Image

ഫാത്തിമയുടെ ദുരന്തം: വച്ചുവാഴിക്കരുത് ഈ അധ്യാപക ഘാതകരെ (ശ്രീനി)

Published on 15 November, 2019
 ഫാത്തിമയുടെ ദുരന്തം: വച്ചുവാഴിക്കരുത് ഈ അധ്യാപക ഘാതകരെ (ശ്രീനി)
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനിയും മലയാളിയുമായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി അധ്യാപകരാണെന്ന ആരോപണം വളരെ ഗുരുതരമാണ്. ഫാത്തിമയുടെ മാതാപിതാക്കളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിന് തെളിവായി അവര്‍ ഫാത്തിമയുടെ മൊബൈല്‍ സന്ദേശം വെളിപ്പെടുത്തിയിട്ടുണ്ട്. ''എന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭനാണ്...'' എന്ന മൊബൈല്‍ സന്ദേശം ഫാത്തിമയുടെ ഫോണില്‍നിന്ന് ലഭിച്ചതായി പിതാവ് അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്രാസ് ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയെ നവംബര്‍ ഒന്‍പതാം തായതിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട നടപടിക്രമത്തിനായി ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. 'Sudarsan Padmanabhan is the cause of my death. pls check my samsung note'എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സുദര്‍ശന്‍ പത്മനാഭന് പുറമെ ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ പേരുകളും സന്ദേശത്തിലുണ്ട്. ഫാത്തിമ ജീവനൊടുക്കിയതിന് പിന്നാലെ സുദര്‍ശന്‍ പത്മാഭന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടകരുകയാണ്. അധ്യാപകര്‍ ഉള്‍പ്പെടെ 13 പേരെ പോലീസ് ചോദ്യം ചെയ്തു. അതേസമയം, അധ്യാപകര്‍ക്കെതിരെ സഹപാഠികളും വിദ്യാര്‍ഥികളാരും മൊഴി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നു. ഇരുപതില്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. എന്നാല്‍ തനിക്ക് 18 മാര്‍ക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീല്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ പുനപരിശോധനയില്‍ 18 മാര്‍ക്ക് ഉണ്ടെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍, ഫാത്തിമയോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടുണ്ടാകാമെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് ഇമെയില്‍ വഴിയും പരാതി നല്‍കിയിട്ടുണ്ട്. ഫാത്തിമയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഫാത്തിമയുടെ മരണം സംബന്ധിച്ച് ഏറെ ദുരൂഹതകളുള്ളതായി ഇവരുടെ അടുത്ത കുടുംബ സുഹൃത്ത് കൂടിയായ മേയര്‍ വി രാജേന്ദ്രബാബു പറയുന്നു. മരണവിവരം അറിഞ്ഞ് ചെന്നൈയില്‍ എത്തിയപ്പോള്‍ അധ്യാപകരോ സഹപാഠിങ്ങളോ തങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. വിവരം ആരാഞ്ഞപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് സഹപാഠികള്‍ നല്‍കിയത്. കേസ് അന്വേഷണം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തുനിന്ന് നിസംഗമായ സമീപനമാണ് ഉണ്ടായതെന്നും മേയര്‍ പറഞ്ഞു.

കേസ് ആദ്യം അന്വേഷിച്ച പോലീസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് പുതിയ സംഘത്തെ ചുമതലപ്പെടുത്തി. തമിഴ്‌നാട് സെന്ററല്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്തിലുള്ള ടീമിനാണ് അന്വേഷണ ചുമതല. ഫാത്തിമയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയേയും കണ്ടതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും നിലവിലെ ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്നും ഈശ്വരമൂര്‍ത്തി വ്യക്തമാക്കി. ഫാത്തിമ ലത്തീഫിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലെ കാവിവത്ക്കരണം അവസാനിപ്പിക്കേണ്ട സമയമായെന്ന സ്റ്റാലിന്റെ ആക്ഷേപവും ശ്രദ്ധേയമാണ്.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ സമരത്തിലേയ്ക്കിറങ്ങുകയാണ്. മരണം നടന്ന് ഒരാഴ്ചയായിട്ടും ആഭ്യന്തര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാതെ ആരോപണ വിധേയരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നത്. സംഭവം വന്‍വി വാദമായിട്ടും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടും കൃത്യമായി പ്രതികരിക്കാന്‍ ഐ.ഐ.ടി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കാമ്പസില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ രൂപീകരിക്കുന്ന ആഭ്യന്തര അന്വേഷണ കമ്മിറ്റി പോലും ഇതുവരെ നിലവില്‍ വന്നിട്ടില്ല. മുസ്ലീമായ ഫാത്തിമ കാമ്പസില്‍ അധ്യാപകരുടെ ജാതീയമായ കടുത്ത മാനസിക പീഡനവും അവഹേളനവും അനുഭവിച്ചുവെന്നാണ് മനസിലാക്കുന്നത്.

ഫാത്തിമയുടെ ദുരന്തം ഒറ്റപ്പെട്ടതല്ല. കലാലയങ്ങളില്‍ അധ്യാപകരുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനം നൊന്ത് സഹികെട്ട് ഒട്ടേറെ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ജീവിതം അവസാനിപ്പിച്ച സംഭവങ്ങള്‍ നാം വേദനയോടെ അറിഞ്ഞിട്ടുണ്ട്. അധ്യാപകന്‍ എന്ന വാക്കിന്റെ മൂല്യമറിയാത്ത, അധ്യാപനം എന്ന കര്‍മത്തിന്റെ മഹത്വമറിയാത്ത സ്വാര്‍ത്ഥരും ധനമോഹികളും സാഡിസ്റ്റുകളുമായ നരഭോജികളാണ് ഭാവിയുടെ വിലപ്പെട്ട വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളുടെ ജീവനുകള്‍ ഇങ്ങനെ തല്ലിക്കൊഴിക്കുന്നത്.

നിങ്ങള്‍ക്കറിയില്ല അരുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും കണ്ണീരിന്റെ വില. ജീവിതകാലം മുഴുവല്‍ അവരെ തീരാ വ്യസനത്തിന്റെ ഇരുളിലേയ്ക്ക് തള്ളിവിടുന്ന ഹേ...കാപാലികരേ...നിങ്ങളെയൊടുങ്ങേണ്ടത് അക്ഷരാര്‍ത്ഥത്തില്‍ തുറുങ്കിലല്ല, തൂക്കുകയറിലാണ്. ആരാവണം ഒരധ്യാപകന്‍ എന്നറിയില്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഇതു വായിച്ചെങ്കിലും നിങ്ങള്‍ തലമുറകളെ മിച്ചൂടും മുടിക്കാതിരിക്കുക, നിങ്ങള്‍ നന്നായില്ലെങ്കിലും...

അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക വിദ്യാഭ്യാസത്തിന്റെ കരുതലാണ്, കാതലാണ്. ആധുനിക വിദ്യാഭ്യാസം ഒരു സാമൂഹിക പ്രവര്‍ത്തനമാമെന്നറിയുക. നിരവധി കുട്ടികളുള്ള ക്ലാസ് എന്ന സമൂഹത്തിന്റെ നേതാക്കളാണ് അധ്യാപകര്‍. ക്ലാസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത അധ്യാപകരുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നു. സ്വേച്ഛാധിപതി, ജനായത്ത വിശ്വാസി, ഉദാസീനന്‍ എന്നിങ്ങനെ അധ്യാപകര്‍ മൂന്നു വിധത്തിലാണ്. ഇവരില്‍ ജനായത്ത രീതികള്‍ അവലംബിച്ച് അധ്യാപനം നടത്തുന്നവരുടെ ക്ലാസിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാവുക. അതിനാല്‍ കുട്ടികളെ സ്‌നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകളില്‍ അനുഭാവം ഉള്‍ക്കൊണ്ടും അധ്യാപനം നടത്തുവാനുള്ള കഴിവ് അധ്യാപകന്റെ യോഗ്യതയാണ്.

അധ്യാപകരുടെ കര്‍ത്തവ്യങ്ങള്‍ പലതാണ്. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.

അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകര്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണ മനോഭാവം, കര്‍ത്തവ്യ ബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നില സ്വീകരിക്കല്‍ എന്നിവയില്‍ നിപുണരായ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. അതാതു കാലഘട്ടത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ട് അധ്യാപകര്‍ ജനക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ട കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണ മനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അധ്യാപകര്‍ക്ക് ഉണ്ടായിരിക്കണം.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും പൗരന്മാരെ സ്വാശ്രയ ശീലമുള്ളവരാക്കുകയുമാണ് ആധുനിക ഭരണ സംവിധാനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ട അറിവും വൈദഗ്ദ്ധ്യവും ജനലക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവരായിരിക്കണം അധ്യാപകര്‍. ജനാധിപത്യ  സംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും അധ്യാപകര്‍ക്ക് ഉണ്ടായിരിക്കണം. ലോകജനതയോടും അവരുടെ സംസ്‌കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവര്‍ത്തിച്ച് ഏകലോക ചിന്താഗതി വളര്‍ത്തിയെടുക്കാനും അധ്യാപകര്‍ സദാസന്നദ്ധരായിരിക്കണം.

ഈ തത്വങ്ങളൊക്കെ കടലാസില്‍ നിര്‍ജീവമായി അവശേഷിക്കുന്നതുകൊണ്ടാണ് നാട്ടില്‍ അധ്യാപനം ജീര്‍ണിക്കുന്നത്, ഫാത്തിമാ ലത്തീഫുമാര്‍ പിറക്കുന്നത്. കടുത്ത ജീവിതാസക്തിയില്‍ പല അധ്യാപകരും തങ്ങളുടെ കടമകള്‍ മറന്ന് മാഫിയാ തലവന്‍മാരേക്കാള്‍ നികൃഷ്ടരാവുന്നു...സുഖഭോഗികളാവുന്നു...മനുഷ്യരല്ലാതായിത്തീരുന്നു. അവര്‍ അധ്യാപക സമൂഹത്തിന് എന്നെന്നേയ്ക്കും അപമാനമാകുന്നു. അധ്യാപനം ഒരു തൊഴിലല്ല, അതൊരു സാമൂഹിക പരിഷ്‌കരണ സേവനമാണ് എന്ന് വിശ്വസിക്കുന്ന ചില വെള്ളിരേഖകള്‍ മാത്രമാണ് നമുക്കാശ്വാസം. അത്തരം അധ്യാപകര്‍ അന്യംനിന്നും പോകുന്നു എന്നതാണ് നമ്മുടെ തീരാസങ്കടവും.

 ഫാത്തിമയുടെ ദുരന്തം: വച്ചുവാഴിക്കരുത് ഈ അധ്യാപക ഘാതകരെ (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക