Image

യുവതി പ്രവേശന വിധി നടപ്പാക്കണം -ജസ്റ്റിസ്‌ നരിമാന്‍

Published on 15 November, 2019
യുവതി പ്രവേശന വിധി നടപ്പാക്കണം -ജസ്റ്റിസ്‌ നരിമാന്‍
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം നടപ്പാക്കണമെന്നും അഞ്ചംഗ ബഞ്ചിന്‍റെ ഉത്തരവ്‌ കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ്‌ നരിമാന്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ്‌ നരിമാന്‍ ഇക്കാര്യം പറഞ്ഞത്‌.

കര്‍ണാടക കോണ്‍ഗ്രസ്സ്‌ നേതാവ്‌ ഡികെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഇരുവരും.

ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഭിന്ന വിധി വായിച്ചു നോക്കണമെന്ന്‌ മേത്തയോട്‌ ആവശ്യപ്പെട്ട നരിമാന്‍ സര്‍ക്കാരിനോട്‌ ഉത്തരവിലെ നിലപാട്‌ അറിയിക്കാനും പറഞ്ഞു.

തികച്ചും അസാധാരണമായ നടപടിയാണ്‌ ജസ്റ്റിസ്‌ നരിമാന്റെ ഭാഗത്തു നിന്നുണ്ടായത്‌ എന്നാണ്‌ നിയമവിദഗ്‌ധര്‍ പറയുന്നത്‌.
എന്നാല്‍, ഈ വിഷയത്തില്‍ കോടതിയ്‌ക്കകത്തും പുറത്തും മേത്ത അഭിപ്രായം പ്രകടിപ്പിച്ചില്ല. ശബരിമലവിധി തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന്‌ ഇന്നലെ നരിമാന്‍ ആവശ്യപ്പെട്ടിരുന്നു.

ശബരിമല സ്‌ത്രീ പ്രവേശന കേസ്‌ വിശാല ബഞ്ചിന്‌ വിട്ട സുപ്രീം കോടതി നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ നരിമാന്‍ ഉയര്‍ത്തിയത്‌.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌, ജഡ്‌ജിമാരായ ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ്‌ കേസ്‌ വിപുല ബഞ്ചിന്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടത്‌.

രോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ എന്നിവരാണ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ്‌ ഇവര്‍ അഭിപ്രായപ്പെട്ടത്‌.

മൂന്ന്‌ ജഡ്‌ജിമാരുടെയും അഭിപ്രായത്തോട്‌ കടുത്ത വിയോജിപ്പാണ്‌ ജഡ്‌ജി നരിമാന്‍ പ്രകടിപ്പിച്ചത്‌. ഭരണഘടനയാണ്‌ വിശുദ്ധ ഗ്രന്ഥമെന്ന്‌ പറഞ്ഞ നരിമാന്‍ പ്രത്യേകം വിധി വായിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 റിവ്യൂ ഹര്‍ജികളിലാണ്‌ കോടതി തീരുമാനമെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക