കുകളെ
ഒപ്പം കൂട്ടി തിരിഞ്ഞ് നടക്കുമ്പോള്‍
കിതയ്ക്കുകയല്ലാതെ ഒരുവേള ശബ്ദിച്ചിട്ടേയില്ല...
യുഗപ്പഴക്കമറിയാതെ നിന്റെ
കണ്ണുകളെ സ്വപ്നങ്ങളില്‍ മാത്രം ഉമ്മ വെച്ച്
മൗനത്തെ തഴുകി രാത്രികള്‍ എത്ര പുലര്‍ത്തി...

പ്രണയം ചിലപ്പോഴെങ്കിലും വിശ്വാസിയെ
അവിശ്വാസിയാക്കുകയും
വിഗ്രഹങ്ങളുടെ നെറുകയില്‍
ആണിയടിക്കുകയും ചെയ്യുമത്രെ...

നിന്നെ വരയ്ക്കും തോറും തെറ്റിപ്പോയ ചിത്രത്തെ
മാറ്റി വരയ്ക്കുന്ന ചിത്രകാരന്റെ
മേല്‍ച്ചുണ്ടില്‍ പൊടിഞ്ഞ
വിയര്‍പ്പ് തുള്ളികളിലൂടെ എത്ര പകല്‍ നക്ഷത്രങ്ങളാണ്
ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നത്...

അവ ഉണര്‍ത്തുമ്പോള്‍ മാത്രം ഉണരുന്ന നിന്നെ വാരിയെടുക്കാനാണെനിക്കിഷ്ടം.

വിളിക്കാതിരുന്നത് (നവീന സുഭാഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക