Image

ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കപ്പെട്ട ആതിഷ് തസീറിന് പിന്തുണയുമായി പ്രമുഖര്‍

Published on 15 November, 2019
ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കപ്പെട്ട ആതിഷ് തസീറിന് പിന്തുണയുമായി പ്രമുഖര്‍
ന്യൂഡല്‍ഹി: മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന് പിന്തുണയുമായി പ്രമുഖര്‍. മോദി സര്‍ക്കാര്‍ ഒ.സി.ഐ.
കാര്‍ഡ് ആതിഷ് തസീറിന് തിരികെ നല്‍കണമെന്ന് പെന്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച കത്തിലൂടെ എഴുത്തുകാര്‍ ആവശ്യപ്പെട്ടു.

സ്വതന്ത്രചര്‍ച്ചയുടെ പേരില്‍ വിദേശികളും ഇന്ത്യന്‍ വംശജരും ആയ എഴുത്തുകാര്‍ക്കു പ്രവേശനം നിഷേധിക്കുന്നത് അവസാനിപ്പിക്കണം. സ്വതന്ത്രവും വിശാലവുമായ ചര്‍ച്ചകളെയും വൈവിധ്യങ്ങളായ കാഴ്ചപ്പാടുകളെയും ബഹുമാനിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മുഖമാണ് ഇത്തരം നടപടികളിലൂടെ നഷ്ടപ്പെടുന്നത്. ശക്തവും സമ്പന്നവുമായ ജനാധിപത്യം ശിഥിലമാക്കപ്പെടുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഓര്‍ഹാന്‍ പാമുക്, മാര്‍ഗരറ്റ് അത് വുഡ്, സല്‍മാന്‍ റുഷ്ദി എന്നിവരെ കൂടാതെ ചിന്മമദ അതിച്ചി, ക്രിസ്ത്യന്‍ അമന്‍പൗര്‍, മൈക്കല്‍ കാബോണ്‍, ഡോണ്‍ ജെലിലോ, ജോണ്‍ കൊയ്റ്റ്‌സി, അനിത ദേശായി, ലൂയിസ് എര്‍ഡ്രിച്ച്, മിയ ഫാരോ, ഫിലിപ്പ് ഗൗരോവിച്ച്, ജുംബ ലാഹിരി, സുകേതു മെഹ്ത, പെരുമാള്‍ മുരുകന്‍, എദ്‌ന ഒബ്രിയാന്‍, മനില്‍ സൂരി അടക്കമുള്ളവരാണ് കത്തില്‍ ഒപ്പിട്ടവര്‍.

പ്രധാനമന്ത്രിയെ വിഭജനത്തിന്റെ അധിപനെന്ന് പരാമര്‍ശിച്ചു കൊണ്ട് ടൈംസ് മാഗസിനില്‍ കവര്‍ സ്‌റ്റോറി എഴുതിയതിന് പിന്നാലെയാണ് ആതിഷ് തസീറിന്റെ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. ഭയത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ശില്‍പിയാണ് പ്രധാനമന്ത്രി മോദിയെന്ന് ആതിഷ് തസീര്‍ കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

ആതിഷ് തസീറിന്റെ മാതാവ് തവ്‌ലീന്‍ സിങ് പ്രമുഖ ഇന്ത്യ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമാണ്. പിതാവ് സല്‍മാന്‍ തസീര്‍ പാകിസ്താനി എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക