Image

മാവോയിസ്റ്റ് നുഴഞ്ഞുകയറ്റം ജാഗ്രത വേണമെന്ന് സിപിഎം

Published on 14 November, 2019
മാവോയിസ്റ്റ് നുഴഞ്ഞുകയറ്റം ജാഗ്രത വേണമെന്ന് സിപിഎം
കോഴിക്കോട്: പാര്‍ട്ടിയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറുന്നതു സൂക്ഷിക്കണമെന്നു പ്രവര്‍ത്തകരോടു സിപിഎം.  ജില്ലയില്‍ ലോക്കല്‍ തലങ്ങളില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക പ്രവര്‍ത്തകയോഗങ്ങളിലാണ് നിര്‍ദേശം. യുഎപിഎ ചുമത്തി അറസ്റ്റിലായ പാര്‍ട്ടി അംഗങ്ങളായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലും ഈ യോഗങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.

അലന്റെയും താഹയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും അടിയന്തര പ്രവര്‍ത്തകയോഗങ്ങള്‍ ചേരുന്നത്. മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും പങ്കെടുക്കുന്ന യോഗങ്ങളില്‍ ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളാണു വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  അലനെയും താഹയെയും പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി പരസ്യപ്പെടുത്തും.

അലന്റെയും താഹയുടെയും രാഷ്ട്രീയ വ്യതിയാനം മനസിലാക്കാനാവാതെ പോയതു സ്വയം വിമര്‍ശനമായി കരുതണം. പാര്‍ട്ടി ഘടകങ്ങളിലോ വര്‍ഗ ബഹുജന സംഘടനകളിലോ ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു പരിശോധിക്കണം. പാര്‍ട്ടി അംഗത്വം നല്‍കുമ്പോഴുള്ള സൂക്ഷ്മപരിശോധന ഇപ്പോഴില്ലാത്തതു പ്രശ്‌നമാണ്. നേരത്തേ പാര്‍ട്ടി അംഗത്വം ലഭിക്കാനുള്ള കാലതാമസവും ഇപ്പോഴില്ല. പലയിടത്തും ‘മാസ് മെംബര്‍ഷിപ്’  നല്‍കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ആറിനു പേരാമ്പ്രയിലെ സിഐടിയു സമ്മേളന വേദിയില്‍ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് അലനും താഹയ്ക്കുമെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനിച്ചത്. ജില്ലയിലെ എല്ലാ ഏരിയ കമ്മിറ്റികളും വിളിച്ചുചേര്‍ത്തു പാര്‍ട്ടി നിലപാടു റിപ്പോര്‍ട്ട് ചെയ്തു. ഇതിനു ശേഷമാണു ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തക യോഗങ്ങള്‍ ചേരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക